വയോധികയെ പീഡിപ്പിച്ച സംഭവം; ഒരു സ്ത്രീയടക്കം മൂന്ന് പേര്‍ പൊലീസ് കസ്റ്റഡിയില്‍

കൊച്ചി: എറണാകുളം കോലഞ്ചേരിയില്‍ വയോധികയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ മുഖ്യ പ്രതിയും സഹായിയായ സ്ത്രീയുമടക്കം മൂന്ന് പേര്‍ പൊലീസ് ക്സ്റ്റഡിയില്‍. അതേസമയം ആന്തരികാവയവങ്ങള്‍ക്കടക്കം സാരമായി പരിക്കേറ്റ വൃദ്ധയുടെ നില ഗുരുതരമായി തുടരുകയാണ്.

ചെമ്പറക്കി സ്വദേശി മുഹമ്മദ് ഷാഫി, വൃദ്ധയുടെ അയല്‍വാസി ഓമന, ഓമനയുടെ മകന്‍ മനോജ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ഓമനയുടെ മറ്റൊരു ബന്ധുവിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. . മൂവാറ്റുപുഴ ഡി.വൈ.എസ്.പി മുഹമ്മദ് റിയാസിന്റെ മേല്‍നോട്ടത്തില്‍ പുത്തന്‍കുരിശ് സി.ഐ. സാജന്‍ സേവ്യറുടെ നേതൃത്വത്തിലാണ് കേസന്വേഷണം. ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് കേസിനാസ്പദമായ സംഭവം. വീടിന് സമീപമുള്ള കടയില്‍ പുകയില ചോദിച്ച് എത്തിയ വൃദ്ധയോട് പുകയില തരാമെന്ന് പറഞ്ഞാണ് ഓമന വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയത്. ഇവരുടെ വീട്ടിലെത്തിച്ച ശേഷമാണ് വയോധികക്ക് നേരെ ക്രൂര പീഡനം അരങ്ങേറിയത്.

പീഡനത്തെ തുടര്‍ന്ന് അവശയായ വൃദ്ധയെ ഓട്ടോറിക്ഷയില്‍ ഓമന തന്നെയാണ് തിരികെ വീട്ടിലെത്തിച്ചത്. വീണ് പരിക്കേറ്റെന്നായിരുന്നു മക്കളോട് പറഞ്ഞത്. ശരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മക്കളാണ് ഇവരെ പഴങ്ങനാടുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ കോലഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് പീഡനം വ്യക്തമായത്. ശസ്ത്രക്രിയക്ക് ശേഷവും വൃദ്ധയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

SHARE