കൊച്ചിയില്‍ കുഴില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതികരണവുമായി മന്ത്രി ജി.സുധാകരന്‍. ആരും മൂക്കില്‍ കൈ വെച്ചിട്ട് കാര്യമില്ല, കേരളത്തിലാണ് നമ്മള്‍ ജീവിക്കുന്നത് എന്ന ഓര്‍മ്മവേണം. കോടതികളില്‍ കേസുകള്‍ കെട്ടി കിടപ്പുണ്ട്. അത് ജഡ്ജിമാരുടെ കുറ്റമാണോ എന്ന് മന്ത്രി ചോദിച്ചു. ആവശ്യത്തിന് ഉദ്യോഗസ്ഥരും ജഡ്ജിമാരും കുറവുള്ളതാണ് പ്രശ്‌നം. കേസ് തീര്‍പ്പാക്കാന്‍ വൈകുന്നത് ഇതുകൊണ്ടാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കോടതിയില്‍ കെട്ടിടങ്ങള്‍ക്ക് മാത്രമായി 700 കോടി രൂപ നല്‍കിയിട്ടുണ്ടെന്നും ഏഴ് കോടി രൂപ എറണാകുളം നഗരത്തിലെ മാത്രം കുഴികള്‍ അടയ്ക്കാന്‍ ഒക്ടോബറില്‍ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കുഴി അടക്കാനുള്ള ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ട്. കുറ്റം ചെയ്തവര്‍ക്കെതിരെ വേണം തിരിയാന്‍. അല്ലാതെ പൊതുവെ പറയരുത്. മരണം സംഭവിച്ചതില്‍ പൊതുമരാമത്ത് വകുപ്പിനും ജലവകുപ്പിനും ഉത്തരവാദിത്വമുണ്ട്. ആരിലും വിശ്വാസമില്ലെങ്കില്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴയിലെ പൊതു പരിപാടിയിലാണ് മന്ത്രിയുടെ പരാമര്‍ശം.