‘അറബി എന്തിന് കേരളത്തിലെത്തി ബുദ്ധിമുട്ടുന്നു’, പണമിടപാട് വിവാദത്തില്‍ കോടിയേരി ബാലകൃഷ്ണന്‍

തൃശൂര്‍: ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന കോടികളുടെ പണമിടപാട് വിവാദത്തില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

പണമിടപാട് വിവാദത്തില്‍ നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് കോടിയേരിയുടെ വാദം. ആരോപണവിധേയനായ ബിനോയ് കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. പറയപ്പെടുന്ന കാര്യങ്ങള്‍ ദുബൈയിലാണ് നടന്നിരിക്കുന്നത്. അതിനാല്‍ അത് അവിടെയാണ് തീര്‍ക്കേണ്ടതെന്നും കോടിയേരി പറഞ്ഞു.

പണമിടപാട് കേസ് ഒത്തുതീര്‍പ്പായില്ലെങ്കില്‍ കേരളത്തിലെത്തി വാര്‍ത്താസമ്മേളനം നടത്താന്‍ ദുബൈ കമ്പനി ഉടമ അല്‍ മര്‍സൂഖി ഒരുങ്ങുന്നതായ വാര്‍ത്തക്കെതിരെയും കോടിയേരി പ്രതികരിച്ചു. അറബി എന്തിന് കേരളത്തിലെത്തി ബുദ്ധിമുട്ടുന്നുവെന്നായിരുന്നു കോടിയേരിയുടെ മറുപടി.

അറബി എന്തും പറഞ്ഞോട്ടെ. തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമപ്രവര്‍ത്തകര്‍ തന്നെ കാര്യങ്ങള്‍ വിശദീകരിക്കട്ടെയെന്നും കോടിയേരി പറഞ്ഞു.
വ്യക്തിപരമായ കാര്യങ്ങള്‍ക്ക് വിശദീകരണം നല്‍കാന്‍ പാര്‍ട്ടി വേദി ഉപയോഗിക്കില്ലെന്നും കോടിയേരി പറഞ്ഞു.