ഷാജിയുടെ വിമര്‍ശനം; മുഖ്യമന്ത്രിക്ക് പ്രകോപനമുണ്ടാവേണ്ട കാര്യമില്ല, ആരോഗ്യപരമായി കാണണം; പി.കെ കുഞ്ഞാലിക്കുട്ടി


ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട് കെ.എം ഷാജിയുടെ പ്രതികരണത്തോട് മുഖ്യമന്ത്രിക്ക് പ്രകോപനമുണ്ടാവേണ്ട കാര്യമില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ഷാജിയുടെ വിമര്‍ശനം ആരോഗ്യപരമായി കാണണമായിരുന്നു. വികല മനസ്സുകൊണ്ടല്ല വിമര്‍ശനമുന്നയിക്കുന്നത്. പ്രതിപക്ഷ പ്രവര്‍ത്തനം സന്ധിചെയ്യുന്ന പ്രശ്‌നമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പേടിച്ചിട്ടല്ല സര്‍ക്കാരുമായി സഹകരിക്കുന്നത്. വിമര്‍ശനമുണ്ടാകാതെ കേരളമുണ്ടാവില്ല. കോവിഡിനിടെ യൂത്ത് ലീഗിന്റെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ ശ്രമിച്ചെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

കോവിഡിനെതിരായ പ്രതിരോധത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പരിഹസിച്ച കെ.എം.ഷാജിക്ക് മുഖ്യമന്ത്രി ഇന്നലെയാണ് മറുപടി നല്‍കിയത്. ഷാജിയുടെ പ്രസ്താവന അമ്പരപ്പുളവാക്കിയെന്നും ഒരു പൊതുപ്രവര്‍ത്തകനില്‍നിന്നു പ്രതീക്ഷിക്കാന്‍ കഴിയുന്ന വാക്കുകളല്ല അതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശിക്കുകയുണ്ടായി.

ഭയപ്പെടുത്തി നിശബ്ദനാക്കാനാവില്ലെന്നാണ് മുഖ്യമന്ത്രിക്ക് കെ.എം ഷാജി മറുപടി നല്കിയത്. സ്പ്രിംഗ്ളര്‍ വിവാദമാണ് മുഖ്യമന്ത്രിയുടെ പ്രകോപനത്തിന് കാരണം. ഷുക്കൂര്‍ കേസില്‍ പണം നല്‍കിയത് എവിടെ നിന്നെന്ന് മുഖ്യമന്ത്രി പറയണം. കോവിഡ് കാലം രാഷ്ട്രീയത്തിന് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടില്ല. പിണറായി മഴു എറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട തന്റെ അഭിപ്രായം പാര്‍ട്ടിയുടെ കൂടെ നിലപാടാണെന്നും കെ.എം ഷാജി പറഞ്ഞു.

തന്നെ ആരും വിമര്‍ശിക്കാന്‍ പാടില്ലെന്നാണ് പിണറായിയുടെ നിലപാടെന്ന് എം.കെ മുനീര്‍ പ്രതികരിച്ചു. ഏക ഛത്രാധിപതിയാണ് താനെന്നാണ് പിണറായി പറയുന്നത്. മാസ്‌ക് വെച്ചാല്‍ മിണ്ടരുതെന്നാണ് മുഖ്യമന്ത്രി ധരിച്ചിരിക്കുന്നതെന്നും മുനീര്‍ പറഞ്ഞു.