കൂട്ടുനില്‍ക്കാത്ത ഉദ്യോഗസ്ഥയെ തെറിപ്പിച്ചു; കൊച്ചിയില്‍ കണ്ണായ സ്ഥലത്ത് അരയേക്കര്‍ സര്‍ക്കാര്‍ ഭൂമി അദാനിക്ക്

കൊച്ചി: വൈറ്റില മൊബിലിറ്റി ഹബ് സൊസൈറ്റിയുടെ അരയേക്കര്‍ ഭൂമി മാദണ്ഡങ്ങള്‍ ലംഘിച്ച് അദാനി ഗ്രൂപ്പിന് നല്‍കാന്‍ നീക്കം. ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ മുപ്പത് വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാനാണ് ആലോചന. ഇതിനു മുന്നോടിയായി മൊബിലിറ്റി ഹബ് സൊസൈറ്റി മാനേജിങ് ഡയറ്ക്ടര്‍ ആര്‍. ഗിരിജയെ തല്‍സ്ഥാനത്തു നിന്നു നീക്കി.

സബ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങിനാണ് പുതിയ ചുമതല. ഗിരിജയുടെ സ്ഥലം മാറ്റം അദാനി ഗ്രൂപ്പിന് വേണ്ടിയാണ് എന്ന ആരോപണമുയര്‍ന്നിട്ടുണ്ട്. സീനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥയെ മാറ്റി ജൂനിയറായ സബ്കലക്ടര്‍ക്ക് ചുമതല നല്‍കുന്നത് എന്തിനാണ് എന്ന ചോദ്യത്തിന് സര്‍ക്കാറിന് കൃത്യമായ ഉത്തരങ്ങളില്ല. ഗിരിജയുടെ സ്ഥലം മാറ്റം നേരത്തെ തീരുമാനിച്ചതാണ് എന്നാണ് സര്‍ക്കാര്‍ വാദം.

സംസ്ഥാനത്തെ ആദ്യ മൊബിലിറ്റി ഹബാണ് കൊച്ചിയിലേത്. വാട്ടര്‍ മെട്രോ, കൊച്ചി മെട്രോ എന്നിവയുടെ സംഗമ സ്ഥാനം കൂടിയായ ഇവിടത്തെ ഭൂമിക്ക് പൊന്നും വിലയാണ് ഉള്ളത്. സി.എന്‍.ജി ഫില്ലിങ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ 30 വര്‍ഷത്തേക്ക് ഭൂമി പാട്ടത്തിന് നല്‍കണമെന്ന അദാനി ഗ്രൂപ്പിന്റെ ആവശ്യം കഴിഞ്ഞ വര്‍ഷം നവംബറില്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ ഭൂമി പാട്ടത്തിന് നല്‍കരുത് എന്നായിരുന്നു സൊസൈറ്റിയുടെ നിലപാട്. വാട്ടര്‍ മെട്രോ അടക്കം 20 ഏക്കറിലേറെ സ്ഥലത്ത് വികസന പദ്ധതികള്‍ നടപ്പാക്കാനുണ്ട് എന്നും സൊസൈറ്റി ചൂണ്ടിക്കാട്ടിയിരുന്നു.

ഇതു മറികടന്നാണ് സര്‍ക്കാര്‍ അദാനിക്ക് ഒത്താശയുമായി മുമ്പോട്ടു പോകുന്നത്. ചൊവ്വാഴ്ച തിരുവനന്തപുരത്ത് ഹബ് സൊസൈറ്റി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. മറ്റു ഏജന്‍സികള്‍ക്ക് നല്‍കിയ പോലെ നിബന്ധനകളും നടപടിക്രമങ്ങളും പാലിച്ചു മാത്രമേ ഭൂമി പാട്ടത്തിന് നല്‍കാവൂ എന്ന് യോഗം തീരുമാനിച്ചു.

സൊസൈറ്റിയുടെയും വ്യവസായ ഗ്രൂപ്പിന്റെയും കൊച്ചി മെട്രോയുടെയും ഉദ്യോഗസ്ഥര്‍ സ്ഥലത്ത് സംയുക്ത പരിശോധന നടത്തി സൊസൈറ്റി ഭരണസമിതിക്ക് റിപ്പോര്‍ട്ട് നല്‍കും. ഇതിനു ശേഷമായിരിക്കും വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കുക.

വിവിധ ഗതാഗത മാര്‍ഗങ്ങളെ സംയോജിപ്പിച്ച് വൈറ്റില മൊബിലിറ്റി ഹബ് വികസിപ്പിക്കാന്‍ നേരത്തെ തന്നെ സൊസൈറ്റി തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ഭൂമി അദാനി ഗ്രൂപ്പിന് നല്‍കാനുള്ള വഴി വിട്ട നീക്കം നടക്കുന്നത്.

സര്‍ക്കാര്‍ നീക്കത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഭൂമി ടെന്‍ഡറില്ലാതെ കൈമാറുന്നതിനെതിരെ പി.ടി തോമസ് എം.എല്‍.എ സത്യഗ്രഹമിരിക്കും. മൊബിലിറ്റി ഹബ്ബിന് മുമ്പിലാണ് സമരം.