തിരുവനന്തപുരം: രാജ്യത്തിന്റെ ഭരണഘടന തന്നെ ലംഘിക്കപ്പെടുന്ന കാലത്ത് ചട്ടലംഘനങ്ങള്‍ക്ക് എന്ത് പ്രസക്തിയെന്ന് കെ.എന്‍.എ ഖാദര്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം ചട്ടലംഘനമെന്നാണ് ഗവര്‍ണര്‍ പറയുന്നത്. നരേന്ദ്രമോദിയും അമിത് ഷായും ബി.ജെ.പി സര്‍ക്കാരും ഭരണഘടന നഗ്നമായി ലംഘിക്കുമ്പോഴാണ് ഗവര്‍ണറുടെ ഈ അഭിപ്രായമെന്നും അദ്ദേഹം പരിഹസിച്ചു. നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം കണ്ണിലെ കരട് കാണാതെ മറ്റുള്ളവന്റെ കണ്ണിലെ കോല് തിരയുന്ന രീതിയിലാണ് ഗവര്‍ണറുടെ പ്രതികരണം. ഇന്ത്യന്‍ ജനത അവരുടെ അസ്ഥിത്വത്തിന് വേണ്ടിയും ഭരണഘടനക്ക് വേണ്ടിയും പോരാടുകയാണ്. രാഷ്ട്രീയ കക്ഷികള്‍ അവരുടെ അസ്ഥിത്വത്തിന് വേണ്ടി പോരാടേണ്ട സമയം ഇതല്ല. ഭരണഘടനക്കും ജനാധിപത്യത്തിനും വേണ്ടി പോരാടണം. എന്നാല്‍ ചില പാര്‍ട്ടികള്‍ അവര്‍ നടത്തുന്ന സമരങ്ങളെ പര്‍വതീകരിക്കുകുയം മറ്റുള്ളവ നിസാരവല്‍ക്കരിക്കുകയും ചെയ്യുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുമിച്ചുനിന്ന് ഭരണഘടനാ സംരക്ഷണത്തിനായി ഒരു പൊതുവേദി വളര്‍ത്തിക്കൊണ്ടുവരണം. അതിന് പഞ്ചായത്തുതലം മുതല്‍ സമിതി വേണം. എഴുത്തുകാര്‍, ചലച്ചിത്ര താരങ്ങള്‍, സാംസ്‌കാരിക, കായിക രംഗത്തെ പ്രമുഖര്‍ എന്നിങ്ങനെ എല്ലാവരെയും ഉള്‍പ്പെടുത്തണം. അങ്ങനെയൊരു ഒരുമയിലൂടെ മാത്രമേ രണ്ടാം സ്വാതന്ത്ര്യ സമരം വിജയിപ്പിക്കാനാവൂ.
ചില സി.പി.എം അംഗങ്ങള്‍ ചോദിക്കുന്നത് ഗവര്‍ണറെ എതിര്‍ക്കുന്നതിന് പകരം മോദിയെയും അമിത് ഷായെയും എതിര്‍ക്കണമെന്നാണ്. അതിന്റെ ഭാഗം തന്നെയാണ് ഗവര്‍ണറോടുള്ള എതിര്‍പ്പെന്ന് അവര്‍ മനസ്സിലാക്കണം. എന്‍.ആര്‍.സി നടപ്പിലാക്കിയാല്‍ ഏതെങ്കിലും ഒരു പ്രത്യേക ജനവിഭാഗം മാത്രമല്ല പുറത്താക്കപ്പെടുക. ദലിതരും പിന്നാക്കക്കാരും കര്‍ഷകരും തുടങ്ങി വിവിധ തലങ്ങളിലുള്ളവരെ അത് ബാധിക്കും. ഇതൊരു രാഷ്ട്രീയ പ്രശ്‌നം തന്നെയാണ്. എന്നാല്‍ കക്ഷിരാഷ്ട്രീയ പ്രശ്‌നമല്ല. ഇതിനെതിരെ സമരം ചെയ്യുന്നത് എല്ലാവരുമാണ്. എല്ലാവിഭാഗം ആളുകളും ഒരുമിച്ച് സമരം ചെയ്യണം. കേരളത്തില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ സമരം ചെയ്യുന്നവരെ അറസ്റ്റ് ചെയ്യില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴും ചില ഉദ്യോഗസ്ഥര്‍ കേന്ദ്രസര്‍ക്കാരിന്റെ ദാസ്യപ്പണി ചെയ്യുന്നുണ്ടെന്നും കെ.എന്‍.എ ഖാദര്‍ പറഞ്ഞു.