സംഘ്പരിവാര്‍ കൊലപ്പെടുത്തിയ കൊടിഞ്ഞി ഫൈസലിന്റെ കുടുംബവും ഇസ്ലാം മതം സ്വീകരിച്ചു

മലപ്പുറം: ഫൈസലിന്റെ അമ്മ മീനാക്ഷിക്ക് ശേഷം ഫൈസലിന്റെ കുടുംബവും ഇസ്ലാം മതം സ്വീകരിച്ചു. ഇസ്ലാമിലേക്ക് മതം മാറിയതിന് സംഘ്പരിവാര്‍ കൊലപ്പെടുത്തിയ കൊടിഞ്ഞ ഫൈസലിന്റെ കുടുംബം ഇസ്ലാം മതം സ്വീകരിച്ചു. ഫൈസലിന്റെ കുടുംബത്തിലെ എട്ട് അംഗങ്ങളാണ് ഇസ്ലാം സ്വീകരിച്ചത്. ഫൈസലിന്റെ രണ്ട് സഹോദരിമാരും
മൂത്ത സഹോദരിയുടെ ഭര്‍ത്താവും
അഞ്ച് മക്കളും രണ്ടാഴ്ച്ച മുമ്പാണ് മതം മാറിയത്. ഇവര്‍ ഇസ്ലാമിന്റെ പ്രാഥമികപാഠങ്ങള്‍ അഭ്യസിക്കുകയാണിപ്പോള്‍.

ഫൈസലിന്റെ കുടുംബം ഇസ്ലാം മതം സ്വീകരിച്ചത് പൊന്നാനിയിലെ മൗനാത്തുള്‍ ഇസ്ലാം സഭയില്‍ രേഖപ്പെടുത്തി.
കഴിഞ്ഞ വര്‍ഷം നവംബര്‍ 16നാണ് തിരൂരങ്ങാടി കൊടിഞ്ഞിയില്‍ വെച്ച് ഫൈസല്‍ കൊല്ലപ്പെടുന്നത്. പുല്ലാണി കൃഷ്ണന്‍ നായരുടേയും മിനാക്ഷിയുടേയും മകനായ ഫൈസലിനെ ഫറൂഖ് നഗറിലെ വഴിയരികില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. തലയ്ക്കും കഴുത്തിലും ആഴത്തില്‍ മുറിവേറ്റ നിലയിലായിരുന്നു.

മതം മാറുന്നതിന് മുന്‍പ് അനില്‍കുമാറെന്നായിരുന്നു ഫൈസലിന്റെ പേര്. ഗള്‍ഫിലേക്ക് ഞായറാഴ്ച പോകാനിരിക്കേ തന്നെ കാണാനെത്തിയ ഭാര്യ പിതാവിനെ കൂട്ടിക്കൊണ്ടു വരാന്‍ താനൂര്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് പോയ സമയത്തായിരുന്നു കൊലപാതകം നടന്നത്. നേരത്തെ തനിക്ക് തന്റെ ബന്ധുക്കളില്‍ നിന്ന് ഭീഷണിയുള്ളതായി ഫൈസല്‍ പറഞ്ഞിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു്. മരണത്തിന് രണ്ട് ദിവസം മുന്‍പ് ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരില്‍ നിന്ന് തനിക്ക് ഭീഷണിയുള്ളതായി പറഞ്ഞിരുന്നുവെന്ന് ഫൈസലിന്റെ സുഹൃത്ത് പ്രാദേശിക  മാധ്യമങ്ങളോട്
വെളിപ്പെടുത്തിയിരുന്നു.

കേസില്‍ 16 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആര്‍എസ്എസ് തിരൂര്‍ കാര്യവാഹക് മഠത്തില്‍ നാരായണന്‍, ഫൈസലിന്റെ സഹോദരി ഭര്‍ത്താവ്‌
വിനോദ്, വിശ്വഹിന്ദ് പരിഷത്ത് തിരൂരങ്ങാടി താലൂക്ക് സെക്രട്ടറി കോട്ടശ്ശേരി ജയകുമാര്‍ എന്നിവരുള്‍പെടെയുള്ളവരാണ് പൊലീസ് പിടിയിലായത്. കുറ്റം ചുമത്തപ്പെട്ടവരെല്ലാം പിന്നീട് ജാമ്യത്തിലിറങ്ങി.