കോടിയേരി അഴിയാക്കുരിക്കിലേക്ക്

 

തിരുവനന്തപുരം: മകനെതിരായ ആരോപണങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൂടുതല്‍ കുരുക്കിലേക്ക്. ദുബായില്‍ ബിനോയ് കോടിയേരിക്കെതിരെ കേസില്ലെന്നും യാത്ര ചെയ്യാന്‍ വിലക്കില്ലെന്നും ആവര്‍ത്തിച്ചു പറഞ്ഞ കോടിയേരി ബാലകൃഷ്ണന് ബിനോയിയുടെ ഇന്ത്യയിലേക്ക് മടക്കം മുടങ്ങിയത് വന്‍ തിരിച്ചടിയായി. വാര്‍ത്താസമ്മേളനം നടത്താനും കേരളത്തിലെത്തി മുഖ്യമന്ത്രിയെ നേരില്‍കാണാനും ശ്രമം നടത്തിയ ജാസ് കമ്പനി ഉടമ ഇസ്മായില്‍ അബ്ദുല്ല അല്‍ മര്‍സൂഖിയെ കോടിയേരി ബാലകൃഷ്ണന്‍ പരിഹസിച്ചിരുന്നു. അറബി ഇവിടെ വന്നു ബുദ്ധിമുട്ടേണ്ടെന്നും മകന്‍ ദുബായില്‍ത്തന്നെ ഉണ്ടെന്നുമാണ് കോടിയേരി കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിനു പിന്നാലെയാണ് യാത്രാവിലക്കുണ്ടായത്.
സി.പി.എമ്മിന്റെ കേന്ദ്രനേതൃത്വം ഇക്കാര്യത്തില്‍ കര്‍ക്കശ നിലപാട് സ്വീകരിക്കുകയും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുതിര്‍ന്ന പി.ബി അംഗം എസ്. രാമചന്ദ്രന്‍ പിള്ളയും വിവാദത്തില്‍ പാര്‍ട്ടിക്ക് ഇടപെടാനാവില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഈസാഹചര്യത്തില്‍ കേസ് ഒതുക്കിത്തീര്‍ക്കാന്‍ കോടിയേരിക്ക് ഏറെ ബുദ്ധിമുട്ടേണ്ടിവരും.
അതേസമയം ബിനോയ് കോടിയേരിക്ക് മുന്നിലുള്ളത് രണ്ട് മാര്‍ഗങ്ങള്‍ മാത്രമാണ്. ജാസ് ടൂറിസം കമ്പനി ആവശ്യപ്പെടുന്നത് പ്രകാരം 10 ലക്ഷം ദര്‍ഹം കമ്പനി ഉടമ ഇസ്മായില്‍ അബ്ദുല്ല അല്‍ മര്‍സൂഖിക്ക് നല്‍കി യാത്രാ വിലക്ക് നീക്കുക, അല്ലാത്തപക്ഷം സമാനമായ തുകയ്ക്കുള്ള ബാങ്ക് ഗ്യാരണ്ടി നല്‍കുക എന്നിവയാണിത്. ഇതില്‍ ഏതെങ്കിലുമൊരു വഴി തെരഞ്ഞെടുക്കാനായില്ലെങ്കില്‍ ദുബായില്‍ ബിനോയിക്ക് നിയമനടപടി നേരിടേണ്ടിവരും.
ഇന്ത്യയിലേക്ക് മടങ്ങാനാകാത്ത സാഹചര്യത്തില്‍ ബിനോയി അപ്പീല്‍ നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അപ്പീല്‍ സ്വീകരിച്ചാല്‍ യാത്രാവിലക്കുമായി ബന്ധപ്പെട്ട് എന്താണ് ഭാവി നടപടിയെന്ന് കോടതി തീരുമാനിക്കും. ദുബായില്‍ നിന്ന് ഇന്ത്യയിലേക്കോ മറ്റേതെങ്കിലും രാജ്യത്തേക്കോ പോകുന്നതിനാണ് തടസം.

SHARE