കെ.എം.സി.സിക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയയില്‍ ഡി.പി ക്യാമ്പയിന്‍

കോഴിക്കോട്: കോവിഡ് മഹാമാരിയുടെ ദുരിതത്തില്‍ കഴിയുന്ന പ്രവാസികള്‍ക്ക് ആശ്വാസമേകാന്‍ സര്‍വതും മറന്ന് പ്രവര്‍ത്തിക്കുന്ന കെ.എം.സി.സി പ്രവര്‍ത്തകന്‍മാര്‍ക്കും നേതാക്കള്‍ക്കും പിന്തുണയുമായി ഫെയ്‌സ്ബുക്കില്‍ ഡി.പി ക്യാമ്പയിന്‍. ‘കെ.എം.സി.സി നാട്യങ്ങളില്ലാത്ത കരുതല്‍, നാട്ടിലും മറുനാട്ടിലും’ എന്ന തലക്കെട്ടിലാണ് ഡി.പി. മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് നേതാക്കള്‍ മുതല്‍ സാധാരണ പ്രവര്‍ത്തകന്‍മാര്‍ വരെ ക്യാമ്പയിന്റെ ഭാഗമായി ഡി.പി മാറ്റിയിട്ടുണ്ട്.

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, കോഴിക്കോട് വലിയ ഖാളി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ തുടങ്ങിയ നേതാക്കളും എം.എല്‍.എമാരും ക്യാമ്പയിന്റെ ഭാഗമായിട്ടുണ്ട്.

കോവിഡ് മഹാമാരിക്ക് മുന്നില്‍ വിദേശ രാജ്യങ്ങളില്‍ താമസ സൗകര്യങ്ങളോ ഭക്ഷണമോ ഇല്ലാതെ പകച്ചുപോയ പ്രവസികള്‍ക്ക് മുന്നില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ നോക്കുകുത്തികളായപ്പോള്‍ അവിടെയെല്ലാം ആശ്വാസവുമായെത്തിയത് കെ.എം.സി.സിയുടെ പ്രവര്‍ത്തകരായിരുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ യു.കെ, ഓസ്‌ട്രേലിയ അടക്കമുള്ള രാജ്യങ്ങളിലും കെ.എം.സി.സി സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ പ്രശംസിക്കപ്പെട്ട കെ.എം.സി.സിയുടെ സേവനങ്ങള്‍ക്ക് അംഗീകാരവും പിന്തുണയും പ്രഖ്യാപിച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ഡി.പി ക്യാമ്പയിന്‍ നടക്കുന്നത്.

SHARE