സഫീര്‍ വധം: ‘കൊലയാളികളുടെ കയ്യില്‍ ആയുധം വെച്ച് കൊടുത്തു പറഞ്ഞയച്ച സി.പി.ഐയുടെ ക്രിമിനല്‍ നേതാക്കള്‍ വല്യേട്ടനോട് മത്സരിക്കുകയാണ്’; കെ.എം ഷാജി എം.എല്‍.എ

കണ്ണൂര്‍: എം.എസ്.എഫ് പ്രവര്‍ത്തകന്‍ സഫീര്‍ വധത്തില്‍ സി.പി.ഐയെ വിമര്‍ശിച്ച് കെ.എം ഷാജി എം.എല്‍.എ. അധികാരത്തിന്റെ ഹുങ്കില്‍ കമ്മ്യൂണിസ്റ്റുകള്‍ തങ്ങളുടെ തനിനിറം പുറത്തു കാണിക്കുന്നത് തുടര്‍ന്നാല്‍ ശക്തമായ ജനാധിപത്യ പ്രതിരോധം നേരിടേണ്ടി വരുമെന്ന് ഷാജി പറഞ്ഞു. ഇവിടെ നടക്കുന്നത് ചുകപ്പ് ഭീകരതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ചുകപ്പ് ഭീകരത തന്നെ!!

മനസ്സ് പിടയുന്നു; മുസ്ലിം ലീഗ് പതാക പിടിച്ചതിന്റെ പേരില്‍ കുന്തിപ്പുഴയില്‍ ഞങ്ങളുടെ പ്രിയ അനുജന്‍ സഫീറിനെ കമ്മ്യൂണിസ്റ്റു കാപാലികര്‍ കൊലക്കത്തിക്കിരയാക്കിയിരിക്കുന്നു!!
ഇന്നാ ലില്ലാഹ്!!

ഇരുപത്തി രണ്ടു വയസ്സ് മാത്രം പ്രായമുള്ള ഒരു ചെറുപ്പക്കാരന്റെ നെഞ്ചില്‍ കത്തിയിറക്കാന്‍ കൊലയാളികളുടെ കയ്യില്‍ ആയുധം വെച്ച് കൊടുത്തു പറഞ്ഞയച്ച സി പി ഐയുടെ ക്രിമിനല്‍ നേതാക്കള്‍ വല്യേട്ടനോട് മത്സരിക്കുകയാണ്!!

അധികാരത്തിന്റെ ഹുങ്കില്‍ കമ്മ്യൂണിസ്റ്റുകള്‍ തങ്ങളുടെ തനിനിറം പുറത്തു കാണിക്കുന്നത് തുടര്‍ന്നാല്‍ ശക്തമായ ജനാധിപത്യ പ്രതിരോധം നേരിടേണ്ടി വരും!!

പ്രിയ സഹോദരന്‍ സഫീറിന്റെ മരണത്തില്‍ വേദനിക്കുന്ന സിറാജുദ്ധീന്‍ സാഹിബിന്റെയും കുടുമ്പത്തിന്റെയും വേദനയില്‍ പങ്കു ചേരുന്നു!