കണ്ണൂര്‍: കോവിഡ് കാലത്ത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വീട്ടില്‍ ശത്രുസംഹാര പൂജ നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയാണ് ഈ ആരോപണം ആദ്യം ഉന്നയിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇത് ആവര്‍ത്തിച്ചു. രമേശ് ചെന്നിത്തല ഈശ്വര വിശ്വാസിയാണെന്നും ഹൈന്ദവരെല്ലാം ആര്.എസ്.എസ് ആണെങ്കില്‍ കോടിയേരിയുടെ കുടുംബമാണ് ഏറ്റവും വലിയ ആര്.എസ്.എസ് എന്നും ചാമക്കാല ഫേസ്ബുക്കില്‍ കുറിച്ചു.
മരണാനന്തര ചടങ്ങുകള്‍ പോലും മാറ്റിവെച്ച കോവിഡ് കാലത്ത് ശബരിമല മുന്‍ മേല്‍ശാന്തിയെ വിളിച്ചുവരുത്തി പൂജ നടത്തിയ ആളാണ് വൈരുദ്ധ്യാത്മക ഭൗതികവാദം പ്രസംഗിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. പ്രാര്‍ത്ഥനകളിലും വിശ്വാസത്തിലുമൊന്നും തെറ്റില്ല. എന്നാല്‍ കോടിയേരിയും കുടുംബവും ഭക്തരും ചെന്നിത്തല ആര്.എസ്.എസ്സുമാകുന്നത് എവിടുത്തെ ന്യായമാണെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ അഷ്ടമിരോഹിണി ദിനത്തില്‍ കടകംപള്ളി സുരേന്ദ്രന് ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി പുഷ്പാഞ്ജലി കഴിപ്പിച്ചത് സി.പി.എമ്മില്‍ വന്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. അന്ന് മന്ത്രി ആദ്യം കുടുംബാംഗങ്ങളുടെ പേരില്‍ പുഷ്പാഞ്ജലി നടത്തുകയും പിന്നീട് കാണിക്കയിട്ട് സോപാനം തൊഴുകയും ചെയ്തിരുന്നു.
ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പോലും ലംഘിച്ചുകൊണ്ടാണ് കോടിയേരി സ്വന്തം വീട്ടില്‍ ശത്രുസംഹാര പൂജ നടത്തിയതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. പണ്ട് പൂമൂടല്‍ നടത്തിയ ആളാണ് കോടിയേരിയെന്നും ശത്രുസംഹാര പൂജയില്‍ പിണറായി പേടിച്ചാല്‍ മതിയെന്നും ചെന്നിത്തല പരിഹസിച്ചു. ആരോപണം സംബന്ധിച്ച് സി.പി.എമ്മിലും വിവാദം പുകയുകയാണ്. വാര്‍ത്ത പുറത്തെത്തിച്ചത് പാര്ട്ടിക്കാര് തന്നെയാണെന്നാണ് ഒരുവിഭാഗം വാദിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കോടിയേരിക്കു വേണ്ടി കാടാമ്പുഴ ക്ഷേത്രത്തില്‍ പൂമൂടല്‍ നടന്നത് വിവാദമായിരുന്നു.
കോടിയേരിയുടെ തലശ്ശേരിയിലെ പപ്പന്പീടികയിലെ മൊട്ടമ്മേല്‍ വീട്ടിലാണ് ശത്രുദോഷ പരിഹാര പൂജ നടന്നത്. കഴിഞ്ഞ ഡിസംബറിലും തുടര്‍ച്ചയായി ദിവസങ്ങളില്‍ ഇവിടെ പൂജ നടന്നിരുന്നുവത്രെ. തൃശൂര്‍ കൊടകരയിലെ പ്രമുഖ തന്ത്രികുടുംബത്തിലെ പൂജാരികളുടെ മേല്‍നോട്ടത്തില്‍ കൈമുക്ക് ശ്രീധരന് നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തിലാണ് പൂജാദി കര്‍മ്മങ്ങള്‍ നടന്നത്. സുദര്‍ശന ഹോമം, ആവാഹന പൂജകള്‍ തുടങ്ങിയവയാണ് നടത്തിയത്. എട്ടോളം തന്ത്രിപ്രമുഖര്‍ പൂജകളില്‍ പങ്കെടുത്തെന്നാണ് സൂചന. തൊട്ടടുത്ത വീട്ടുകാരെ താല്‍ക്കാലികമായി ഒഴിപ്പിച്ച് വൈദികര്‍ക്ക് താമസ സൗകര്യമൊരുക്കിയിരുന്നു. കഴിഞ്ഞ വര്‍ഷവും കോടിയേരിയുടെ തറവാട്ടില്‍ കുടുംബാംഗങ്ങള്‍ ദോഷങ്ങള്‍ക്ക് പരിഹാരമായി പൂജകള്‍ നടത്തിയത് വാര്‍ത്തയായിരുന്നു. പൂജയില്‍ പങ്കെടുക്കാന്‍ കോടിയേരി ബാലകൃഷ്ണന് വീട്ടിലെത്തിയിരുന്നുവത്രെ.