കെ.എം.സി.സി ചാര്‍ട്ട് ചെയ്ത വിമാന സര്‍വീസുകളുടെ എണ്ണം 200 കടന്നു


കോഴിക്കോട്: കെ.എം.സി.സി കമ്മിറ്റികളുടെ നേതൃത്വത്തില്‍ ചാര്‍ട്ട് ചെയ്ത് പറത്തിയ വിമാനങ്ങളുടെ എണ്ണം 200 കടന്നു. ജൂലൈ ഒന്നു വരെ 201 വിമാനങ്ങളാണ് വിവിധ രാജ്യങ്ങളില്‍നിന്ന് കേരളത്തിലെത്തിയത്. ജിദ്ദയില്‍നിന്ന് മാത്രം കഴിഞ്ഞ ദിവസം അഞ്ചു വിമാനം പറന്നെത്തി. വിസിറ്റ് വിസയിലെത്തി കുടുങ്ങിയവരും ഗര്‍ഭിണികളും രോഗികളും ഉള്‍പ്പെടെ ആയിരങ്ങള്‍ക്കാണ് കെ.എം.സി.സി വിമാന സര്‍വ്വീസുകള്‍ ആശ്വാസമായത്. അര്‍ഹരായ നൂറുകണക്കിനാളുകള്‍ സൗജന്യമായും കെ.എം.സി.സി ഫ്ളൈറ്റുകളില്‍ നാട്ടിലെത്തി. ലോക് ഡൗണ്‍ ആരംഭിക്കുകയും വിമാന സര്‍വ്വീസുകള്‍ നിലയ്ക്കുകയും ചെയ്തപ്പോള്‍ എന്തു ചെയ്യുമെന്നറിയാതെ അങ്കലാപ്പിലായവര്‍ക്ക് ആശ്വാസമാവുകയായിരുന്നു കെ.എം.സി.സി.

കേന്ദ്ര സര്‍ക്കാര്‍ വന്ദേഭാരത് എന്ന പേരില്‍ വിമാന സര്‍വ്വീസ് ആരംഭിച്ചെങ്കിലും സീറ്റുകള്‍ പരിമിതമായിരുന്നു. ഈ സാഹചര്യത്തിലാണ് കെ.എം.സി.സി കമ്മിറ്റികള്‍ മുന്‍കൈയെടുത്ത് ചാര്‍ട്ടേഡ് ഫ്ളൈറ്റുകളുടെ സര്‍വ്വീസ് തുടങ്ങിയത്. സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും ഉടക്കുകള്‍ ഏറെ മറികടന്നാണ് സര്‍വ്വീസുകള്‍ സാധ്യമായത്. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാറിന്റെ നടപടി കാരണം നിരവധി വിമാനങ്ങള്‍ വൈകിയിരുന്നു. എന്നാല്‍ കനത്ത പ്രതിഷേധങ്ങളെതുടര്‍ന്ന് സര്‍ക്കാര്‍ ആ സര്‍ക്കുലര്‍ പിന്‍വലിച്ചു.

ജോലിയും ഭക്ഷണവുമില്ലാതെ കഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് ഭക്ഷണ പൊതികളും ധാന്യ കിറ്റുകളും നല്‍കിയിരുന്ന കെ.എം.സി.സി രോഗികളെ പരിചരിക്കുന്നതിലും അവര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിലും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ച വെച്ചത്. കോവിഡ് കാലത്തെ ഈ വിമാന സര്‍വ്വീസുകളും കെ.എം.സി.സിയുടെ ചരിത്രത്തിലെ ശ്രദ്ധേയമായ അടയാളപ്പെടുത്തലാണ്. വന്ദേഭാരത് മിഷന്‍ പുനരാരംഭിച്ചെങ്കിലും പല രാജ്യങ്ങളിലും ഇപ്പോഴും കെ.എം.സി.സി ചാര്‍ട്ട് ചെയ്യുന്ന വിമാനങ്ങളെയാണ് പ്രവാസികള്‍ ആശ്രയിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.