ആസിഫയുടെ പേരില്‍ ഹൈന്ദവരെ വേദനിപ്പിക്കരുത്: കെ.എം ഷാജി

വയനാട്: ആസിഫ ബാനുവിന്റെ ദാരുണാന്ത്യത്തെ തുടര്‍ന്നുള്ള പ്രതികരണങ്ങള്‍ ഇന്ത്യയുടെ നന്മനിറഞ്ഞ മതേതര മനസ്സിനെ ആരാലും തകര്‍ക്കാന്‍ കഴിയില്ലെന്നതിന്റെ തെളിവുകളാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി എം.എല്‍.എ. എട്ടു വയസ്സുകാരിയോട് സംഘ്പരിവാരത്തിലെ എട്ടു പേര്‍ കാട്ടിയ ക്രൂരത പുറം ലോകം അറിഞ്ഞത് ഉന്നതകുല ജാതരായ കശ്മീര്‍ പണ്ഡിറ്റുകളിലൂടെയാണ്. അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥനും കോടതി നടപടിക്രമങ്ങളില്‍ ജാഗ്രത കാട്ടിയ അഭിഭാഷകയും ഹൈന്ദവ സമൂഹത്തില്‍പ്പെട്ടവരാണ്. തങ്ങളുടെ കുട്ടിക്ക് ആസിഫ എന്ന പേരിട്ട ഹൈന്ദവ സമുദായത്തിലെ ദമ്പതിമാരുടെ മനസ്സില്‍ നിന്നാണ് ഹിന്ദു മതത്തിന്റെ സഹിഷ്ണണുതയെ അറിയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കണിയാമ്പറ്റ പഞ്ചായത്ത് മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ നല്‍കിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹൈന്ദവ ദര്‍ശനങ്ങളുമായി പുലബന്ധമില്ലാത്ത ആര്‍.എസ്.എസുകാരുടെ ചെയ്തിയുടെ പേരില്‍ ഹൈന്ദവ വിശ്വാസികളെ വേദനിപ്പിക്കുന്ന പ്രവര്‍ത്തികളോട് ഒരു തരത്തിലും യുവാക്കള്‍ സമരസപ്പെടാന്‍ പാടില്ല. ആസിഫയുടെ കൊലപാതകത്തെ കേവലം മുസ്‌ലിം സമുദായത്തിന്റെ വിഷയം മാത്രമാക്കി ചുരുട്ടി കെട്ടാന്‍ സമുദായത്തിലെ ചിലര്‍ കിണഞ്ഞു ശ്രമിക്കുന്നതില്‍ യുവാക്കള്‍ ജാഗ്രത പാലിക്കണം. വൈകാരികതയുടെ കൂടെ സഞ്ചരിക്കുന്നതിന് പകരം ലീഗ് എക്കാലവും വിവേകത്തിന്റെ മാര്‍ഗത്തില്‍ മാത്രമാണ് പ്രയാണം നടത്തിയിട്ടുള്ളതെന്നും ഷാജി പറഞ്ഞു.