കൊച്ചിയില്‍ ടിക്കറ്റ് ഇനിയും ബാക്കി

അഷ്‌റഫ് തൈവളപ്പ്
കൊച്ചി: അണ്ടര്‍-17 ലോകകപ്പിന് പത്തു ദിവസം മാത്രം ശേഷിക്കെ കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തിലെ മത്സരങ്ങള്‍ക്കായി മൂന്നാംഘട്ടത്തില്‍ വില്‍പ്പനക്ക് വച്ച ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ഇനിയും ബാക്കി. ഗ്രൂപ്പ് ഡിയിലെ അഞ്ചു യോഗ്യത മത്സങ്ങള്‍, ഗ്രൂപ്പ് സിയിലെ ഒരു യോഗ്യത മത്സരം, ഓരോ വീതം പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ എന്നിവയടക്കം ആകെ എട്ടു മത്സരങ്ങള്‍ക്കാണ് കൊച്ചി വേദിയൊരുക്കുന്നത് ഇതില്‍ ഒക്‌ടോബര്‍ ഏഴിന് നടക്കുന്ന ബ്രസീല്‍-സ്‌പെയിന്‍ ഉദ്ഘാടന മത്സരത്തിന്റെയും രാത്രി നടക്കുന്ന കൊറിയ-നൈജര്‍ മത്സരത്തിന്റെയും ടിക്കറ്റുകള്‍ മാത്രമാണ് മുഴുവനായും വിറ്റു തീര്‍ന്നത്.
60 രൂപ മുതല്‍ 300 രൂപ വരെയുള്ള ടിക്കറ്റുകളാണ് കൊച്ചിയില്‍ മൂന്നാം ഘട്ടത്തില്‍ വില്‍പ്പനക്കുള്ളത്. 25 ശതമാനം ഇളവോടെ ഒക്‌ടോബര്‍ അഞ്ചു വരെയാണ് മൂന്നാംഘട്ട ടിക്കറ്റ് വില്‍പ്പന. ആറു മുതല്‍ മത്സരങ്ങള്‍ തീരുംവരെ നാലാം ഘട്ട ടിക്കറ്റ് വില്‍പ്പനയുണ്ടാവും. ഇളവൊന്നുമുണ്ടാവില്ല. 80 രൂപ മുതല്‍ 400 രൂപ വരെയായിരിക്കും ഈ സമയത്ത് കൊച്ചിയിലെ ടിക്കറ്റുകളുടെ വില. സ്റ്റേഡിയത്തിന് സമീപമുള്ള ബോക്‌സ് ഓഫീസില്‍ നിന്നും ടിക്കറ്റ് ലഭിക്കും. 41, 700 പേര്‍ക്ക് കളി കാണാനുള്ള സൗകര്യമാണ് കൊച്ചി സ്റ്റേഡിയത്തിലുള്ളത്. എല്ലാം ബക്കറ്റ് സീറ്റുകള്‍.
10ന് വൈകിട്ട് അഞ്ചിന് നടക്കുന്ന സ്‌പെയിന്‍-നൈജര്‍, രാത്രി എട്ടിന് നടക്കുന്ന കൊറിയ-ബ്രസീല്‍ മത്സരങ്ങള്‍ക്കുള്ള സ്റ്റേഡിയത്തിന്റെ കിഴക്കുഭാഗത്തെയും തെക്ക് ഭാഗത്തെയും രണ്ടാം നിര സീറ്റുകളെല്ലാം പൂര്‍ണമായും വിറ്റഴിഞ്ഞു. 60 രൂപയാണ് ഈ ടിക്കറ്റുകളുടെ നിരക്ക്. അതേസമയം ഒന്നാം നിരയിലെ 150 രൂപയുടെയും 300 രൂപയുടെയും ടിക്കറ്റുകള്‍ ഇനിയും ബാക്കിയുണ്ട്. 13ന് വൈകിട്ട് നടക്കുന്ന ഗ്വിനിയ-ജര്‍മനി, രാത്രി നടക്കുന്ന സ്‌പെയിന്‍-കൊറിയ മത്സരങ്ങളുടെയും 18ന് രാത്രി എട്ടിന് നടക്കുന്ന പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളുടെ ടിക്കറ്റ് വില്‍പ്പനയും സമാനമായ രീതിയിലാണ്.
മൂന്നു മത്സരങ്ങളുടെയും തെക്ക്, പടിഞ്ഞാറ് ഭാഗത്തുള്ള രണ്ടാം നിര ടിക്കറ്റുകളും (60 രൂപ) ബാക്കിയുണ്ട്. അതേസമയം 22ന് നടക്കുന്ന ക്വാര്‍ട്ടര്‍ മത്സരത്തിന്റെ ടിക്കറ്റുകള്‍ പകുതിയിലധികവും വിറ്റഴിഞ്ഞു. 60 രൂപ ടിക്കറ്റില്‍ സ്റ്റേഡിയത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ സീറ്റുകള്‍ മാത്രമാണ് വിറ്റഴിയാന്‍ ബാക്കിയുള്ളത്. ഒന്നാം നിര ടിക്കറ്റില്‍ കിഴക്ക് ഭാഗത്തെ 300 രൂപയുടെ മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു. 150 രൂപയുടെ വടക്ക്-തെക്ക് ഭാഗങ്ങളിലെ ടിക്കറ്റുകള്‍ അവശേഷിക്കുന്നു. ടിക്കറ്റ് വില്‍പ്പനയുടെ ആദ്യഘട്ടത്തില്‍ മുഴുവന്‍ മത്സരങ്ങള്‍ക്കുമായി വെന്യൂ പാക്കേജ് എന്ന നിലയില്‍ 60 ശതമാനം ഡിസ്‌ക്കൗണ്ടാണ് നല്‍കിയിരുന്നത്. അമ്പതു ശതമാനം ഇളവോടു കൂടിയുള്ള ടിക്കറ്റ് വില്‍പ്പനയാണ് രണ്ടാം ഘട്ടത്തില്‍ നടന്നത്.