യുഎഇയില്‍ നിന്നുള്ള കെഎംസിസി വിമാന സര്‍വീസുകള്‍ക്ക് ഇന്ത്യയില്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ച് കേന്ദ്രം


അബൂദബി: ഇത്തിഹാദ്, എയര്‍ അറേബ്യ, എമിറേറ്റ്സ് എയര്‍ലൈന്‍ തുടങ്ങിയ യു.എ.ഇ വിമാനകമ്പനികളുടെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ ലാന്‍ഡ് ചെയ്യുന്നതിന് കേന്ദ്ര വ്യോമയാന വകുപ്പ് അപ്രതീക്ഷിത വിലക്കേര്‍പ്പെടുത്തിയതോടെ പല ചാര്‍ട്ടേഡ് വിമാന യാത്രക്കാരുടെയും യാത്ര അനിശ്ചിതത്വത്തിലായി.

ശനിയാഴ്ച (ഇന്ന്) ഉച്ചക്ക് 14.20ന് അബൂദബിയില്‍ നിന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറക്കേണ്ടിയിരുന്ന അബൂദബി സംസ്ഥാന കെ.എം.സി.സി ചാര്‍ട്ടേഡ് ചെയ്ത ഇത്തിഹാദ് എയര്‍വേയ്സിന്റെ ഇ.വൈ 254 വിമാനത്തിന്റെ യാത്രയാണ് ഡയറക്ടറേറ്റ് ഓഫ് ജനറല്‍ സിവില്‍ ഏവിയേഷന്‍ അനുമതി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് അവസാന നിമിഷം റദ്ദാക്കിയത്. എന്നാല്‍ സൗദി അറേബ്യയില്‍ നിന്നും മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമുള്ള ഒട്ടേറെ വിമാന കമ്പനികള്‍ക്ക് അനുവാദം നല്‍കിയിട്ടുമുണ്ട്.

കേരള സര്‍ക്കാര്‍, അബൂദബി ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം, കേരള പ്രവാസികാര്യ വകുപ്പ് എന്നിവര്‍ക്കൊന്നും യു.എ.ഇ വ്യോമയാന കമ്പനികളുടെ വിമാനങ്ങള്‍ക്ക് യാത്ര റദ്ദാക്കിയതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് അബൂദബി കെ.എം.സി.സി നടത്തിയ അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞതെന്ന് പ്രസിഡന്റ് ഷുക്കൂര്‍ അലി കല്ലുങ്ങല്‍ അറിയിച്ചു.

അഞ്ചു കുട്ടികളും 178 മുതിര്‍ന്നവരും ഉള്‍പ്പെടെ 183 യാത്രക്കാരാണ് അവസാന നിമിഷം യാതൊരു മുന്നറിയിപ്പുമില്ലാതെ ഇന്ത്യാ ഗവന്മെന്റ് നടപ്പാക്കിയ പുതിയ നിയന്ത്രണം മൂലം യാത്ര മുടങ്ങി ബുദ്ധിമുട്ടിലായത്. യു.എ.ഇ വിമാനക്കമ്പനികള്‍ക്ക് ഡയറക്ടറേറ്റ് ഓഫ് ജനറല്‍ സിവില്‍ ഏവിയേഷന്‍ ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ ഇറങ്ങുന്നതിനുള്ള അനുമതി നിഷേധിച്ചതിന്റെ കാരണം ഇപ്പോഴും അവ്യക്തമാണ്.

വിമാനയാത്ര പുനരാരംഭിക്കാനുള്ള നടപടികളുമായി കെ.എം.സി.സി കേന്ദ്ര വ്യോമയാന വകുപ്പ് അധികൃതരും വിദേശ കാര്യമന്ത്രാലയവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. വളരെ പ്രതീക്ഷയോടെയാണ് ജോലി നഷ്ടപ്പെട്ടവര്‍ ഉള്‍പ്പെടെയുള്ളവര്‍ നാടണയാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിച്ചത്.