ആക്ടിവിസ്റ്റുകള്‍ക്കും പ്രവേശിക്കാം; കടകംപിള്ളിയെ തള്ളി കോടിയേരി

തിരുവനന്തപുരം: ആക്ടിവിസ്റ്റുകള്‍ക്ക് ശബരിമല ദര്‍ശനം നടത്താനാകില്ല എന്ന് പാര്‍ട്ടിക്ക് അഭിപ്രായമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്ത്രീകളെ ഇങ്ങനെ വേര്‍തിരിക്കേണ്ടതില്ല അവര്‍ അക്റ്റിവിസ്റ്റായാലും അല്ലെങ്കിലും പോലീസ് സ്ത്രീകളെ സന്നിധാനത്തിലെത്തിക്കണമെന്ന് കോടിയേരി പറഞ്ഞു.

ആക്ടിവിസ്റ്റുകള്‍ക്ക് പോകാനുള്ള ഇടമല്ല ശബരിമലയെന്ന് രാവിലെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഇതു സൂചിപ്പിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പാര്‍ട്ടി സെക്രട്ടറി.

ആക്റ്റിവിസ്റ്റാണെന്നതിനാല്‍ ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ പൊലീസിനെ തിരിച്ചുവിളിച്ചല്ലോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അതെല്ലാം ദേവസ്വം മന്ത്രി പിന്നീട് മാറ്റി പറഞ്ഞിട്ടുണ്ടെന്നും പോലീസ് നടപടി ശരിയാണന്ന് പിന്നീട് പറഞ്ഞിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. ആക്റ്റിവിസ്റ്റുകള്‍ക്ക് പ്രശ്നം ഉണ്ടാക്കാനുള്ള സ്ഥലം അല്ല ശബരിമല എന്ന് ദേവസ്വം മന്ത്രി പറഞ്ഞിട്ടുണ്ടല്ലോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് പാര്‍ട്ടി നിലപാട് പറഞ്ഞു. ആക്റ്റിവിസ്റ്റുകളെന്ന നിലയില്‍ തടയാന്‍ പാടില്ലെന്നാണ് സി പി ഐ എം നിലപാട്. ഇനി എങ്ങനെ ചോദിച്ചാലും ഇതു തന്നെയായിരിക്കും ഉത്തരമെന്നും കോടിയേരി പറഞ്ഞു.

ഐ.ജി സ്ത്രീകളെ അവിടെ വരെ സംരക്ഷണം കൊടുത്ത് എത്തിച്ചു. തന്ത്രിമാര്‍ നട അടക്കുമെന്ന് പറഞ്ഞു. തന്ത്രിമാര്‍ എടുക്കുന്ന തീരുമാനത്തെ കുറിച്ച് പാര്‍ട്ടി അഭിപ്രായം പറയില്ല എന്നും കോടിയേരി പറഞ്ഞു.