കൊച്ചിയില്‍ യുവതീ യുവാക്കള്‍ക്കു മേല്‍ ശിവസേനയുടെ അഴിഞ്ഞാട്ടം; കൈയും കെട്ടി നിന്ന് പൊലീസിന്റെ പ്രോത്സാഹനം

കൊച്ചി: മറൈന്‍ഡ്രൈവവില്‍ ഒരുമിച്ചിരുന്ന യുവതി-യുവാക്കളെ ശിവസേന പ്രവര്‍ത്തകര്‍ അടിച്ചോടിച്ചു. സംഭവം നടക്കുമ്പോള്‍ സ്ഥലത്ത് പോലീസുകാര്‍ കാഴ്ച്ചക്കാരായി നില്‍ക്കുകയായിരുന്നു. കുട്ടികള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ നടത്തിയ പ്രകടനത്തിലാണ് യുവതീയുവാക്കള്‍ക്കുനേരെയുള്ള ആക്രമണം നടന്നത്. ഉച്ചക്കുശേഷമാണ് ശിവസന പ്രകടനവുമായെത്തിയത്. തുടര്‍ന്ന് മറൈന്‍ഡ്രൈവിലിരിക്കുന്നവര്‍ക്കു നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഒരുമിച്ചിരുന്ന യുവതീയുവാക്കളെ ചൂരലുകൊണ്ട് തല്ലിയോടിക്കുകയും ചെയ്തു. എന്നാല്‍ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നുവെങ്കിലും കാഴ്ച്ചക്കാരായി നില്‍ക്കുകയായിരുന്നു. പിന്നീട് സ്ഥലത്തേക്ക് കൂടുതല്‍ പോലീസെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി.

മുന്‍കൂട്ടിതയ്യാറാക്കിയതാണ് ശിവസേനയുടെ സദാചാരഗുണ്ടായിസം പദ്ധതി. ഇതു സംബന്ധിച്ചുള്ള വാര്‍ത്തകളും കഴിഞ്ഞ ദിവസങ്ങളിലായി പ്രത്യക്ഷപ്പെട്ടിരുന്നു. മറൈന്‍ഡ്രൈവില്‍ സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന് ശിവസേന ആരോപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്. മറൈന്‍ഡ്രൈവില്‍ നടപ്പാതയിലിരിക്കുന്ന സുഹൃത്തുക്കളെയാണ് ശിവസേനക്കാര്‍ അടിച്ചോടിച്ചിരിക്കുന്നത്. പ്രകടനം നയിച്ചിരുന്ന ആള്‍ തല്ലിയോടിക്കുന്ന ദൃശ്യങ്ങളും ഇതിനോടകം ദൃശ്യമാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

SHARE