കെഎംസിസിയും വൈറ്റ് ഗാര്‍ഡും തുണയായി; ഓട്ടിസം ബാധിച്ച കുട്ടിക്ക് ജര്‍മ്മനിയില്‍ നിന്നും മരുന്ന് എത്തിച്ചു നല്‍കി

കായംകുളം: കെ.എം.സി.സിയും മുസ്‌ലിം യൂത്ത്‌ലീഗ് വൈറ്റ് ഗാര്‍ഡും തുണയായപ്പോള്‍ ഓട്ടിസം ബാധിച്ച കുട്ടിക്ക് ജര്‍മ്മനിയില്‍ നിന്നും മരുന്നെത്തി. കായംകുളം എരുവ പായിക്കാട്ട് അബൂബക്കര്‍ സിദ്ദീഖ് എന്ന കുട്ടിക്കാണ് യുത്ത് ലീഗ് മെഡി ചെയിനിലൂടെ മരുന്ന് എത്തിച്ചു നല്‍കിയത്.

90000 രൂപ ചിലവുള്ള മരുന്ന് സംസ്ഥാന യൂത്ത് ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങളുടെയും ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിന്റെയും അഭ്യര്‍ത്ഥന മാനിച്ച് ജര്‍മ്മനിയില്‍ നിന്നും ദുബായ് കെ.എം സി സി ഭാരവാഹികള്‍ കേരളത്തിലെത്തിച്ച് നല്‍കുകയായിരുന്നു. സംസ്ഥാന വൈറ്റ്ഗാര്‍ഡ് ക്യാപ്റ്റന്‍ ഷഫീഖ് വാച്ചാല്‍ മരുന്ന് കോഴിക്കോട് ഏറ്റുവാങ്ങി. തുടര്‍ന്ന്് യൂത്ത് ലീഗ് മെഡി ചെയിനിലൂടെ ആലപ്പുഴ ജില്ലാ വൈറ്റ് ഗാര്‍ഡിന് കൈമാറി. ജില്ലാ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.ബിജുവിന്റെ നേത്യത്വത്തില്‍, ജില്ലാ വൈറ്റ്ഗാര്‍ഡ് ക്യാപ്റ്റന്‍ അമീന്‍ മനേശ്ശേരി, വൈറ്റ്ഗാര്‍ഡ് അംഗങ്ങളായ അന്‍ഷാദ് മുഹമ്മദ് , ബാദുഷ ബഷീര്‍ എന്നിവര്‍ക്കൊപ്പം കുട്ടിയുടെ കായംകുളത്തെ വീട്ടിലെത്തി മരുന്ന് കൈമാറി. ലോക്ഡൗണ്‍ മൂലം ദുരിതം അനുഭവിക്കുന്നവര്‍ക്ക് കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും വിവിധ സംസ്ഥാനങ്ങളില്‍ നിന്നും യൂത്ത്‌ലീഗ് മെഡി ചെയിനിലൂടെ മരുന്നുകള്‍ എത്തിച്ചു നല്‍കി വരുന്നു. അടുത്ത ഘട്ടത്തില്‍ കുഞ്ഞിനെ വിദഗ്ധ ചിത്സകള്‍ക്കായി കെഎംസിസിയും സംസ്ഥാന യൂത്ത് ലീഗ് കമ്മിറ്റിയും വൈറ്റ്ഗാര്‍ഡും സംയുക്തമായി ചേര്‍ന്ന് ബാംഗ്ലൂരിലെ നിംഹാന്‍സ് ഹോസ്പിറ്റലില്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

SHARE