രാജ്യത്തെ ഏറ്റവും മികച്ച പാസ്പോര്‍ട്ട് ഓഫീസ് കൊച്ചിയില്‍; അവാര്‍ഡ് ലഭിക്കുന്നത് തുടര്‍ച്ചയായ നാലാം തവണ

അഷ്റഫ് തൈവളപ്പ്

കൊച്ചി: രാജ്യത്തെ ഏറ്റവും മികച്ച പാസ്പോര്‍ട്ട് ഓഫീസിനുള്ള കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്റെ 2016-17 വര്‍ഷത്തെ അവാര്‍ഡ് പ്രഖ്യാപനത്തില്‍ കേരളത്തില്‍ നിന്നുള്ള പാസ്പോര്‍ട്ട് ഓഫീസുകള്‍ മികച്ച നേട്ടം. രാജ്യത്തെ വലിയ പാസ്പോര്‍ട്ട് ഓഫീസുകള്‍ ഉള്‍പ്പെടുന്ന എ വിഭാഗത്തില്‍ (ബിഗ് കാറ്റഗറി) കൊച്ചി റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസ് തുടര്‍ച്ചയായ നാലാം തവണയും ഒന്നാം സ്ഥാനം സ്വന്തമാക്കിയപ്പോള്‍ ബി വിഭാഗത്തില്‍ (മീഡിയം കാറ്റഗറി) ആദ്യ മൂന്നു സ്ഥാനങ്ങളും യഥാക്രമം തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസുകള്‍ നേടി. എന്നാല്‍ ഏറ്റവും മികച്ച പ്രകടനത്തിനുള്ള സംസ്ഥാന അവാര്‍ഡില്‍ കേരളം നിരാശപ്പെടുത്തി. തെലങ്കാനയും ആന്ധ്രപ്രദേശും ഒന്നാം സ്ഥാനം നേടിയപ്പോള്‍ ഡല്‍ഹി, ഗോവ, ഗുജറാത്ത്, ഛണ്ഡിഗഡ് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും രണ്ടാം സ്ഥാനത്തെത്തി.

പ്രശാന്ത് ചന്ദ്രന്‍, പാസ്‌പോര്‍ട്ട് ഓഫീസര്‍, കൊച്ചി
പ്രശാന്ത് ചന്ദ്രന്‍,
പാസ്‌പോര്‍ട്ട് ഓഫീസര്‍, കൊച്ചി

ഓഫീസിന്റെ കാര്യക്ഷമത വിലയിരുത്താന്‍ അപേക്ഷ സ്വീകരിക്കുന്നത് മുതല്‍ പാസ്പോര്‍ട്ട് അനുവദിക്കുന്ന സമയം വരെയുള്ള പത്തു കാര്യങ്ങളാണ് കേന്ദ്ര മന്ത്രാലയം അവാര്‍ഡിന് മാനദണ്ഡമാക്കിയത്. തീര്‍പ്പാക്കുന്ന അപേക്ഷകളുടെ എണ്ണം, പാസ്പോര്‍ട്ട് നല്‍കാനെടുക്കുന്ന ശരാശരി സമയം, ജീവനക്കാരുടെ പ്രവര്‍ത്തന ക്ഷമത തുടങ്ങിയവ ഇതില്‍ പെടും. ആകെയുള്ള പത്തില്‍ 9.85 മാര്‍ക്കും നേടിയാണ് കൊച്ചി നാലാം വട്ടവും ഈ നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം 8.48 മാര്‍ക്കായിരുന്നു ലഭിച്ചിരുന്നത്. 22.23 തീയതികളില്‍ ഡല്‍ഹിയില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ കേന്ദ്ര വിദേശ കാര്യ മന്ത്രി സുഷമ സ്വരാജില്‍ നിന്ന് റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസര്‍ പ്രശാന്ത് ചന്ദ്രന്‍ അവാര്‍ഡ് ഏറ്റുവാങ്ങും.

എ വിഭാഗത്തില്‍ ജലന്ധര്‍, അഹമ്മദാബാദ് പാസ്പോര്‍ട്ട് ഓഫീസുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനം നേടിയ തിരുവനന്തപുരം റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസിനാണ് ബി വിഭാഗത്തില്‍ (മീഡിയം കാറ്റഗറി) ഇത്തവണ ഒന്നാം സ്ഥാനം. 9.40 സ്‌കോര്‍ നേടിയ തിരുവനന്തപുരത്തിന് പിന്നാലെ 9.30 പോയിന്റുമായി മലപ്പുറം രണ്ടാം സ്ഥാനം നേടി. മധുരൈക്കൊപ്പം മൂന്നാം സ്ഥാനം പങ്കിട്ട കോഴിക്കോടിന് 9.10 സ്‌കോര്‍ ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മികച്ച നേട്ടമാണ് മലപ്പുറം, കോഴിക്കോട് പാസ്പോര്‍ട്ട് ഓഫീസുകള്‍ ഈ വര്‍ഷം നേടിയത്. 2015-16 വര്‍ഷം മലപ്പുറത്തിന് അഞ്ചാം സ്ഥാനവും കോഴിക്കോടിന് ആറാം സ്ഥാനവുമാണുണ്ടായിരുന്നത്.

സി വിഭാഗത്തില്‍ (സ്മോള്‍ കാറ്റഗറി) കോയമ്പത്തൂര്‍ ഇത്തവണയും ഒന്നാം സ്ഥാനം നിലനിര്‍ത്തി. 4.3 ലക്ഷം പേരാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കൊച്ചി മേഖല ഓഫീസില്‍ പാസ്പോര്‍ട്ടിന് അപേക്ഷിച്ചത്. 201ലും ഇത്രയും അപേക്ഷകര്‍ ഉണ്ടായിരുന്നു. പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളാണ് കൊച്ചി ആര്‍.പി.ഒയുടെ കീഴില്‍ വരുന്നത്. രാജ്യത്താകെ 37 മേഖല പാസ്പോര്‍ട്ട് ഓഫീസുകളാണുള്ളത്. ഇതില്‍ പത്തെണ്ണം എ കാറ്റഗറിയിലും 14 എണ്ണം ബി കാറ്റഗറിയിലും ബാക്കിയുള്ളവ സി കാറ്റഗറിയിലുമാണ്. നാലു ലക്ഷത്തിന് മുകളില്‍ അപേക്ഷകരുള്ള ഓഫീസുകളാണ് എ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. 1.5 ലക്ഷത്തിന് മുകളില്‍ അപേക്ഷകരുള്ള കേന്ദ്രങ്ങള്‍ ബി വിഭാഗത്തില്‍ 1.5 ലക്ഷത്തിന് താഴെ അപേക്ഷകരുള്ള ഓഫീസുകള്‍ സി വിഭാഗത്തിലും ഉള്‍പ്പെടും.