കൊച്ചി മെട്രോ; ലിസി സ്‌റ്റേഷന്‍ ഇനി ടൗണ്‍ ഹാള്‍ മെട്രോ സ്‌റ്റേഷന്‍


കൊച്ചി: ലിസി മെട്രോ സ്‌റ്റേഷന്റെ പേര് ടൗണ്‍ ഹാള്‍ മെട്രോ സ്‌റ്റേഷനായി മാറ്റാനുള്ള കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ നിര്‍ദേശത്തിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഫെബ്രുവരി ഒന്നു മുതല്‍ പുതിയ പേര് പ്രാബല്യത്തില്‍ വരും. നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനും എറണാകുളം ടൗണ്‍ഹാളിനും സമീപമായാണ് നിലവിലെ ലിസി മെട്രോ സ്‌റ്റേഷന്‍. നിലവിലെ പേര് മറ്റ് മെട്രോ സ്‌റ്റേഷനുകളുമായി യോജിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണ് പുതിയ പേര് നിര്‍ദേശിച്ചതെന്നും സ്‌റ്റേഷന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനവും പുതിയ പേരിനായി പരിഗണിച്ചെന്നും കെഎംആര്‍എല്‍ എംഡി അല്‍കേഷ് കുമാര്‍ ശര്‍മ്മ പറഞ്ഞു. പേര് മാറ്റത്തിന് കെഎംആര്‍എല്‍ ഡയറക്ടര്‍ ബോര്‍ഡ് നേരത്തെ അംഗീകാരം നല്‍കിയിരുന്നു. തുടര്‍ന്ന് ഇത് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരത്തിനായി അയക്കുകയായിരുന്നു. ട്രെയിന്‍ പ്രഖ്യാപനങ്ങള്‍, മെട്രോ സ്‌റ്റേഷനുകള്‍ക്കുള്ളിലെ മാപ്പുകള്‍, നെയിം ബോര്‍ഡ്, സൂചന ബോര്‍ഡുകള്‍ തുടങ്ങി ഇനിയുള്ള എല്ലാ ആശയവിനിമയങ്ങളിലും നിലവിലെ പേരിന് പകരം ടൗണ്‍ ഹാള്‍ മെട്രോ സ്‌റ്റേഷന്‍ എന്നായിരിക്കും ഉപയോഗിക്കുക.