പ്രവാസികളുടെ വരവും ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റും തടയിടാനുള്ള നീക്കം ചെറുക്കും – സഊദി കെഎംസിസി

റിയാദ്: കേരളത്തിലേക്കുള്ള ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ യാത്രയാകുന്നവര്‍ കോവിഡ് ടെസ്റ്റ് ചെയ്തു നെഗറ്റീവ് റിപ്പോര്‍ട്ടുമായി വരണമെന്ന കേരള സര്‍ക്കാരിന്റെ തീരുമാനം പ്രവാസികള്‍ നാട്ടിലെത്തുന്നത് തടയാനുള്ള നീക്കമാണെന്നും ഇരുട്ടടിയായി മാറുന്ന ഈയൊരു നടപടി സൗദിയിലെ പ്രവാസികള്‍ ചെറുക്കുമെന്നും കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി. പ്രവാസികളുടെ മുറവിളികള്‍ മൂലം കെഎംസിസി യടക്കമുള്ള പ്രവാസി സംഘടനകളുടെ ശ്രമഫലമായി ഒരുക്കുന്ന ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റ് സംവിധാനത്തെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കം. വന്ദേ ഭാരത് മിഷനില്‍ പെട്ട വിമാനങ്ങളില്‍ കേരളത്തിലെത്തുന്നവര്‍ക്ക് ഈ നിയമം ബാധകമല്ലെന്നത് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ കേരള സര്‍ക്കാര്‍ കാണുന്ന പൊളിറ്റിക്‌സ് ആണെന്ന് പ്രവാസി സമൂഹത്തിന് ബോധ്യമായതായി കെഎംസിസി ഭാരവാഹികള്‍ പറഞ്ഞു.
സൗദിയിലെ പ്രത്യേക സാഹചര്യത്തില്‍ ഇത്തരം ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ ലഭ്യമാകാന്‍ സാധ്യത വളരെ വിരളമാണെന്നിരിക്കെ സാധാരണക്കാരായ പ്രവാസികളുടെ യാത്രാമോഹം ഇതോടെ പൊലിയുമെന്നും അടിയന്തരമായി നാട്ടിലെത്തേണ്ട ആയിരങ്ങളുടെ ദുരിതം ഇരട്ടിക്കുമെന്നും വാര്‍ത്താകുറിപ്പില്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ കെഎംസിസി പി കെ കുഞ്ഞാലികുട്ടി എംപിയുമായും പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറുമായും ബന്ധപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ അടിയന്തരമായ പരിഹാരങ്ങള്‍ കണ്ടെത്തണമെന്ന് കെഎംസിസി സഊദി നാഷണല്‍ കമ്മിറ്റി ആവശ്യപെട്ടിട്ടിട്ടുണ്ട് . ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് പകരം ആവശ്യമായ ഫ്ളൈറ്റുകള്‍ വന്ദേ ഭാരത് മിഷനില്‍ തന്നെ നല്‍കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണം

കോവിഡുമായി ഒരുപ്രവാസി പോലും നാട്ടിലെത്തരുത് എന്നാണു ഞങ്ങളുടെ ആഗ്രഹം.പക്ഷെ അതുമൂലം നിരപരാധികളായ പ്രവാസികളുടെ യാത്ര മുടങ്ങരുത്. സംവിധാനങ്ങള്‍ ഒരുക്കി നല്‍കാതെ ദുരിതത്തിലകപ്പെട്ട പ്രവാസികളെ കൂടുതല്‍ മാനസിക സമ്മര്‍ദ്ദത്തിലാക്കരുത് . ഈ ടെസ്റ്റ് ചെയ്യാനുള്ള സ്വതന്ത്രമായ സംവിധാനം ഇവിടെ നിലവില്ലാത്തതിനാല്‍ അതിന്റെ പേരില്‍ രോഗികളുടെയും ഗര്ഭിണികളുടെയും യാത്ര നിഷേധിക്കപ്പെടരുത്. കോവിഡ് ടെസ്റ്റ് ചെയ്യാനുള്ള സൗകര്യം ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഒരുക്കി തരേണ്ടത് ഇന്ത്യന്‍ എംബസ്സിയാണ് . നടപടികള്‍ പൂര്‍ത്തിയാക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാറിന്റെ നയതന്ത്ര തലത്തിലുള്ള ഇടപെടലുകള്‍ വേണം. കേന്ദ്രം ഇക്കാര്യം ചെയ്തു തരണമെങ്കില്‍ കേരളത്തിന്റെ ശക്തമായ ഇടപെടലുകള്‍ ഉണ്ടാവണം. മലയാളികളെ അതീവ ഗുരുതരമായി ബാധിക്കുന്ന വിഷയമെന്ന നിലയില്‍ മുഖ്യമന്ത്രി അടിയന്തരമായി ഈ തീരുമാനം പിന്‍വലിക്കണം .

സൗദിയിലെ ഇന്ത്യക്കാരായ 26 ലക്ഷത്തോളം പ്രവാസികളില്‍ പകുതിയിലധികവും മലയാളികളാണ്. എംബസിയില്‍ രെജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഒരു ലക്ഷത്തിലധികം പേരില്‍ പകുതിയിലധികവും കേരളക്കാര്‍ തന്നെ. വന്ദേ ഭാരതിന്റെ പദ്ധതിയില്‍ രണ്ടു ഘട്ടങ്ങളിലായി 21 സര്‍വീസുകളില്‍ നാട്ടിലെത്തിയത് നാലായിരത്തോളം പേര്‍ മാത്രമാണ്. മൂന്നാം ഘട്ടത്തില്‍ സൗദിയില്‍ നിന്ന് ഒരു സര്‍വീസ് പോലും കേരളത്തിലേക്ക് അനുവദിച്ചിട്ടില്ല. അതെ സമയം സൗദിയെക്കാളും മലയാളികള്‍ കുറവുള്ള യു എ ഇ ലേക്ക് 59 ഫ്ളൈറ്റുകളാണ് അനുവദിച്ചത്. 150 ഓളം സര്‍വീസുകള്‍ യു എ ഇ യിലേക്ക് ഇതുവരെ അനുവദിച്ചപ്പോള്‍ സൗദിക്ക് വെറും 21 സര്‍വീസുകള്‍ മാത്രം. രോഗികളും ഗര്‍ഭിണികളുമടക്കമുള്ള സൗദിയിലെ പ്രവാസികളോടു കാണിക്കുന്ന കടുത്ത അനീതിയാണിതെന്നും ഏത് വിധേനയും ഇവരെ നാട്ടിലെത്തിക്കുന്നതിന് കെഎംസിസി മറ്റു പ്രവാസി സംഘടനകളുമായി കൈകോര്‍ത്ത് പൊരുതുമെന്നും കെഎംസിസി നാഷണല്‍ കമ്മിറ്റിയുടെ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു .

SHARE