അറബിക്കടലിന്റെ റാണി ആരെ വരിക്കും

പി.എ. മഹ്ബൂബ്

അറബിക്കടലിന്റെ റാണിയാണ് കൊച്ചി ഉള്‍പ്പെട്ട എറണാകുളം മെട്രോ നഗരം. നൂറ്റാണ്ട് ദര്‍ശിച്ച മഹാപ്രളയത്തിന് ശേഷം മെട്രോനഗരം സാധാരണ ജനജീവിതത്തിലേക്ക് കുതിക്കുകയാണ്. വികസന കുതിപ്പിന്റെ ചൂളംവിളികളാണ് വിശാല കൊച്ചിയില്‍.
കൊച്ചിയെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ പ്രാപ്തനാണ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ഗാന്ധിയുടെ വിശ്വസ്ത ടീമിലെ അംഗമായ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്‍. മുന്‍ രാജ്യാസഭാംഗം ദേശാഭിമാനി ചീഫ് എഡിറ്റര്‍ പി. രാജീവാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. മോദി മന്ത്രിസഭാംഗമായ അല്‍ഫോണ്‍സ് കണ്ണന്താനമാണ് ബി.ജെ.പി സാരഥി. കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എന്‍.എസ്.യുവിന്റെ ദേശീയ പ്രസിഡന്റായി ദില്ലിയില്‍ സംഘടനാ പ്രവര്‍ത്തന രംഗത്ത് തിളങ്ങിയ ശേഷമാണ് എറണാകുളം നിയമസഭാ മണ്ഡലത്തില്‍ രണ്ട് പ്രാവശ്യം ഹൈബി ഈഡന്‍ എം.എല്‍.എ ആയത്. അറബിക്കടലിന്റെ റാണി അതുകൊണ്ട് ആരെ വരവേല്‍ക്കുമെന്ന കാര്യത്തില്‍ സംശയം ലേശവുമില്ല.
പഴയ കൊച്ചി സംസ്ഥാനത്തിന്റെ ആസ്ഥാന നഗരിയായ തൃപ്പൂണിത്തുറയും വ്യവസായ സിരാകേന്ദ്രമായ കളമശ്ശേരിയും തുറമുഖ പട്ടണമായ കൊച്ചിയും ജില്ലാ ആസ്ഥാനമായ തൃക്കാക്കരയും എറണാകുളം മഹാനഗരിയും വൈപ്പിന്‍ ദ്വീപ് സമൂഹങ്ങളും വടക്കന്‍ പറവൂരും അടങ്ങിയ എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തില്‍ രാഷ്ട്രീയ ചരിത്രം ഐക്യജനാധിപത്യമുന്നണിക്കനുകൂലമാണ്.
കേന്ദ്രമന്ത്രിമാരായ എ.എം. തോമസിനെയും കെ.വി തോമസിനെയും ഹെന്‍ട്രി ഓസ്റ്റിനെയും വിജയിപ്പിച്ച മണ്ഡലമാണിത്. 2014ലെ തെരഞ്ഞെടുപ്പില്‍ 87047 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ.വി. തോമസ് എല്‍.ഡി.എഫ് സ്വതന്ത്രനും മുന്‍രാഷ്ട്രപതിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ ക്രിസ്റ്റ് ഫെര്‍ണാണ്ടസിനെ തോല്‍പ്പിച്ചത്.
ഹൈബി ഈഡന്‍ എം.എല്‍.എ ആകും മുമ്പേ ലോക്‌സഭാ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് എറണാകുളത്ത് പത്ത് വര്‍ഷം മുമ്പ് പരിഗണിക്കപ്പെട്ട വിദ്യാര്‍ത്ഥി നേതാവായിരുന്നു. എറണാകുളത്തിന്റെ മാനസപുത്രനായിരുന്ന മുന്‍ എം.എല്‍.എ ജോര്‍ജ്ഈഡന്റെ മകനാണ് ഹൈബി. പഴയ തലമുറക്ക് ജോര്‍ജ് ഈഡനോടുള്ള വാല്‍സല്യം ഇന്നും പ്രകടമാണ്. 1,11,305 വോട്ടിന്റെ റിക്കാര്‍ഡ് ഭൂരിപക്ഷത്തിനാണ് 1999ല്‍ ജോര്‍ജ് ഈഡനെ ഇവിടെ വിജയിപ്പിച്ചത്.
ഏത് സാധാരണക്കാരനും എപ്പോഴും ബന്ധപ്പെടാവുന്ന പൊതുപ്രവര്‍ത്തകനാണ് ഹൈബി ഈഡന്‍. സംശുദ്ധ പൊതുജീവിതത്തിനുടമയായ ഹൈബി പിതാവിന്റെ റിക്കാര്‍ഡ് ഭൂരിപക്ഷം തിരുത്തി ചരിത്രം കുറിക്കുമോ എന്ന് മെയ് 23നറിയാം. സിറ്റിംഗ് എം.പി പ്രൊഫ. കെ.വി. തോമസ് ഇപ്പോള്‍ ഹൈബിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നിറസാന്നിധ്യമാണ്.
എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് യു.ഡി.എഫഫിന് ചുക്കാന്‍ പിടിക്കുന്നത് മുസ്‌ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ഉപനേതാവും കളമശ്ശേരി എം.എല്‍.എയുമായ വി.കെ.ഇബ്രാഹിംകുഞ്ഞാണ്. തുറമുഖ മണ്ഡലമായ പഴയ മട്ടാഞ്ചേരി ഇന്ന് കൊച്ചി മണ്ഡലമാണ്. ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന ഇബ്രാഹിം കുഞ്ഞിന്റെ അടുക്കും ചിട്ടയുമായ പ്രവര്‍ത്തനം ഹൈബിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിക്കുന്നു. ലത്തീന്‍ കത്തോലിക്ക സമുദായത്തിന് സംസ്ഥാനത്ത് പ്രാതിനിധ്യം ലഭിക്കുന്ന മണ്ഡലമാണ് എറണാകുളം. ഇടതുപക്ഷമുന്നണിയും ഈ വിഭാഗത്തില്‍പ്പെട്ട വരെ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് പരിഗണിക്കാറുണ്ടെങ്കിലും ഇക്കുറി ലത്തീന്‍ സമുദായത്തെ അവര്‍ കൈവിട്ടു.
കടുത്ത വിഭാഗീയത സി.പി.എമ്മില്‍ നിലനില്‍ക്കുന്ന മണ്ഡലമാണ് എറണാകുളം. തൃപ്പൂണിത്തുറ ഉദയംപേരൂര്‍ പഞ്ചായത്തില്‍ കൂട്ടത്തോടെയാണ് സഖാക്കള്‍ സി.പി.എമ്മിനോട് സലാം പറഞ്ഞത്. ബി.ജെ.പിയുടെ സാന്നിധ്യം ഇന്ന് പഴയ സി.പി.എമ്മുകാരാണ്. സി.പി.എം സ്ഥാനാര്‍ത്ഥിയായി 1967ല്‍ ഇവിടെ വിജയിച്ച് പാര്‍ലമെന്റിലെത്തിയ മുന്‍ധനകാര്യമന്ത്രി കൂടിയായ വി. വിശ്വനാഥമേനോന്‍ ഉദാഹരണമാണ്. ബി.ജെ.പി പിന്തുണയോടെ മറ്റൊരിക്കല്‍ എറണാകുളത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി സി.പി.എമ്മിനെതിരെ ഇദ്ദേഹം മല്‍സരിച്ച ചരിത്രവും എറണാകുളത്തിനുണ്ട്. സെബാസ്റ്റിയന്‍ പോളും സേവ്യര്‍ അറക്കലും സ്വതന്ത്ര വേഷത്തില്‍ ഇവിടെ ജയിച്ചിട്ടുള്ളത് രാഷ്ട്രീയ വിജയമായിരുന്നില്ല. സി.പി.എം അതത് കാലത്തുയര്‍ത്തിയ ചാരക്കേസും വ്യക്തിഹത്യ പ്രചരണവുമെല്ലാമായിരുന്നു യു.ഡി.എഫിനെ അന്ന് പരാജയപ്പെടുത്തിയത്.
നരേന്ദ്രമോദിക്കെതിരെ ശക്തമായ വെല്ലുവിളി ഉയര്‍ത്തി വിശാലമായ മതേതര ഐക്യനിര കെട്ടിപ്പടുക്കാന്‍ നേതൃത്വം നല്‍കി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ഗാന്ധി വയനാട്ടില്‍ എത്തിയതോടെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ വര്‍ദ്ധിതാവേശത്തിലാണ്. പിണറായി സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ പ്രളയത്തില്‍ തീരാത്ത ദുരിതം അനുഭവിച്ച വോട്ടര്‍മാര്‍ ബഹുഭൂരിപക്ഷമുള്ള മണ്ഡലമാണ് എറണാകുളം. മോദിക്കെന്നപോലെ പിണറായി സര്‍ക്കാരിനെതിരെയുമുള്ള ജനവിധി എറണാകുളത്തെ പ്രബുദ്ധ വോട്ടര്‍മാര്‍ രേഖപ്പെടുത്തും. ഹൈബി ഈഡന്റെ വിജയം ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ അനായാസമാക്കുന്നതാണ്. സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി എന്ന നിലയില്‍ സംഘടനയുടെ സര്‍വ ശക്തിയുമുപയോഗിച്ചുള്ള പ്രചരണമാണ് പി. രാജീവ് നടത്തുന്നത്. ബി.ജെ.പിക്കാര്‍ക്കുപോലും അനഭിമതനായ കേന്ദ്രമന്ത്രിയാണ് മുന്‍ സി.പി.എം സ്വതന്ത്ര എം.എല്‍.എ ആയ കണ്ണന്താനം.
പടിപടിയായി ആധുനിക കൊച്ചിയെ സൃഷ്ടിച്ചത് പ്രധാനമായും കെ. കരുണാകരന്റെ രാഷ്ട്രീയ നേതൃത്വമുള്ള യു.ഡി.എഫാണ്. കൊച്ചി മെട്രോ, അന്താരാഷ്ട്ര വിമാനത്താവളം, ദ്വീപ് വികസനം, തുറമുഖ വികസനം, ഐ.ടി വികസനം… കൊച്ചി ഇന്ന് പഴയ കൊച്ചിയല്ല. അനുദിനം വളരുകയാണ് ഈ അറബിക്കടലിന്റെ റാണി.

SHARE