കൊച്ചിയിലെ യുവതികളുടെ ആക്രമണം; ഇരയായ ഡ്രൈവര്‍ക്കെതിരെ കേസ്

കൊച്ചി: യുവതികളുടെ ആക്രമണത്തിന് ഇരയായ യൂബര്‍ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന യുവതികളുടെ പരാതിയിലാണ് ഡ്രൈവര്‍ ഷെഫീക്കിനെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം മരട് പോലീസ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ നിയമാനുസൃത നടപടി മാത്രമാണിതെന്നാണ് പോലീസിന്റെ വിശദീകരണം.

വൈറ്റില ജംഗ്ഷനില്‍ വെച്ച് കഴിഞ്ഞയാഴ്ച്ചയാണ് കുമ്പളം സ്വദേശി താനത്ത് വീട്ടില്‍ ഷെഫീഖിന് യുവതികളുടെ മര്‍ദ്ദനമേല്‍ക്കുന്നത്. ഷെയര്‍ ടാക്‌സി വിളിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം മര്‍ദ്ദനത്തിലെത്തുകയായിരുന്നു. ഷെഫീഖിനെ മര്‍ദ്ദിച്ച യുവതികളെ നാട്ടുകാരാണ് പോലീസിലേല്‍പ്പിച്ചത്. യുവതികള്‍ക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. തലക്ക് കരിങ്കല്ലുകൊണ്ട് അടിയേറ്റ ഷെഫീഖ് എറണാംകുളത്ത് ജനറല്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ഷെഫീഖിനെതിരെയുള്ള പോലീസിന്റെ നടപടി.

SHARE