മകന്റെ തട്ടിപ്പ്: കൊടിയേരി പ്രതിരോധത്തില്‍; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തുന്നു

തിരുവനന്തപുരം: മകന്‍ ബിനോയ്‌ക്കെതിരെ ഉയര്‍ന്നുവന്ന തട്ടിപ്പ് കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ പ്രതിരോധത്തില്‍. ദുബായില്‍ 13 കോടി രൂപ വെട്ടിച്ചുവെന്ന പരാതിയുമായി ദുബായ് കമ്പനിയാണ് രംഗത്തുവന്നിരിക്കുന്നത്.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയും കൊടിയേരിയും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തുകയാണ്. ഏ.കെ.ജി സെന്ററില്‍ അല്‍പ്പസമയം മുമ്പാണ് മുഖ്യമന്ത്രി കൂടിക്കാഴ്ച്ചക്കെത്തിയത്. കൊടിയേരിയും എത്തിയ സാഹചര്യത്തില്‍ കൂടിക്കാഴ്ച്ചക്ക് ശേഷം കൊടിയേരി പ്രതികരിക്കുമെന്നാണ് വിവരം. സംഭവം പരിശോധിക്കുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. ആരോപണത്തെക്കുറിച്ച് പാര്‍ട്ടി നേതൃത്വത്തോട് ചോദിക്കണമെന്ന് മന്ത്രി എം.എം മണി പറഞ്ഞു. അതേസമയം വിഷയത്തില്‍ പരാതിയൊന്നും ലഭിച്ചില്ലെന്ന് സി.പി.എം കേന്ദ്ര നേതൃത്വം പ്രതികരിച്ചു. വിഷയത്തില്‍ അന്വേഷണമില്ലെന്നാണ് സി.പി.എമ്മിന്റെ പ്രതികരണം. സംഭവത്തില്‍ മുഖ്യമന്ത്രിയോ പാര്‍ട്ടി നേതൃത്വമോ വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആരോപണം ഗൗരവമുള്ളതാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. ആരോപണം ഗൗരവതരമാണെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ പറഞ്ഞു. ഈ തട്ടിപ്പുകേസ്സ് സംബന്ധിച്ച വിവരങ്ങള്‍ പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയടക്കം എല്ലാവര്‍ക്കും ബോധ്യമുള്ളതാണ്. പാര്‍ട്ടി തലത്തിലും സര്‍ക്കാര്‍ തലത്തിലും അടിയന്തിര നടപടി ഇക്കാര്യത്തില്‍ ആവശ്യമുണ്ട്. കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും മൗനം വെടിയണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

നിയമനടപടിക്ക് മുന്നോടിയായി പാര്‍ട്ടി തലത്തില്‍ പ്രശ്‌നം പരിഹരിക്കാന്‍ കമ്പനി ശ്രമം തുടങ്ങിയിട്ടുണ്ട്. കമ്പനിയുടെ പേരില്‍ ബാങ്ക് വായ്പയെടുത്ത് മുങ്ങിയെന്നാണ് പരാതി. ഒരു ഔഡി കാര്‍ വാങ്ങുന്നതിന് 3,13,200 ദിര്‍ഹവും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങള്‍ക്ക് 45 ലക്ഷം ദിര്‍ഹവും കമ്പനിയുടെ അക്കൗണ്ടില്‍നിന്നു വാങ്ങിയ ശേഷം കോടിയേരിയുടെ മകന്‍ മുങ്ങിയെന്നാണ് കമ്പനി ആരോപിക്കുന്നത്. 2016 ജൂണ്‍ ഒന്നിനു മുന്‍പ് പണം തിരിച്ചുനല്‍കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ കാര്‍ വായ്പയുടെ തിരിച്ചടവ് ഇടയ്ക്കുവച്ചു നിര്‍ത്തി. അടയ്ക്കാന്‍ ബാക്കിയുണ്ടായിരുന്ന 2,09,704 ദിര്‍ഹവും ബാങ്ക് പലിശയും കോടതിച്ചെലവും ചേര്‍ത്താണ് മൊത്തം 13 കോടി രൂപയുടെ കണക്ക്. ഇതുമായി ബന്ധപ്പെട്ട് കൊടിയേരിയുമായി ചിലര്‍ ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും കാര്യങ്ങള്‍ രമ്യതയിലെത്തിയിരുന്നില്ല. തുടര്‍ന്നാണ് കമ്പനി നിയമനടപടികളിലേക്ക് പോകുന്നത്. അതേസമയം, ബിനോയിക്കെതിരെ അഞ്ചു ക്രിമിനല്‍ കേസുകള്‍കൂടി ദുബായിലുണ്ടെന്നും കമ്പനി ആരോപിക്കുന്നു.