കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യംചെയ്യലിന് വിധേയനാകുന്നതിന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ കൊച്ചി എന്‍ഐഎ ആസ്ഥാനത്ത് എത്തി. പുലര്‍ച്ചെ നാലരയോടെ തിരുവനന്തപുരത്തുനിന്ന് തിരിച്ച ശിവശങ്കര്‍ ഒന്‍പതരയോടെയാണ് കൊച്ചിയിലെത്തിയത്. പ്രത്യേക സംഘം അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ തുടങ്ങി.
രാവിലെ പത്തു മണിയോടെ കൊച്ചി ഓഫിസിലെത്താനായിരുന്നു നിര്‍ദേശം. സ്വപ്‌നയെയും സന്ദീപ് നായരെയും കൊച്ചിയിലെത്തിച്ചപ്പോള്‍ ഉണ്ടായിരുന്നതിനു സമാനമായ മാധ്യമപ്പട ശിവശങ്കറിനെ കാത്തും കൊച്ചിയിലുണ്ടായിരുന്നു. എന്‍ഐഎയുടെ ഉന്നത സംഘമാണ് ശിവശങ്കറിനെ കൊച്ചിയില്‍ തയാറാക്കിയിട്ടുള്ള പ്രത്യേക മുറിയില്‍ ചോദ്യം ചെയ്യുന്നത്. നേരത്തെ നല്‍കിയിട്ടുള്ള മൊഴികളിലെ വൈരുധ്യവും സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളിലെ പൊരുത്തക്കേടുകളും ഇന്നു ശിവശങ്കര്‍ നേരിടേണ്ടി വരും. ഉത്തരങ്ങള്‍ ചേരുംപടി ചേരാത്ത സാഹചര്യമുണ്ടായാല്‍ അറസ്റ്റു വരെ പ്രതീക്ഷിക്കുന്നുണ്ട്. ഇതിനു വേണ്ട തയാറെടുപ്പുകള്‍ അന്വേഷണ സംഘം സ്വീകരിച്ചിട്ടുണ്ടെന്നാണു വിവരം. അതുകൊണ്ടു തന്നെ രാഷ്ട്രീയ കേരളം മുള്‍മുനയിലാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ സംഭവത്തില്‍ തുടക്കം മുതല്‍ ഇടപെടല്‍ നടത്തിയ ഉദ്യോഗസ്ഥന്‍ എന്ന നിലയിലാണ് എന്‍ഐഎ ശിവശങ്കറിലേക്ക് നേരിട്ടെത്തിയത്. ആദ്യ ഘട്ടത്തില്‍ കസ്റ്റംസിനു നല്‍കിയ ചോദ്യം ചെയ്യല്‍ ലളിതമായി നേരിട്ടെങ്കിലും എന്‍ഐഎ ചോദ്യം ചെയ്യല്‍ കൂടി എത്തിയതോടെ കാര്യങ്ങള്‍ അത്ര എളുപ്പത്തില്‍ അവസാനിക്കില്ലെന്നതാണ് വസ്തുത. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പദവികളിലൊന്നില്‍ ഇരുന്ന് സമ്പാദിച്ച ഏറ്റവും മോശം സൗഹൃദങ്ങളില്‍ ഒന്ന് വിനയാകുന്ന കാഴ്ചയാണ് ശിവശങ്കറിന്റെ കാര്യത്തില്‍ കേരളം കാണുന്നത്.