പ്രളയമേ കയ്യടിക്കുക; റാബിയയുടെ കല്യാണം നാളത്തന്നെ നടക്കും


കെ.എസ്. മുസ്തഫ

മേപ്പാടി: വീടും വിവാഹവസ്ത്രങ്ങളും മുക്കിക്കളഞ്ഞ് പ്രളയം താണ്ഡവമായിടിയെങ്കിലും റാബിയയുടെ വിവാഹം മുടക്കാന്‍ മാത്രം അതിന് ശക്തിയുണ്ടായില്ല. സഹൃദയര്‍ നീട്ടിനല്‍കിയ കൈപിടിച്ച് അവള്‍ നാളെ പുതുമണവാട്ടിയാവും. മൈലാഞ്ചിദിനങ്ങളുടെ സ്വപ്‌നലോകത്ത് നിന്നും ഒറ്റരാത്രികൊണ്ട് ഒറ്റപ്പെടലിന്റെ ആഴത്തിലാണ്ട ചൂരല്‍മലയിലെ തോട്ടം തൊഴിലാളി ജുമൈലത്തിന്റെ മകളാണ് നാളെ മുഴുവന്‍ പ്രതിസന്ധികളെയും അതിജയിച്ച് വൈവാഹിക ജീവിതത്തിലേക്ക് കടക്കുന്നത്. റാബിയക്കായി അഞ്ചുപവന്‍ സ്വര്‍ണ്ണാഭരണങ്ങളും വിവാഹവസ്ത്രങ്ങളും സമ്മാനിച്ച് ദുബൈ കെ.എം.സി.സി ഭാരവാഹികള്‍ വിവാഹാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കും.

ആഗസ്ത് ഏഴിനാണ് റാബിയയുടെ വീട് വെള്ളത്തില്‍ മുങ്ങിയത്. 12 വര്‍ഷം മുമ്പ് പഞ്ചായത്ത് നല്‍കിയ പണി തീരാത്ത വീട്ടില്‍ നിന്ന് ഉടുത്തിരുന്ന വസ്ത്രം മാത്രമെടുത്ത് നാട്ടുകാര്‍ വലിച്ചെറിഞ്ഞ് കൊടുത്ത കയറില്‍ തൂങ്ങിയാണ് റാബിയയും ഉമ്മയും രക്ഷപ്പെട്ടത്. പെരുംമഴയില്‍ വീടും വിവാഹവസ്ത്രങ്ങളടക്കം സകലതും വെള്ളത്തില്‍ മുങ്ങി. മണ്ണിടിഞ്ഞ് വഴിയാകെ തകര്‍ന്ന പുത്തുമലയില്‍ നിന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് ജുമൈലത്തും റാബിയയും മേപ്പാടി സെന്റ് ജോസഫ്‌സ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയത്.

സമുനസ്സുകളുടെ സഹായത്തോടെ ആഗസ്ത് നാലിന് നികാഹ് കഴിഞ്ഞിരുന്ന റാബിയയുടെ വിവാഹചടങ്ങുകള്‍ 18ലേക്ക് നിശ്ചയിച്ചിരുന്നു. ആയുസ്സിന്റെ മുഴുവന്‍ സമ്പാദ്യങ്ങളും മഴെയെടുത്ത കുടുംബത്തിന് വിവാഹം മാറ്റിവെക്കേണ്ടിവരുമെന്ന ആധി നോവായി വിങ്ങി. ക്യാമ്പില്‍ നിന്ന് വിവരമറിഞ്ഞ് നാട്ടുകാരും മുസ്്‌ലിം ലീഗ് പ്രവര്‍ത്തകരും വിവാഹം കേമമായി നടത്താന്‍ തീരുമാനിക്കുകയായിരുന്നു. വിവരങ്ങളറിഞ്ഞ ദുബൈ കെ.എം.സി.സി ഭാരവാഹികള്‍ സ്വര്‍ണ്ണാഭരണവും വിവാഹവസ്ത്രങ്ങളും നല്‍കാമെന്നറിയിക്കുകയായിരുന്നു.

ഇന്നലെ മേപ്പാടി ക്യാമ്പില്‍ നടന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മാതാവിന് സ്വര്‍ണ്ണാഭരണങ്ങള്‍ കൈമാറുകയും ചെയ്തു. ക്യാമ്പില്‍ ഇന്ന് മൈലാഞ്ചികല്യാണവും നാളെ ആഘോഷമായി വിവാഹവും നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ മഴയൊഴിഞ്ഞതിനെത്തുടര്‍ന്ന് ക്യാമ്പ് ഇന്ന് പൂട്ടാന്‍ തീരുമാനിച്ചതോടെ മറ്റൊരിടത്ത് വിവാഹചടങ്ങുകള്‍ നടത്തുമെന്ന് ക്യാമ്പില്‍ ആദ്യാവസാനം സന്നദ്ധസേവനത്തിന് നേതൃത്വം നല്‍കുന്ന അലി ഫഌര്‍ അറിയിച്ചു. നാളെ വിവാഹസ്വപ്‌നത്തിലേക്ക് റാബിയ കാലെടുത്തുവെക്കുമ്പോള്‍ ജയിക്കുന്നത് നന്മ വറ്റാത്ത നല്ല മനുഷ്യരാണ്. തോല്‍ക്കുന്നത് കലിതുള്ളിയെത്തിയ പ്രളയവും.

റാബിയക്ക് ദുബൈ കെ.എം.സി.സി നല്‍കുന്ന സ്വര്‍ണ്ണാഭരങ്ങള്‍ മേപ്പാടി ക്യാമ്പില്‍ നടന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മാതാവിന് സ്വര്‍ണ്ണാഭരണങ്ങള്‍ കൈമാറുന്നു
SHARE