കോവിഡിന്റെ മറവില്‍ കേമു നടത്തുന്ന ആശ്രിത നിയമനങ്ങള്‍ തുറന്നു കാട്ടണം

കെ.എം ഷാജി

പിണറായി കാലത്തെ ‘പരമ യോഗ്യത’യുടെ മാനദണ്ഡം ‘സ്വന്ത ബന്ധ’വും ‘രക്തബന്ധ’വുമാണോ? കോവിഡ് കാലത്തെ കടും വെട്ട് നിയമനങ്ങള്‍ ഒന്നൊന്നായി പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. ഈ മഹാമാരിയുടെ മറവില്‍ അധികാര ദുര്‍വിനിയോഗവും സ്വജന പക്ഷപാതവും നിര്‍ബാധം തുടരുകയാണ് ഈ സര്‍ക്കാര്‍.

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കഴക്കൂട്ടം മണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന എനര്‍ജി മാനേജ്മെന്റ് സെന്ററില്‍ മാസം എമ്പതിനായിരം രൂപ ശമ്പളത്തില്‍ നിയമനം നല്‍കിയ വാര്‍ത്ത പുറത്തു വന്നത് കഴിഞ്ഞ ദിവസമാണ്. ഏറ്റവും ഒടുവില്‍ ‘പരമ യോഗ്യനായ’ ഒരു പാര്‍ട്ടിക്കാരനെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാനായി ‘കേമു’ പ്രഖ്യാപിച്ചത് ഇന്നലെയാണ്.

മുഖ്യമന്ത്രിയുടെ സ്വന്തക്കാരനു ഇഷ്ടദാനം ആയി കൊടുത്ത ഈ പോസ്റ്റ് സംസ്ഥാനത്തിലെ കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ട, ചീഫ് സെക്രട്ടറി പദവിക്ക് തുല്യമായ ഒരു ക്വാസി ജുഡീഷ്യല്‍ തസ്തിക ആണ്.

പി ടി എ പ്രസിഡന്റ് പദവിയില്‍ ഇരുന്നും സ്‌കൂളുകളില്‍ നിയമ അവബോധന ക്ലാസുകള്‍ എടുത്തും ‘പേഴ്‌സണ്‍ ഓഫ് എമിനെന്‍സ്’ എന്ന യോഗ്യത തെളിയിച്ചു നിയമിതനായ ഈ ‘പരമ യോഗ്യന്‍’ (കേമു പറഞ്ഞത്) യോഗ്യതയുടെ കാര്യത്തില്‍ പിന്തള്ളിയ മറ്റുള്ളവരുടെ യോഗ്യത പരിശോധിച്ചാല്‍ ഇയാള്‍ മുഖ്യമന്ത്രിക്ക് ‘പരമ യോഗ്യന്‍’ ആകുന്നത് ഏത് അളവ് കോലിലാണ് എന്ന് മനസ്സിലാകും.

ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പ്രിസൈഡിങ് ഓഫിസര്‍ ആയും പോക്‌സോ കോടതി ജഡ്ജ് ആയും ഒക്കെ വര്‍ഷങ്ങളുടെ പ്രവൃത്തി പരിചയം ഉള്ള ജില്ലാ ജഡ്ജി ആയ ശ്രീ. പഞ്ചാപകേശന്‍, അത്ര തന്നെ യോഗ്യയായ മറ്റൊരു ജില്ലാ ജഡ്ജി ശ്രീമതി. ടി. ഇന്ദിര തുടങ്ങിയവരും ബാലാവകാശ പ്രവര്‍ത്തനങ്ങളില്‍ വര്‍ഷങ്ങളുടെ പരിചയം ഉള്ള മറ്റ് അപേക്ഷകരെയും ‘യോഗ്യതയില്‍’ കടത്തി വെട്ടിയാണ് ഈ വ്യക്തി ‘പേഴ്‌സണ്‍ ഓഫ് എമിനെന്‍സ്’ ആയത്. ആ യോഗ്യത പതിച്ചു കൊടുത്തത് നമ്മുടെ ‘യു എന്‍ ഫെയിം’ ശൈലജ ടീച്ചറാണ് എന്നതാണ് ഏറെ രസകരം!

ഇതിനൊക്കെ പുറമെ ആണ് കേമുവിന്റെ വിനീത ദാസ്യര്‍ ആയി സര്‍വീസില്‍ ഇരുന്ന ഐ എ എസ് ഏമാന്മാര്‍ അടിത്തൂണ്‍ പറ്റിയപ്പോള്‍ പൊതു ഖജനാവിലെ പണം കൊടുത്തു കൊണ്ടുള്ള ‘ആശ്രിത നിയമനങ്ങള്‍’

കോവിഡിന്റെ മറവില്‍ കേമുവും സംഘവും നടത്തുന്ന ഈ ‘ആശ്രിത നിയമനങ്ങള്‍’ തുറന്നു കാട്ടുക തന്നെ ചെയ്യും