കൊച്ചിയിലെ കവര്‍ച്ച പരമ്പര: പ്രതികളായ ബംഗ്ലാദേശികള്‍ പിടിയില്‍

 

കൊച്ചിയിലെ കവര്‍ച്ച പരമ്പരകള്‍ക്ക് പിന്നിലെ പ്രതികളായ മൂന്നു ബംഗ്ലാദേശ് സ്വദേശികളെ ഡല്‍ഹിയില്‍ വെച്ച് കേരളാ പൊലീസ് പിടികൂടി. കവര്‍ച്ച സംഘത്തിന്റെ സൂത്രധാരന്‍ അര്‍ഷാദ്, ഷെഹസാദ്, റോണി എന്നിവരാണ് പൊലീസ് പിടിയിലായത്. ഇവരില്‍ നിന്നും മോഷ്ടിച്ച ആഭരണങ്ങള്‍ കണ്ടെടുത്തു. കേസില്‍ എല്ലാ പ്രതികളെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ബംഗ്ലാദേശ് സ്വദേശികളായ പ്രതികള്‍ ബംഗാളില്‍ താമസിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് മോഷണം പരമ്പര ഇവര്‍ നടത്തിയത്.അതേസമയം കേസിലെ മറ്റ് സംഘാംഗങ്ങള്‍ ബംഗ്ലാദേശിലേക്ക് രക്ഷപ്പെട്ടുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഇവരെ പിടികൂടാന്‍ കേരള പൊലീസ് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ സഹായം തേടിയിട്ടുണ്ട്.

കേരള പൊലീസിന്റെ പ്രത്യേക സംഘം കൊല്‍ക്കത്തയില്‍ എത്തിയെന്ന് മനസ്സിലാക്കിയ പ്രതികള്‍ ബംഗ്ലാദേശിലേക്ക് രക്ഷപ്പെട്ടുവെന്നാണ് അറസ്റ്റിലായ പ്രതികള്‍ പറഞ്ഞത്. പ്രതികളെ ഞായറാഴ്ച കേരളത്തിലെത്തിക്കും. ആകെ പതിനൊന്ന് പ്രതികളാണ് സംഭത്തിലുള്ളത്. കൊച്ചിയില്‍ മോഷണം ആസൂത്രണം ചെയ്യാന്‍ പ്രതികള്‍ക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞമാസം പതിനഞ്ചിനാണ് കൊച്ചിയെ ഞെട്ടിച്ച കവര്‍ച്ച നടന്നത്. തൃപ്പുണിത്തുറയില്‍ വീട്ടുകാരെ കെട്ടിയിട്ട് 50 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു.അര്‍ദ്ധരാത്രിയാണ് സംഭവം നടന്നത്. വ്യവസായിയായ നിപ്പോണ്‍ ടൊയോട്ട എംഡി ബാബു മൂപ്പന്റെ ഭാര്യ വീട്ടിലാണ് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കൊച്ചി നഗരത്തെ നടുക്കിയ വന്‍ കവര്‍ച്ച നടന്നത്. വീട്ടുകാരെ ആക്രമിച്ച സംഘം ഗൃഹനാഥനെ മാരകമായി പരുക്കേല്‍പ്പിച്ചു. ഇതിനു തൊട്ട്മുമ്പ് കൊച്ചി നഗരത്തില്‍ വൃദ്ധ ദമ്പതിളെ കെട്ടിയിട്ട് വീട് കൊള്ളയടിച്ചിരുന്നു. ലിസിപുല്ലേപ്പടി ക്രോസ് റോഡിലെ രണ്ട് നില വീട്ടിലെ വൃദ്ധ ദമ്പതികളെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഇവിടെ നിന്നും അഞ്ച് പവന്‍ സ്വര്‍ണ്ണം കവര്‍ന്ന മോഷ്ടാക്കള്‍ വൃദ്ധയുടെ കൈയ്ക്കും പരുക്കേല്‍പ്പിച്ചു. ഇല്ലിപ്പറമ്പില്‍ മുഹമ്മദ് (74), ഭാര്യ സൈനബ (63) എന്നിവരെയാണ് ആക്രമണത്തിനിരയായത്. പിന്നീട് മറ്റൊരു വീട്ടിന്റെ വാതില്‍ കുത്തിപ്പൊളിച്ച് 20,000 രൂപയും മൊബൈല്‍ ഫോണുകളും മോഷ്ടാക്കള്‍ കൊണ്ടുപോയി. കേസ് അന്വേഷിച്ച പൊലീസ് സംഘം കേരളത്തിന് പുറത്തുനിന്നുളളവരാണ് കവര്‍ച്ചക്ക് പിന്നിലെന്നെ സംശയമാണ് കേസ് അന്വേഷണം കേരളത്തിന് പുറത്തേയ്ക്ക് വ്യാപിപ്പിച്ചത്.