കെ.എം.സി.സി നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു; സഊദി അറേബ്യയില്‍ നിന്ന് കൂടുതല്‍ വന്ദേഭാരത് വിമാന സര്‍വീസ് ആരംഭിക്കും

തിരുവനന്തപുരം: സഊദി അറേബ്യയില്‍ നിന്ന് കൂടുതല്‍ വന്ദേഭാരത് വിമാന സര്‍വീസ് ഏര്‍പ്പെടുത്താന്‍ തീരുമാനം. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ധം ചെലുത്തും. കെ.എം.സി.സിയുടെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി.

കൊറോണക്കാലത്തെ പ്രവാസി മലയാളികളുടെ വിവിധ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സന്ദര്‍ശിച്ച കെ.എം.സി.സി.സി നേതാക്കള്‍ക്ക്, മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പു നല്‍കി. സാമൂഹ്യസന്നദ്ധ സംഘടനകളെ കൂടി വിശ്വാസത്തിലെടുത്ത് പ്രവാസികള്‍ക്ക് പ്രത്യേക കോവിഡ് പാക്കേജ് പ്രഖ്യാപിക്കണമെന്നതുള്‍പ്പെടെ 12ഇന ആവശ്യങ്ങളാണ് കെ.എം.സി.സി നേതാക്കള്‍ ഉന്നയിച്ചത്. ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് പറഞ്ഞ മുഖ്യമന്ത്രി, തുടര്‍ നടപടികള്‍ക്കായി നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ഇളങ്കോവലിനെ ചുമതലപ്പെടുത്തി.

മടങ്ങി വരവിന് നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാവരെയും തിരിച്ചെത്തിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് സംവിധാനം ഏര്‍പ്പെടുത്തുണമെന്ന് കെ.എം.സി.സി നേതാക്കള്‍ ആവശ്യപ്പെട്ടു. വിദേശത്ത് കോവിഡ് ബാധിച്ച് മരിച്ച സാമ്പത്തിക ശേഷിയില്ലാത്തവരുടെ കുടുംബങ്ങള്‍ക്ക് സഹായ ധനം അനുവദിക്കണം. ഒപ്പം മരണപ്പെട്ട പ്രവാസികളുടെ ബാങ്ക് കടങ്ങള്‍ എഴുതിതള്ളണം. മരിച്ചവരുടെ തീര്‍ത്തും അനാഥമായവരുടെ കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ പ്രത്യേക പദ്ധതി അനിവാര്യമാണെന്നും കെ.എം.സി.സി നേതാക്കള്‍ ചൂണ്ടിക്കാട്ടി.

ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയവര്‍ക്ക് സ്വയം തൊഴില്‍ സംരംഭം ഉള്‍പ്പെടെയുള്ള അതിജീവനത്തിന് സാമ്പത്തികവും സാങ്കേതികവുമായ സഹായം നല്‍കുന്നതിനൊപ്പം, വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ സംസ്ഥാന വികസനത്തിന് ഉപയോഗിക്കണമെന്ന നിര്‍ദേശവും കെ.എം.സി.സി നേതൃത്വം മുഖ്യമന്ത്രിക്ക് മുന്നില്‍ വെച്ചു. കോണ്‍സുലേറ്റുകളിലെ കരുതല്‍ ധനം പ്രവാസി ക്ഷേമത്തിന് ചെലവഴിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണം. നോര്‍ക്കയെ പ്രവാസി സൗഹ്യദമാക്കി അവര്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ പുനഃക്രമീകരിക്കണം.

വിദേശത്തു നിന്നും തിരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് നാട്ടില്‍ തുടര്‍പഠനത്തിന് ടി.സി ലഭിക്കുന്നത് അടക്കമുള്ളവയില്‍ സര്‍ക്കാര്‍ പരിഹാരം ഉണ്ടാക്കണം. മടങ്ങിയെത്തുന്ന പ്രവാസികളെ ഒറ്റപ്പെടുത്തുന്ന പ്രവണതയും ക്വാറന്റയ്ന്‍ അടക്കമുള്ള വിഷയങ്ങളില്‍ നേരിടുന്ന പ്രതിസന്ധിയും കെ.എം.സി.സി നേതാക്കള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇക്കാര്യങ്ങളില്‍ ഉചിതമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കെ.എം.സി.സി ഭാരവാഹികളായ സി.വി.എം വാണിമേല്‍ (കെ.എം.സി.സി ഓവര്‍സീസ് ചീഫ് ഓര്‍ഗനൈസര്‍), ഇബ്രാഹിം എളേറ്റില്‍ (പ്രസിഡണ്ട് ദുബൈ കെ.എം.സി.സി.), സി.കെ.വി യൂസുഫ് (ചെയര്‍മാന്‍ കെ.എം.സി.സി മസ്‌കത്ത് കേന്ദ്ര കമ്മിറ്റി), അസീസ് നരിക്കുനി (ജനറല്‍ സെക്രട്ടറി ഖത്തര്‍ കെ.എം.സി.സി), സിറാജ് എരഞ്ഞിക്കല്‍ (സെക്രട്ടറി കുവൈറ്റ് കെ.എം.സി.സി), മൊയ്തീന്‍കോയ കല്ലമ്പാറ (ജനറല്‍ സെക്രട്ടരി റിയാദ് കെ.എം.സി.സി) എന്നിവരാണ് മുഖ്യമന്ത്രിയെകണ്ട് ചര്‍ച്ച നടത്തിയത്. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായും കെ.എം.സി.സി നേതാക്കള്‍ ചര്‍ച്ച നടത്തി.

SHARE