കൊച്ചിയില്‍ പെട്രോള്‍ ബോംബേറില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികില്‍സയിലിരുന്നയാള്‍ മരിച്ചു

പച്ചാളത്ത് പെട്രോള്‍ ബോംബേറില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികില്‍സയിലിരുന്നയാള്‍ മരിച്ചു. ചേര്‍ത്തല എഴുപുന്ന കോതേക്കാട്ടു വീട്ടില്‍ ആര്‍.കെ. റെജിന്‍ ദാസാണ് (34) മരിച്ചത്. 70 ശതമാനത്തോളം പൊള്ളലേറ്റ റെജിന് വ്യാഴാഴ്ച ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിലും ഇന്ന് മരിക്കുകയായിരുന്നു. ബുധന്‍ രാത്രി റെജിനെയും സുഹൃത്ത് പങ്കജാക്ഷനെയും പെട്രോള്‍ ബോംബെറിഞ്ഞ പച്ചാളത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍ ഫിലിപ്പ് സ്വയം തീകൊളുത്തി മരിച്ചിരുന്നു.

ലൂര്‍ദ് ആശുപത്രിയിലെ അസിസ്റ്റന്റായ റെജിന്‍ പച്ചാളത്തു വാടകയ്ക്കു താമസിക്കുകയായിരുന്നു. ഇയാള്‍ക്കൊപ്പം പൊള്ളലേറ്റ പാറയ്ക്കല്‍ വീട്ടില്‍ പങ്കജാക്ഷന്‍ ചികിത്സയില്‍ തുടരുകയാണ്.പങ്കജാക്ഷന്റെ പച്ചാളം ഷണ്‍മുഖപുരം സഹകരണ ബാങ്കിനു സമീപത്തെ തട്ടുകടയിലിരുന്നു സംസാരിക്കുകയായിരുന്ന പങ്കജാക്ഷന്റെയും റെജിന്റെയും നേരേ, പെട്രോള്‍ നിറച്ച കുപ്പിയില്‍ തീ കൊടുത്ത ശേഷം ഫിലിപ് എറിയുകയായിരുന്നു. പിന്നെ അവിടെനിന്ന് ഓട്ടോയില്‍ രക്ഷപ്പെട്ട പ്രതി ഷണ്‍മുഖപുരത്തെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലെത്തി സമീപത്തെ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരന്റെ ദേഹത്തു പെട്രോള്‍ ഒഴിച്ചു തീകൊളുത്താന്‍! ശ്രമിച്ചെങ്കിലും അയാള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്നു വടുതല കര്‍ഷക റോഡിലെത്തിയ ശേഷം ഫിലിപ് ഓട്ടോയ്ക്കും സ്വന്തം ദേഹത്തും പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി ജീവനൊടുക്കുകയായിരുന്നു.

SHARE