സ്വപ്‌ന എവിടെയെന്ന് മുഖ്യമന്ത്രിക്കറിയാം; കെ.എം ഷാജി

കണ്ണൂര്‍: ഒളിവില്‍ പോയ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷ് എവിടെയാണെന്ന് മുഖ്യമന്ത്രിക്ക് അറിയാമെന്നും സ്വപ്നയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണെന്നും കെ.എം ഷാജി എം.എല്‍.എ. മുഖ്യമന്ത്രിയുടെ ഓഫീസ് അല്ല, മുഖ്യമന്ത്രി തന്നെയാണ് ഈ കള്ളക്കടത്തുകാരെ സംരക്ഷിക്കുന്നത്. എല്ലാ തെളിവുകളും നശിപ്പിച്ച ശേഷം മാത്രമായിരിക്കും സ്വപ്‌ന കീഴടങ്ങുക. മുഖ്യമന്ത്രിയുടെ ഓഫീസ് സ്വപ്നയെ രക്ഷിക്കുന്നതു കൊണ്ടാണ് അവരെ കണ്ടെത്താന്‍ കഴിയാത്തത്. പിണറായിയുടെ പൊലീസിനെ വെട്ടിച്ച് സ്വപ്‌ന ഒളിച്ചിരിക്കുന്നു എന്നു പറഞ്ഞാല്‍ അത് അവിശ്വസനീയമാണ് കെ.എം ഷാജി വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

മഞ്ഞുമലയുടെ അഗ്രം മാത്രമാണീ സ്വര്‍ണ്ണക്കടത്ത്. കോവിഡിന്റെ മറവില്‍ എല്ലാം നിശ്ചലമാക്കി ഭീകരമായ കൊള്ളയും തട്ടിപ്പുമാണ് പിണറായി വിജയന്‍ നടത്തുന്നത്. ആയുധം കടത്തി ശീലമുള്ള മുഖ്യമന്ത്രിക്ക് സ്വര്‍ണ്ണം കടത്താന്‍ ഒരു പ്രശ്‌നവുമുണ്ടാകില്ല. ചെന്നൈയില്‍ വെടിയുണ്ട കടത്തിയതിന് പിടിക്കപ്പെട്ടയാളാണ് പിണറായി വിജയന്‍. എല്‍.ഡി.എഫിന്റെ വിവിധോദ്ദേശ്യ പദ്ധതികളില്‍ ഒന്നുമാത്രമാണ് ഈ ‘സ്വപ്‌ന’ പദ്ധതി. ഉത്തരേന്ത്യയിലൊക്കെ ഉണ്ടെന്ന് കേള്‍ക്കുന്ന കള്ളക്കടത്തു സംഘത്തിന്റെ രാഷ്ട്രീയ പതിപ്പാണ് സി.പി.എം. കേരളത്തിലെ മാഫിയ ഡോണ്‍ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാമെന്നും ഷാജി പറഞ്ഞു.

രാഷ്ട്രീയാതീതമായ സൗഹൃദങ്ങള്‍ കള്ളക്കടത്തുകാരെ വെളുപ്പിക്കാനുള്ളതാവരുത്. ഈ സൗഹൃദങ്ങളാണ് തട്ടിപ്പുകാര്‍ക്ക് കവചമാകുന്നത്. ലാവ്‌ലിന്‍ കേസ് അട്ടിമറിയില്‍ ബി.ജെ.പിയുമായുള്ള കൊടുക്കല്‍ വാങ്ങല്‍ സി.പി.എമ്മിനെ സഹായിച്ചിട്ടുണ്ട്. സ്വപ്നയെ കിട്ടാന്‍ ശിവശങ്കറിന്റെയും ജോണ്‍ ബ്രിട്ടാസിന്റെയും മുഖ്യമന്ത്രിയുടെ ഓഫീസിലെ രവീന്ദ്രന്റെയും മുന്‍ എം.പി സമ്പത്തിന്റെയും മൊബൈല്‍ ഫോണുകളും മുഖ്യമന്ത്രിയുടെ ഓഫീസ് ഫോണും പരിശോധിച്ചാല്‍ മതി. സ്വപ്നയെ എവിടേക്കാണ് മാറ്റിയതെന്ന് അപ്പോള്‍ മനസ്സിലാകും. ലോക കേരള സഭയുമായി ബന്ധപ്പെട്ട ഇടപാടുകളും പരിശോധിക്കപ്പെടണമെന്ന് കെ.എം ഷാജി ആവശ്യപ്പെട്ടു.

SHARE