കെ.എം.സി.സിയുടെ വിമാനവും സൈബര്‍ സഖാകളുടെ വിലാപവും

ഖാലിദ് കൂളിയങ്കാല്‍

ലോകത്ത് യുദ്ധം ഇല്ലാതാവണമെങ്കില്‍, സ്ത്രീ പുരുഷ ജാതി മത ഭേതമന്യേ സര്‍വര്‍ക്കും പരമ രസികന്‍ വരട്ടു ചൊറി വരണം. ചൊറിയുന്നിടത്ത് മാന്തുന്നതിനേക്കാള്‍ സമാധാനപൂര്‍ണ്ണമായ ഒരാനന്ദവും ലോകത്ത് വേറെയില്ല എന്ന ആപ്തവാക്യത്തിന്റെ പാറ്റന്റ് ബേപ്പൂര്‍ സുല്‍ത്താന്റെ പേരിലാണ്. സോഷ്യല്‍ മീഡിയയില്‍ വരട്ടു ചൊറിയുടെ എപിക് സെന്റര്‍ 24 ക്യാരറ്റ് അസൂയയാണെന്നും അത് പകര്‍ച്ച വ്യാധിയും മനസ്സിലെ തിന്മ സ്വന്തത്തോട് ചെയ്യുന്ന യുദ്ധമാണെന്നും ആദി കാലം മുതല്‍ തുടങ്ങിയ ഈ വ്യാധിക്ക് മറുമരുന്നും വാക്സിനും ഇന്നേവരെ കണ്ടെത്തിയില്ല എന്നതും പരമമായ സത്യം. ഇന്നത്തെ പോരാളി ഷാജി, അരിവാള്‍ മുക്ക് മലേഷ്മാരുടെ സ്വഭാവ ശുദ്ധിയുടെ അന്നത്തെ പകര്‍പ്പാണ് സുല്‍ത്താന്റെ തന്നെ എട്ടുകാലി മമ്മൂഞ്ഞ്. ഡിക്ഷനറിയില്‍ തള്ള്, ഉന്ത്,നരേന്ദ്ര മോദി, പിണറായി വിജയന്‍ എന്നിത്യാദി പര്യായങ്ങള്‍ കാണാം.

കഥയില്‍ നടിച്ചില്ലെങ്കിലും ജീവിതത്തില്‍ ജീവിച്ചതാണ് കലന്തന്‍ ഹാജി. നല്ല ഒന്നാം നമ്പര്‍ തലശ്ശേരി ബിരിയാണി വച്ച് കൊടുത്താലും മൂക്കറ്റം തിന്നിട്ട് പല്ലില്‍ കുത്തി കുറ്റം പറയുന്ന ജനുസ്സ്. ഹജ്ജിനു പോയിട്ട് ജംറയിലെറിയുന്ന കല്ലിന്റെ വലുപ്പത്തെ കുറ്റം പറഞ്ഞയാളാണ്. പക്ഷെ, നന്തനത്തെ സൂപ്പിയുടെ പുര കൂടലിനു പോയിട്ട് മൂപ്പര്‍ ആകെ പെട്ടുപോയി. ഒന്നാം നമ്പര്‍ വീട്, പൂന്തോട്ടം വരെ ഒന്നിനൊന്ന് മെച്ചം, വിരുന്നാണെങ്കില്‍ കെങ്കേമം. കുറ്റം പറയാനൊന്നുമില്ലാത്തതില്‍ കുണ്ഠിതപ്പെട്ട്, പണ്ട് നമ്പൂരി പറഞ്ഞ പോലെ ഒരു ചെറു വിരലിടാന്‍ ഇടമുണ്ടായിരുന്നേല്‍ ഇത്തിരി ജിലേബി കൂടി കയറ്റുമായിരുന്നു എന്ന അവസ്ഥയില്‍ വിമ്മിഷ്ട്ടപ്പെട്ട് പോരുന്നേരം കലന്തന്‍ ഹാജി പറഞ്ഞൂത്രേ, ഇതൊന്ന് പൊളിക്കണോന്ന് വെച്ചാല്‍ സൂപ്പി പെടാ പാടു പെടൂന്ന്!

കൊറോണ ഗള്‍ഫിലേക്ക് വിമാനം കയറി വന്നത് മുതല്‍ ഇരിക്കപ്പൊറുതിയില്ലാതായത് മൂന്ന് കൂട്ടര്‍ക്കാണ്, ആരോഗ്യ പ്രവര്‍ത്തകര്‍, കെ എം സി സി ക്കാര്‍, പിന്നെ പോരാളി ഷാജിമാര്‍. ആദ്യത്തെ രണ്ടു കൂട്ടര്‍ക്ക് ഫീല്‍ഡ് ജോലിയാണെങ്കില്‍ മൂന്നാമത്തെ കൂട്ടര്‍ക്ക് പണി ഓഫ് ഷോയാണ്, അതായത് ഒറ്റപ്പെട്ടയൊരു കാല്പനിക തുരുത്തിലിരുന്ന് മൊബൈലില്‍ ചൊറിയല്‍. മൊബൈലിലിന്റെ പുറത്തു ചൊറിഞ്ഞു സംതൃപ്തി നേടുന്ന മാനസിക നില അപകടത്തിലായ സൈബര്‍ കലന്തന്‍മാര്‍. ടിവി തുറന്നാലും റേഡിയോ ട്യൂണ്‍ ചെയ്താലും പത്രം നിവര്‍ത്തിയാലും സോഷ്യല്‍ മീഡിയയില്‍ ബ്രൗസ് ചെയ്താലും ഗള്‍ഫില്‍ നിന്നും ഫോണ്‍ വന്നാലും പേര്‍ത്തും പേര്‍ത്തും കെഎംസിസി എന്ന് കേള്‍ക്കാന്‍ തുങ്ങിയതോടെ തുടങ്ങിയതാണീ ചൊറിച്ചില്‍. കെ.എം.സി.സി ചാര്‍ട്ടര്‍ ചെയ്ത വിമാനം റാസല്‍ഖൈമയില്‍ നിന്നും പൊങ്ങിയത് ഹതാശയരായി കഴിയുന്ന പതിനായിരങ്ങളുടെ പ്രതീക്ഷയുടെ മാനത്തേക്കാണെങ്കില്‍ ഇറങ്ങിയത് സഖാക്കളുടെ നെഞ്ചുംകൂട് തകര്‍ത്തിട്ടാണ്. ആദ്യത്തേത് വെറും ടെസ്റ്റ് ഡോസാണെന്നും യുഎഇ യില്‍നിന്നും മാത്രം നാല്‍പ്പതിലധികം ഫ്‌ളൈറ്റുകളാണ് കെഎംസിസി ടാര്‍ഗറ്റ് ചെയ്യുന്നതെന്നുമുള്ള വിവരം വന്നതോടെ മറു മരുന്നിലാത്ത ഈ ചൊറി ഇനി മാന്തി പൊട്ടിക്കുകയെ നിവൃത്തിയുള്ളു എന്ന നിലയിലായി. കുരുപൊട്ടിയാതി ലേഹ്യവും ചൊറി ശമനാതി ചൂര്‍ണ്ണവും അവശ്യ വസ്തുക്കളുടെ ലിസ്റ്റില്‍ പെടുത്തി എകെജി സെന്റര്‍ വഴി വിതരണം ചെയ്യുകയാണ് ഉത്തമം.

ചാര്‍ജ് വാങ്ങിയിട്ടാണ് ആളുകളെ വിമാനത്തില്‍ കയറ്റിയത് എന്നാണ് പോരാളി കലന്തന്മാരുടെ പരാതി. വിമാനങ്ങളും വിമാനത്താവളങ്ങളും ഒക്കെയുള്ള, ഒരു രാജ്യം തന്നെ സ്വന്തമായുള്ള സംവിധാനമാണ് കെ.എം.സി.സി എന്നാണ് ഇവര്‍ വിചാരിച്ചിരിക്കുന്നത്. പശ്ചിമേഷ്യയില്‍ തന്നെ ഏറ്റവും വലിയ ക്വറന്റൈന്‍ സംവിധാനം നടത്തിക്കൊണ്ടു പോവുകയും ലക്ഷങ്ങളിലേക്ക് മരുന്നും ഭക്ഷണവും മറ്റു സേവനങ്ങളും പ്രതിഫലേച്ഛയില്ലാതെ എത്തിച്ചു കൊടുക്കുകയും ഒറ്റപ്പെട്ടവരെയും കഷ്ടപ്പെടുന്നവരെയും എത്തിക്കേണ്ടിടത്ത് എത്തിക്കുകയും വിഭ്രാന്തിയില്‍ പെട്ടുഴലുന്നവര്‍ക്ക് കൗണ്‍സലിംഗ് വരെ ചെയ്യുന്ന വാര്‍ത്തകളിലൊക്കെയും കെഎംസിസി എന്ന് കാണുകയും കേള്‍ക്കുകയും ചെയ്ത് ചെയ്ത് ബുദ്ധിസ്ഥിരതയുള്ളവര്‍ക്ക് പോലും അങ്ങനെ തോന്നിപ്പോയിട്ടുണ്ട്, സംസ്ഥാനത്തെ മന്ത്രിമാര്‍ വരെ അങ്ങനെയാ ധരിച്ചിരിക്കുന്നത്, പിന്നെയല്ലേ പോരാളി ഷാജിമാര്‍.

ആഗ്രഹമുണ്ടെങ്കിലും പക്ഷെ കലന്തന്‍മാരെ, കേന്ദ്രം ഭരിക്കുന്നത് ലീഗോ വിമാനക്കമ്പനിയുടെ മുതലാളി കുഞ്ഞാലിക്കുട്ടി സാഹിബോ അല്ലാത്തതു കൊണ്ട് ഏതു ബീമാനം എപ്പോള്‍ എവിടേക്ക് എന്നതൊക്കെ തീരുമാനിക്കാനുള്ള അവകാശം തല്‍ക്കാലം ബാപ്പാക്കില്ല. സര്‍ക്കാര്‍ അംഗീകരിക്കുന്ന വിമാന കമ്പനി ചാര്‍ജ് ചെയ്യുന്നത് യാത്രക്കാരില്‍ നിന്നും വീതിച്ചെടുത്തു സൗകര്യമൊരുക്കാനേ ഏതു സന്നദ്ധ സംഘടനകള്‍ക്കും സാധിക്കൂ എന്നിരിക്കെ സ്വന്തക്കാരോടെങ്കിലും കാര്യങ്ങളുടെ കിടപ്പുവശം അന്വേഷിച്ചു വേണ്ടായിരുന്നോ നിങ്ങളുടെയീ വെട്ടുകിളി ആക്രമണം. വന്ദേഭാരത് മിഷനിലെ പരിമിതമായ വിമാന സര്‍വ്വീസും സ്വജനപക്ഷപാതപരമായ ഇടപെടലുകളൂം മൂലം ഇത്രയധികം പ്രവാസികളെ നാട്ടിലെത്തിക്കുക എന്നത് മാസങ്ങളെടുത്താലും പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സമസ്യയാണെന്നു മനസ്സിലാക്കിയേടത്തു നിന്നാണ് കെഎംസിസി അടക്കമുള്ള സംഘടനകള്‍ ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റുകളെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത് എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നത് കൊണ്ട് നിങ്ങളുടെ ഇല്ലാത്ത ബുദ്ധി കുറയാനൊന്നും പോകുന്നില്ല. യാത്ര വൈകുന്നേടത്തോളം സമനില തെറ്റിപ്പോകാന്‍ മാത്രം സമ്മര്‍ദ്ദം അനുഭവിക്കുന്ന ആയിരങ്ങളാണ് പട്ടിണി കിടക്കാന്‍ പോലും പതിനായിരം രൂപയില്‍ കൂടുതല്‍ വേണ്ടുന്ന ഗള്‍ഫ് നാടുകളില്‍ ഊഴം കാത്തു നില്ക്കുന്നത് എന്നത് അവരില്‍ നിന്നും ക്വാറന്റൈന്‍ ചിലവ് ഈടാക്കാന്‍ രസീത് ബുക്കും പിടിച്ചു കാത്തു നില്‍ക്കുന്നയൊരു സര്‍ക്കാരിന്റെ മൂട് താങ്ങികള്‍ക്കൊരു വിഷയമാവാന്‍ തരമില്ലല്ലോ.

കുറ്റം പറയരുതല്ലോ, ഗള്‍ഫിലുള്ള പോരാളി ഷാജിമാര്‍ക്ക് ഈ ചൊറി കാര്യമായി ബാധിച്ചിട്ടില്ല, സന്നിഗ്ദ്ധഘട്ടത്തില്‍ കെഎംസിസി ക്കാര്‍ എത്തിച്ചു കൊടുക്കുന്ന ഭക്ഷണവും മരുന്നും കഴിച്ചു അവരെ കുറ്റം പറയാതിരിക്കുക എന്നത് ഗള്‍ഫ് ജീവിതം അവര്‍ക്ക് കൊടുത്ത വിശേഷബുദ്ധിയായിരിക്കാം. ചൊറിഞ്ഞു മാന്തിപ്പൊട്ടുന്നത് അധികവും സ്ഥിരം വെട്ടുകിളികളും ദിവസവും മൂന്ന് നേരമെങ്കിലും ലീഗിനെ ചൊറിഞ്ഞില്ലെങ്കില്‍ പാര്‍ട്ടിക്ക് തങ്ങളുടെ ചാരിത്ര്യത്തില്‍ സംശയമുണ്ടാകുമോയെന്ന് അങ്കലാപ്പുള്ള സൈബറിടങ്ങളില്‍ മാപ്ലാവുകളെന്നറിയപ്പെടുന്ന ചേക്കുട്ടിമാരും. അല്ലെങ്കിലും ഇവര്‍ക്കെന്തിനാണ് ഇത്രയും പരിഭ്രാന്തിയും ശത്രുതയും? ഗള്‍ഫില്‍ വരാനിരിക്കുന്ന മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പില്‍ കെഎം സിസി ഇവരുടെ എതിര്‍ സ്ഥാനാര്‍ത്ഥിയൊന്നുമല്ലല്ലോ! അതോ നോര്‍ക്കയെന്ന കൂര്‍ക്കം വലിച്ചുറങ്ങുന്ന ഏടാകൂടത്തിനു ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ പുഷ്പം പോലെ ചെയ്തു കാണിക്കുന്നതാണോ പ്രശ്‌നം? സര്‍ക്കാരുകള്‍ക്ക് സാധിക്കാത്തത് സാധാരണ ജനങ്ങള്‍ക്ക് വേണ്ടി ലാഭേച്ഛയോന്നുമില്ലാതെ ചെയ്യുന്നതോ? ഇവര്‍ക്കുമുണ്ടല്ലോ കല മുതല്‍ ദല വരെയുള്ള സംഘങ്ങള്‍ ഗള്‍ഫിലെല്ലായിടത്തും.

ഓണത്തിന് പുലിവേഷം കെട്ടിയും കമ്പ വലിച്ചും അവനവന്റെ കാര്യങ്ങള്‍ നോക്കിയും കാലം നീക്കുന്നതിന് പകരം പ്രവാസികളെ സേവിക്കുന്ന കാര്യത്തില്‍ ഒരു സൗഹൃദ മത്സരം തന്നെ നടക്കട്ടെ , അങ്ങനെ അതിന്റെ മെച്ചം സമൂഹത്തിനു കിട്ടട്ടെ. അല്ലാതെ ആസ്മാനും അജ്മാനും അറിയാത്ത കുറെ വെട്ടുകിളികളെ ഇറക്കി തലയും വാലുമില്ലാത്ത കാര്യങ്ങള്‍ വച്ച് ട്രോളുന്നതില്‍ കുറെ രാഷ്ട്രീയ മാനസിക രോഗികളുടെ മനസ്സംതൃപ്തിയല്ലാതെ എന്ത് കോക്കനട്ട് മര്‍ഡറാണുള്ളത്?

സേവന രംഗത്ത് മറ്റു പല സംഘടനകളും അവരവരുടെ ശേഷിക്കനുസരിച്ചു സാന്നിധ്യം അറിയിക്കുന്നുണ്ട്. ഏറ്റവും ആവശ്യമായ ഈ സമയത്തു എല്ലാത്തിനും അതിന്റെതായ മൂല്യവുമുണ്ട്. മാത്രമല്ല പലരും കെഎംസിസി യുമായി സഹകരിച്ചു കൊണ്ടാണ് ഗോദയിലുള്ളത്. അതിനിടയില്‍ സഖാക്കളുടെ നാടക കമ്പനിയുടെ, നോമ്പ് കാലത്ത് അബുദാബിയില്‍ മരത്തണലില്‍ വിശ്രമിക്കുകയായിരുന്ന മത്സ്യത്തൊഴിലാളികളെ കോവിഡ് കാലത്ത് തെരുവില്‍ പട്ടിണി കിടക്കുന്നവരായി വേഷം കെട്ടിച്ചു പിണറായി രാജാവ് സ്‌പൈഡര്‍മാനായി പറന്നു വന്നു രക്ഷിക്കുന്ന നാടകത്തിനു അബുദാബി പോലീസ് ഏര്‍പ്പെടുത്തിയ പുരസ്‌കാരം അവര്‍ സ്വീകരിച്ചു കൊണ്ടിരിക്കുകയാണെന്നും തന്റെ പ്രജകള്‍ക്ക് ഇതിലും കൂടുതല്‍ അനുമോദനങ്ങള്‍ താങ്ങാന്‍ കഴിയാത്തതിനാല്‍ ഒഴിവാക്കിക്കിട്ടാന്‍ പിണറായി രാജന്‍ ഗള്‍ഫിലെ ഇന്ത്യയുടെ അനൗദ്യോഗിക അംബാസഡറെ വിളിച്ചു കല്പിച്ചിട്ടുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ഓണത്തിനിടയിലെ അപൂര്‍വ്വം ചില പുട്ടു കച്ചവടമായി കണ്ടാല്‍ മതിയെന്നും പ്രവാസികളുടെ രക്ഷക്കെന്ന് പറഞ്ഞു ഗള്‍ഫിലെ മുതലാളിമാരില്‍ നിന്നും പിരിച്ചതൊക്കെയും തസ്‌കരവീരനിലെ മമ്മുട്ടിയെപോലെ അഭിനയിച്ച് പഠിച്ചിട്ടുണ്ടാകില്ലെന്നും വിശ്വസിക്കലാണ് ആരോഗ്യത്തിനു നല്ലത് എന്നും കൊടി സുനിയുടെ വാട്‌സ്ആപ്പ് മെസ്സേജ് ജയിലില്‍ നിന്നും വന്നതിനാല്‍ അതങ്ങനെയങ് മാഷാ അല്ലാഹ് പറഞ്ഞു സലാമത്താക്കാം.

അതിനിടയില്‍ ചിലരുടെ പ്രയാസം അവരുടെ സംഘടനകള്‍ ചെയ്യുന്ന കാര്യങ്ങള്‍ ആളുകള്‍ ശ്രദ്ധിക്കുന്നില്ല എന്നതാണ്. അതിപ്പോ ആന പാറിയ തൂഫാന്റെ കഥ പറയുന്നിടത്ത് കോഴി പാറിയ വാര്‍ത്തക്ക് വാര്‍ത്താ മൂല്യം ഇല്ലാതെ പോകുന്നുവെങ്കില്‍ അത് ആനയുടെ കുറ്റമല്ല. പാറാനൊരു ആടിനെയെങ്കിലും വച്ച് കൊടുക്കാത്തത് കൊണ്ടാണ്. കെഎംസിസി യെ സംബന്ധിച്ചിടത്തോളം വര്‍ഷത്തില്‍ മുന്നൂറ്റി അറുപത്തിയഞ്ച് ദിവസവും ചെയ്യുന്ന കാര്യങ്ങളാണ് സാമൂഹ്യ സേവനമെന്നത്. തന്റെ ആശ്രയത്തില്‍ കഴിയുന്ന കുടുംബത്തിന്റെ മുഖം പോലും ഓര്‍ക്കാന്‍ നില്‍ക്കാതെ സര്‍വ്വവും സ്രഷ്ടാവില്‍ ഭരമേല്‍പ്പിച്ച്, വിറങ്ങലിച്ചു പോയ തെരുവുകളിലും ലേബര്‍ ക്യാമ്പുകളിലും വിശക്കുന്നവനു അന്നവും ദാഹിക്കുന്നവന് വെള്ളവും വിറക്കുന്നവന് മരുന്നും ഇടം നഷ്ട്ടപ്പെട്ടവന് കിടക്കാനിടവും തരപ്പെടുത്താനിറങ്ങിയവനെ കാലം കൈകൂപ്പി വിളിച്ച പേരാണ് കെഎംസിസി എന്നത്!

ക്വാറന്റൈന്‍ ക്യാമ്പുകള്‍ ഉണ്ടാക്കുവാനും നടത്തിപ്പിനും എന്തിനേറെ എയര്‍പോര്‍ട്ടിലെ സേവനത്തിനു പോലും കെഎംസിസി യെ ആശ്രയിക്കുവാന്‍ ഭരണ കൂടങ്ങള്‍ക്കും എന്‍ജിഓകള്‍ക്കും ആത്മവിശ്വാസം നല്‍കിയത് പതിറ്റാണ്ടുകളായി കെഎംസിസിയും മാതൃ സംഘടനയായ ലീഗും നടത്തിക്കൊണ്ടിരിക്കുന്ന സദ്പ്രവര്‍ത്തനങ്ങളുടെ ജീവിക്കുന്ന ഉദാഹരണങ്ങള്‍ തുറന്ന പുസ്തകമായി നിലനിക്കുന്നതു കൊണ്ടാണ്. നന്മയില്‍ പരസ്പരം മത്സരിക്കണമെന്നാണല്ലോ, സൈബര്‍ കലന്തന്‍മാര്‍ എന്ത് കൊണ്ടാണ് ആ വഴിക്ക് ചിന്തിക്കാത്തത്? കെഎംസിസി യുടെ നാല്‍പ്പത്തി മൂന്ന് ഫ്‌ളൈറ്റ് പദ്ധതിക്ക് പകരം നിങ്ങളുടെ 44 ഫ്‌ളൈറ്റുകളെങ്കിലും പൊങ്ങട്ടെ! ചാര്‍ജ് പകുതിയാക്കിയെങ്കിലും ആളുകള്‍ക്ക് തുണയാകൂ.

കെഎംസിസി അവരുടെ ഓരോ ഫ്‌ലൈറ്റിലും അര്‍ഹതയുള്ള 10 മുതല്‍ 20 ശതമാനം വരെ ആളുകളെ ഫ്രീയായി കൊണ്ട് വരുന്നു, അതായത് നാല്‍പ്പത്തി മൂന്നു വിമാനങ്ങളിലും കൂടി ഏകദേശം ആറര വിമാനങ്ങളിലുള്ളവര്‍ക്ക് സൗജന്യ യാത്ര! നിങ്ങള്‍ 21 ശതമാനം ഫ്രീ ആക്കി കെഎംസിസി യെ തോല്‍പ്പിക്കൂ! ലക്ഷം ആളുകളെ ഫ്രീ ആയി കൊണ്ട് വന്നാലും കെഎംസിസി യുടെ ത്യഗ പ്രവര്‍ത്തനങ്ങള്‍ക്ക് പകരമാകില്ലെങ്കിലും നിങ്ങളുടെ കലന്തന്‍ സ്വഭാവം കൊണ്ട് പ്രവാസികള്‍ക്കെങ്കിലും ഈ സന്നിഗ്ദ ഘട്ടത്തില്‍ ഉപകാരമുണ്ടാകട്ടെ. ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റുകളുടെ കാര്യത്തില്‍ കേരളം കേന്ദ്രത്തെയും കേന്ദ്രം കേരളത്തെയും തള്ളിക്കളിച്ചുകൊണ്ടിരിക്കുകയാണ്, എല്ലാതള്ളും അവസാനം കൊള്ളുന്നത് പ്രവാസിയുടെ പുറത്താണെന്നും അവന്റെ ജീവന്‍ വച്ചുള്ള കളി പല വീടുകളിലും കൊള്ളി വെക്കാനുള്ള കളിയായിപ്പോയേക്കാമെന്നുമുള്ള ഓര്‍മ്മയുണ്ടാകണം. രണ്ടരലക്ഷം പേര്‍ക്കുള്ള ക്വാറന്റൈന്‍ സംവിധാനം ഒരുക്കിവച്ചിട്ടുണ്ടെന്ന് പറഞ്ഞു എം എന്‍ പിള്ളയെപ്പോലെ മക്കളോട് കേറി വരാന്‍ പറഞ്ഞത് ശങ്കരാടിയെ മുന്നില്‍ നിര്‍ത്തി പിറകിലേക്ക് വിളിച്ചോണ്ട് പോയി കാല് വാരി നിലത്തടിക്കാനാണെന്ന് അറിയാന്‍ വൈകിപ്പോയി.

നിയമപരമായ മുന്നറിയിപ്പ്: കപ്പലിന് വേണ്ടിയുള്ള ശ്രമവും കെ.എം.സി.സി നടത്തുന്നുണ്ട് എന്ന് അറിഞ്ഞു, അഥവാ നിങ്ങള്‍ അതില്‍ വിജയിച്ചാല്‍ ദയവു ചെയ്ത് കാര്യം വളരെ രഹസ്യമാക്കി വെക്കുകയും സൈബര്‍ വെട്ടുകിളികളുടെ വിശ്രമനേരമായ രാവിലെ ആറിനും വൈകീട്ട് ആറിനും ഇടയില്‍ കൊച്ചിയില്‍ എത്തുന്ന രീതിയില്‍ സമയം ക്രമീകരിക്കുകയും ചെയ്യുക, അല്ലെങ്കില്‍ അരിവാള്‍ മുക്കില്‍ നടക്കാന്‍ പോകുന്ന കൂട്ട ആത്മഹത്യക്ക് നിങ്ങള്‍ മാത്രമായിരിക്കും ഉത്തരവാദി.

SHARE