കെ.എം.സി.സിയുടെ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ വീണ്ടും; 15000 പ്രവാസികള്‍ കൂടി നാട്ടിലേക്ക്

ഫുജൈറ: കോവിഡ് 19 പ്രതിസന്ധി കാരണം യു.എ.ഇയില്‍ നിന്നും നാട്ടിലെത്താന്‍ ആഗ്രഹിക്കുന്ന 15,000 പേര്‍ക്കു കൂടി യാത്രാ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് യു.എ.ഇ കെ.എം.സി.സി. സംഘടനയുടെ നാഷണല്‍ കമ്മിറ്റി യു.എ.ഇയിലെ അബുദാബി, ദുബൈ, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ, അല്‍ ഐന്‍ എന്നീ എട്ടു കീഴ്ഘടകങ്ങളുമായി സഹകരിച്ച് ഏര്‍പ്പെടുത്തുന്ന ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസിന്റെ രണ്ടാം ഷെഡ്യൂളിലാണ് ഇത്രയും പേര്‍ക്ക് യാത്രാ സൗകര്യം ഒരുക്കുക. അതുവഴി യു.എ.ഇയുടെ എല്ലാ ഭാഗത്ത് നിന്നും നാട്ടിലേക്ക് യാത്രയാഗ്രഹിക്കുന്നവര്‍ക്കും ഈ സേവനം എളുപ്പത്തില്‍ ലഭ്യമാകും.
ജൂണ്‍ 17 മുതലുള്ള ദിവസങ്ങളില്‍ 70 വിമാനങ്ങള്‍ യാത്രക്കാരുമായി കേരളത്തിലേക്ക് പറക്കും. കോഴിക്കോട് വിമാനത്താവളത്തില്‍ അമ്പതും കൊച്ചി, തിരുവന്തപുരം വിമാനത്താവളങ്ങളില്‍ പത്തും വീതവുമാണ് സര്‍വീസുകള്‍. കെ.എം.സി.സിയുടെ അഭ്യര്‍ത്ഥന പ്രകാരം സര്‍വീസ് നടത്തുന്ന ഫ്ളൈ ദുബൈ, എയര്‍ അറേബ്യ, സ്പേസ് ജെറ്റ്, ഗോ എയര്‍ വിമാനങ്ങള്‍ ദുബൈ, അബുദാബി, ഷാര്‍ജ, റാസല്‍ഖൈമ വിമാനത്താവളങ്ങളില്‍ നിന്നാണ് പുറപ്പെടുക. പദ്ധതിയുടെ രണ്ടാം ഘട്ടമാണിത്. ആദ്യ ഘട്ടത്തില്‍ വിവിധ എമിറേറ്റുകളില്‍ നിന്നായി പുറപ്പെട്ട 16 വിമാങ്ങളിലായി 3,000 പേര്‍ക്ക് നാട്ടിലെത്താനായി. യാത്രക്കാരില്‍ സാമ്പത്തിക പ്രയാസങ്ങള്‍ ഇല്ലാത്തവരില്‍ നിന്നും നിശ്ചിത നിരക്ക് ഈടാക്കിയും 20 ശതമാനം സീറ്റുകള്‍ നിര്‍ധനര്‍ക്ക് സംവരണം ചെയ്തുമാണ് സംഘടനാ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യുന്നത്.

കോവിഡ് പ്രതിസന്ധിയില്‍ തൊഴില്‍ നഷ്ടപ്പെട്ടവരെയും ജീവിതം വഴിമുട്ടിയവരെയും രോഗികളും ഗര്‍ഭിണികളുമായവരെയും അടിയന്തിര സാഹചര്യങ്ങളില്‍ ഉള്ളവരെയും നാട്ടിലെത്തിക്കാനാണ് കെ.എം.സി.സി വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്ത് യാത്രാ സൗകര്യം ഒരുക്കിയത്. കേന്ദ്ര ഗവണ്‍മെന്റിന്റെ സംവിധാനമായ വന്ദേ ഭാരത് വിമാനങ്ങളില്‍ നാട്ടിലെത്തിക്കാനാവുക വളരെ കുറച്ചാളുകള്‍ മാത്രമാണെന്ന യാഥാര്‍ത്ഥ്യവും നാട്ടിലെത്താന്‍ കാത്തിരിക്കുന്നവരുടെ എണ്ണവും ദുരിതങ്ങളും തിരിച്ചറിഞ്ഞാണ് കെ.എം.സി.സി വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്ത് യാത്രാ സൗകര്യം ഒരുക്കാനായി മുന്നോട്ടു വന്നത്.

യു.എ.ഇയിലേക്ക് അനുവദിക്കുന്ന വന്ദേ ഭാരത് മിഷന്‍ വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി കെ.എം.സി.സി വീണ്ടും കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ വകുപ്പുകളില്‍ അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. കൂടുതല്‍ വന്ദേ ഭാരത് മിഷന്‍ വിമാനങ്ങള്‍ അനുവദിച്ചു കിട്ടുന്നില്ലെങ്കില്‍ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യുന്ന ദൗത്യം ജൂലൈ മാസത്തിലും തുടരാനാണ് കെ.എം.സി.സി തീരുമാനം. പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ 100 വിമാന സര്‍വീസുകളാണ് ലക്ഷ്യമിടുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു സന്നദ്ധ സേവക കൂട്ടായ്മ ഇത്രയും ആളുകളെ ഒരുമിച്ച് നാട്ടിലെത്തിക്കുന്നത്. കെ.എം.സി.സി ലക്ഷ്യമിടുന്ന വിധത്തില്‍ ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുകള്‍ പൂര്‍ത്തീകരിക്കാനായാല്‍ 30,000 പേരെ നാട്ടിലെത്തിക്കാനാകും. കെ.എം.സി.സി കോവിഡ് പ്രതിസന്ധിയുടെ തുടക്കത്തില്‍ നടത്തിയ കണക്കെടുപ്പില്‍ 35,000 പേരാണ് അടിയന്തിരമായി നാട്ടിലെത്താന്‍ ആഗ്രഹിക്കുന്നതായി രേഖപ്പെടുത്തിയത്. കേന്ദ്ര സര്‍ക്കാറിന്റെ വന്ദേ ഭാരത് മിഷന്‍ വിമാനങ്ങള്‍ വഴി നാട്ടിലെത്തുന്നവരെക്കാള്‍ വളരെ കൂടുതല്‍ ആളുകളെ കെ.എം.സി.സി നാട്ടിലെത്തിക്കും. ലോകത്ത് തന്നെ ഇതാദ്യമായാണ് ഇങ്ങനെ ഒരു ദൗത്യം ഒരു സാമൂഹിക കൂട്ടായ്മ നിര്‍വഹിക്കുന്നത്. കെ.എം.സി.സി ഇതു വഴി കേരളത്തിന്റെ പ്രവാസ ചരിത്രത്തിലും ലോക ചരിത്രത്തിലും അടയാളപ്പെടുത്തുകയാണ് -യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍ പറഞ്ഞു.

കെ.എം.സി.സിയുടെ ഇതര ജി.സി.സി കമ്മിറ്റികളും ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ വഴി മലയാളികളെ നാട്ടിലെത്തിക്കുന്നുണ്ട്. സഊദി അറേബ്യ, ഒമാന്‍, ഖത്തര്‍, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ കേരളത്തില്‍ ഇതിനകം ആളുകളെ എത്തിച്ചു കഴിഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചു തന്നെ ഈ ദൗത്യം പൂര്‍ത്തീകരിക്കാന്‍ സംഘടന പ്രതിജ്ഞാബദ്ധമാണെന്നും പുത്തൂര്‍ റഹ്മാന്‍ വ്യക്തമാക്കി.

SHARE