പ്രചരിക്കുന്നത് തെറ്റായ വാര്‍ത്ത; രാഹുല്‍ സോളങ്കിയുടെ കുടുംബത്തെ ലീഗ് സഹായിച്ചിട്ടില്ല: എം.കെ നൗഷാദ്

ഡല്‍ഹി: വംശഹത്യയുമായി ബന്ധപ്പെട്ട മുസ്ലിം ലീഗ് നടത്തി വരുന്ന റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാഹുല്‍ സോളങ്കിയുടെ കുടുംബത്തെ സാമ്പത്തികമായി സഹായിച്ചെന്നുള്ള പ്രചാരം തെറ്റാണെന്ന് ആള്‍ ഇന്ത്യാ കെഎംസിസി പ്രസിഡണ്ട് എം.കെ നൗഷാദ്.
എല്ലാ ദിവസവും ചേരുന്ന അവലോകന യോഗങ്ങളില്‍ ഇത്തരം വീഴ്ചകള്‍ സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുന്നുണ്ടെന്നും എം.കെ നൗഷാദ് കൂട്ടിച്ചേര്‍ത്തു.

ആദ്യഘട്ട സര്‍വ്വേയില്‍ പ്രദേശവാസിയായ ഒരാളുടെ അഭിപ്രായപ്രകാരം കലാപത്തില്‍ കൊല്ലപ്പെട്ട രാഹുല്‍ സോളങ്കിയുടെ കുടംബത്തെ ലിസ്റ്റില്‍ ചേര്‍ത്തിരുന്നു. എന്നാല്‍ കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഇദ്ദേഹത്തിന്റെ കുടുംബത്തിന് ബജ്‌റംഗ്ദളുമായി ബന്ധമുണ്ടെന്നും ഹിന്ദു കലാപകാരികള്‍ തന്നെയാണ് ഇദ്ദേഹത്തെ വെടിവെച്ചതെന്നും മനസ്സിലായി. ഇതേതുടര്‍ന്ന് ലിസ്റ്റില്‍ നിന്നും പേര് നീക്കുകയായിരുന്നു. ഡല്‍ഹി വംശഹത്യയ്ക്ക് ആഹ്വാനം ചെയ്ത കപില്‍മിശ്രക്കെതിരെ രാഹുല്‍ സോളങ്കിയുടെ കുടുംബം രംഗത്ത് വന്നിട്ടുണ്ട്.

കലാപത്തില്‍ ഇരകളായ എല്ലാ കുടുംബങ്ങളെയും മുസ്ലിം ലീഗ് സഹായിക്കുന്നുണ്ട്. പാര്‍ട്ടി നടപ്പിലാക്കുന്ന കര്‍മ്മ പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം മുസ്ഥഫാബാദില്‍ നടന്ന ചടങ്ങില്‍ ദേശീയ നേതാക്കള്‍ നിര്‍വ്വഹിച്ചിരുന്നു. ആദ്യഘട്ടമായി പത്തു കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കി. കലാപത്തില്‍ കൊല്ലപ്പെട്ട തസ്ബീറിന്റെ കുടുംബത്തിന് ഇന്നലെ ഒരു ലക്ഷവും നല്‍കിയിരുന്നു.

SHARE