ശുഹൈബ് വധം: പാര്‍ട്ടി അംഗങ്ങള്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് കൊടിയേരി

കണ്ണൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. സംഭവത്തില്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് കൊടിയേരി പറഞ്ഞു.

കൊലപാതകത്തില്‍ പാര്‍ട്ടി അപലപിക്കുന്നു. നടക്കാന്‍ പാടില്ലാത്തതാണ്. പാര്‍ട്ടി അംഗങ്ങള്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടി സ്വീകരിക്കും. അന്വേഷണം നടത്തി യഥാര്‍ത്ഥ പ്രതികളെ പൊലീസ് കണ്ടെത്തട്ടെയെന്നും കൊടിയേരി പറഞ്ഞു.

അതേസമയം, സി.പി.എം ഡമ്മിപ്രതികളെ ഇറക്കിയതാണെന്നാണ് ഉയര്‍ന്നുവരുന്ന ആരോപണം. കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ നാളെ രാവിലെ കളക്ട്രേറ്റ് പടിക്കല്‍ അനിശ്ചിതകാല നിരാഹാരം തുടരാനിരിക്കുന്ന സാഹചര്യത്തിലാണ് ഡമ്മിപ്രതികളുടെ കീഴടങ്ങലെന്നാണ് ആക്ഷേപം. രണ്ടുപേര്‍ കീഴടങ്ങിയതുള്‍പ്പെടെ എട്ടുപേര്‍ കൊലപാതകവുമായി പൊലീസ് കസ്റ്റഡിയിലുണ്ട്.