ഇരുപത്തിനാല് മണിക്കൂറിനിടെ മൂന്ന് ചാര്‍ട്ടേഡ് വിമാനങ്ങളുമായി കെ.എം.സി.സി

ദമാം: ഇരുപത്തിനാല് മണിക്കൂറിനിടെ സൗദിയിലെ ദമ്മാമില്‍ നിന്നും മൂന്ന് വിമാനങ്ങള്‍ ചാര്‍ട്ട് ചെയത് കെ.എം.സി.സി. സൗദി എയര്‍ലൈന്‍സിന്റെ രണ്ടും സ്‌പൈസ് ജെറ്റിന്റെ ഒരു സര്‍വീസുമാണ് ദമ്മാമില്‍ നിന്നും കോഴിക്കോട് കൊച്ചി വിമാനത്താവളങ്ങളിലേക്ക് നടത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് മൂന്നാമത്തെ വിമാനം 255 യാത്രക്കാരുമായി കോഴിക്കോട്ടേക്ക് പുറപ്പെട്ടത്. ദമ്മാം മലപ്പുറം ജില്ലാ കെ.എം.സി.സിയുടെ നേതൃത്വത്തിലാണ് സര്‍വീസ്.

ദമ്മാമില്‍ നിന്നും പ്രാദേശിക സമയം പുലര്‍ച്ചെ അഞ്ച് മണിക്കാണ് വിമാനം കോഴിക്കോട്ടേക്ക് പുറപ്പെട്ടത്. 260 യാത്രക്കാരുമായാണ് സര്‍വീസ്. ഗര്‍ഭിണികളും, വിദഗ്ധ ചികില്‍സ ആവശ്യമുള്ളവരുമായ നിരവധി പേരുള്‍പ്പെടുന്നവരാണ് യാത്രക്കാര്‍. 700 ഓളം പേരാണ് മൂന്ന് വിമാനങ്ങളിലുമായി യാത്രയായത്.

ഏറെ നാളത്തെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് ആദ്യമായി കെ.എം.സി.സി ദമ്മാമില്‍ നിന്നും കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നത്. ആദ്യ ദിനത്തില്‍ തന്നെ മൂന്ന് സര്‍വീസുകള്‍ ഒരുമിച്ച് നടത്താന്‍ സാധിച്ച നിര്‍വൃതിയിലാണ് സംഘാടകര്‍.മുഴുവന്‍ യാത്രക്കാര്‍ക്കും സംഘടനയുടെ നേതൃത്വത്തില്‍ സൗജന്യമായാണ് പി.പി.ഇ കിറ്റുകള്‍ ലഭ്യമാക്കിയത്. യാത്രക്കാര്‍ക്കാവശ്യമായ സേവനങ്ങള്‍ ഉറപ്പ് വരുത്തുന്നതിനും സംഘടനാ വളണ്ടിയര്‍മാരും വിമാനത്താവളത്തില്‍ സജീവമായിരുന്നു.

SHARE