കെ.ബി.എ കരീം
കൊച്ചി
നിലനില്‍പ്പിന് വേണ്ടിയുള്ള സമുദായത്തിന്റെ പ്രതിഷേധ വേലിയേറ്റത്തില്‍ അറബിക്കടലിന്റെ റാണിക്ക് വീര്‍പ്പു മുട്ടി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചി മറൈന്‍ ഡ്രൈവില്‍ എത്തിയ പടുകൂറ്റന്‍ സുനാമി തിരമാലകള്‍ ഫാസിസ്റ്റു സര്‍ക്കാരിന്റെ പ്രതിരോധത്തിനും പിടിച്ചു നില്ക്കലിനും ഇളക്കം തട്ടിക്കുന്നതായി മാറി. വിവിധ മുസ്ലിം സംഘടനകളുടെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പൗരത്വ നിയമ വിരുദ്ധ സംഗമം ഒരു ദശാബ്ദത്തിനിടെ കേരളം കണ്ട ഏറ്റവും വലിയ പ്രതിഷേധ പ്രകടനമായി മാറിയപ്പോള്‍ കൊച്ചി മഹാറാലി ചരിത്രത്തില്‍ ഇടം പിടിക്കുകയായിരുന്നു.
കലൂര്‍ ജവഹര്‍ ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നിന്നും ആരംഭിച്ച പ്രകടനങ്ങള്‍ കുത്തൊഴുക്കായി പ്രതിഷേധ സംഗമം നടന്ന മറൈന്‍ ഡ്രൈവിലേക്ക് എത്തുകയായിരുന്നു. മൂന്നു മണിക്ക് പ്രകടനം തുടങ്ങുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അതിന് വളരെ മുമ്പ് തന്നെ ജനം ഒഴുകി തുടങ്ങിയിരുന്നു. മറൈന്‍ ഡ്രൈവില്‍ പൊതുസമ്മേളനം തീരാറായപ്പോഴും കലൂര്‍ സ്റ്റേഡിയത്തില്‍ പതിനായിരങ്ങള്‍ റാലിയില്‍ അണി ചേരാന്‍ കാത്തുനില്ക്കുകയായിരുന്നു. വൈകീട്ട് 3.30ന് പ്രകടനം ആരംഭിച്ചെങ്കിലും വൈകീട്ട് ഏഴുമണിക്ക് സമ്മേളനം പകുതിയായപ്പോള്‍ റാലി 50 ശതമാനം പോലും പൂര്‍ത്തിയായിട്ടുണ്ടായിരുന്നില്ല. കൊച്ചി നഗരം ഇന്നേവരെ കണ്ടതില്‍വെച്ച് തടിച്ചുകൂടിയ ഏറ്റവും വലിയ ജനസാഗരം പുതുവത്സരദിനത്തില്‍ ജനാധിപത്യ സംരക്ഷണത്തിന് പുത്തനുണര്‍വേകി.
ഹൈക്കോടതി നിര്‍ദേശങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി ചെറു റാലികളായി മറൈന്‍ ഡ്രൈവിലേക്ക് എത്താനാണ് നേതൃത്വം ആവശ്യപെട്ടിരുന്നതെങ്കിലും ലക്ഷങ്ങളാണ് അണി നിരന്നത്. ഇടതടവില്ലാതെ റാലികള്‍ പുറപ്പെട്ടതോടെ ജനസാഗരം റോഡിലേക്ക് ഒഴുകി. ഇടറോഡുകളും നിറഞ്ഞുകവിഞ്ഞതോടെ കൊച്ചിയില്‍ മനുഷ്യപ്രളയമായി മാറി. സ്റ്റേഡിയം മുതല്‍ മറൈന്‍ ഡ്രൈവ് വരെ റോഡിന് ഇരുവശങ്ങളിലും ആയിരങ്ങള്‍ അണിനിരക്കുകയും ചെയ്തു. കലൂര്‍ സ്റ്റേഡിയത്തിലെ തിരക്കറിഞ്ഞ് തെക്കുഭാഗത്ത് നിന്ന് വന്നവര്‍ രാജേന്ദ്രമൈതാന് വഴിയും പ്രകടനമായെത്തി. അഞ്ചു മണിയോടെ നഗരത്തിന്റെ നാലുഭാഗത്ത് നിന്നും മറൈന്‍ ഡ്രൈവിലേക്ക് ജനപ്രവാഹമായി. പൗരത്വ ഭേദഗതി നിയമം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് സമ്മേളനം പ്രഖ്യാപിച്ചു. മുസ്ലിം സമൂഹത്തെ ലക്ഷ്യമിട്ട് ഗൂഢലക്ഷ്യത്തോടെ കൊണ്ടുവന്ന നിയമം പിന്‍വലിച്ച് മാപ്പ് പറയണം. ഇക്കാര്യത്തില്‍ കേരളം ഒറ്റക്കെട്ടായി മുന്നേറുമെന്നും സമ്മേളനം പ്രഖ്യാപിച്ചു. കേരളത്തിലെ മുഴുവന്‍ മുസ്ലിം സംഘടനകളുടെയും നേതാക്കള്‍ ഒരേവേദിയില്‍ അണിനിരന്നതുവഴി കൊച്ചി നഗരം മറ്റൊരു ചരിത്രംകൂടി എഴുതിചേര്‍ക്കുകയും ചെയ്തു.
തുടര്‍ന്ന് മറൈന്‍ ഡ്രൈവില്‍ കേരളത്തിലെ മുസ്ലിം സമൂഹത്തിന്റെ പരിഛേദമായി മാറിയജനലക്ഷങ്ങളെ സാക്ഷി യാക്കി നടന്ന സമര പ്രഖ്യാപന കണ്വെന്ഷന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷുകാരെ തുരത്തിയ അതേ മനസോടെ ഫാസിസത്തെ തുരത്താന്‍ കേരള ജനത ഒന്നടങ്കം രംഗത്തിറങ്ങണമെന്ന് ഹൈദരലി തങ്ങള്‍ ആഹ്വാനം ചെയ്തു. സ്വാഗത സംഘം ചെയര്മാന് ടി.എച്ച് മുസ്തഫ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ വി.കെ ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ സ്വാഗതം പറഞ്ഞു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് മുഖ്യപ്രഭാഷണം നടത്തി. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന് എം.പി, ഡോ. സെബാസ്റ്റ്യന്‍പോള്‍, മുംബൈ ഹൈക്കോടതി റിട്ട ജഡ്ജ് ജസ്റ്റിസ് ബി.ജി കോള്‍സെ പാട്ടീല്‍, ദളിത് ആക്ടിവിസ്റ്റ് ജിഗ്നേഷ് മേവാനി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, പി.വി അബ്ദുല്‍ വഹാബ് എം.പി, എ.എം ആരിഫ് എം.പി, എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, ടി.ജെ വിനോദ്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ബഷീറലി തങ്ങള്‍, സി.കെ സുബൈര്‍ വിവിധ സംഘടനാ നേതാക്കളായ ടി.പി അബ്ദുള്ളക്കോയ മദനി, എം.ഐ അബ്ദുല്‍ അസീസ്, ഡോ. ബഹാവുദ്ദീന്‍ കൂരിയാട്, ഡോ. ഫസല്‍ ഗഫൂര്‍, മുഹമ്മദ് ഫൈസി ഓണമ്പിള്ളി, സി.എച്ച് അലിദാരിമി, ചേലക്കുളം അബുല്‍ ബുഷറ മൗലവി, എം.ഐ അബ്ദുല്‍ അസീസ്, സി.പി ഉമര്‍ സുല്ലമി, ഉമര്‍ ഫാറൂഖി, ഹമീദ് വാണിയമ്പലം, നജീബ് മൗലവി, അഹമ്മദ് കുട്ടി ഹാജി, ടി.കെ അഷറഫ്, അബ്ദുള്‍ കരീം, തുടങ്ങിയവര്‍ സംബന്ധിച്ചു. ടി.എം സക്കീര്‍ ഹുസൈന് നന്ദി പറഞ്ഞു.