‘ഇത് പ്രിയപ്പെട്ട ഷുക്കൂറിനെ പോലെ, അവന്റെ ഉമ്മയെപോലെ, കണ്ണുനീര്‍ വറ്റിയ അവന്റെ കുടുംബത്തെ പോലെ അനേകം കുടുംബങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടം കൂടിയാണ്’; കെ.എം ഷാജി

‘അള്ളാഹുവിന് സ്തുതി.ഷുക്കൂര്‍ വധക്കേസ്സില്‍ ജയരാജനും രാജേഷിനുമെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നു.

2013 ലെ കോഴിക്കോട്ടെ യൂത്ത് ലീഗിന്റെ ഐഡിയല്‍ യൂത്ത്‌കോര്‍ സമ്മേളനത്തില്‍ ആയിരകണക്കായ മുസ്ലിം ലീഗ് പ്രവര്‍ത്തകരെ സാക്ഷിയാക്കി അന്ന് ഞാന്‍ പറഞ്ഞിരുന്നു. നിയമത്തിന്റെ വഴിയിലൂടെ കൃത്യമായി സഞ്ചരിച്ച് പി ജയരാജനെന്ന കുറ്റവാളിക്ക് അര്‍ഹമായ ശിക്ഷ വാങ്ങി നല്‍കുമെന്ന്. കണ്ണൂരിലെ സ്ഥിരമായ രാഷ്ട്രീയ കൊലപാതകങ്ങളില്‍ നടക്കുന്നത് പോലെ സാക്ഷികളെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും ഈ കേസ്സിനെയും അട്ടിമറിക്കാന്‍ ശ്രമം നടന്ന വൈകാരികമായ ഒരു ഘട്ടത്തിലായിരുന്നു ആ സമ്മേളനം .
ആ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് മുസ്ലിം ലീഗ് പാര്‍ട്ടിയുടേയും നേതാക്കളുടെയും ആശിര്‍വ്വാദത്തോടെ നിയമത്തിന്റെ വഴിയിലൂടെ സസൂക്ഷ്മം പോരാടാന്‍ സാധിച്ചുവെന്നതാണ് ഇപ്പോള്‍ ജയരാജനും രാജേഷിനുമെതിരെ ഷുക്കൂര്‍ വധക്കേസ്സില്‍ ഗൂഡാലോചന കുറ്റം ചുമത്തി സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പിന്നാമ്പുറം.

നിരന്തരം കണ്ണൂരില്‍ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അന്ത്യം കുറിക്കണമെങ്കില്‍ കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും ആസൂത്രകരെയും നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരിക എന്നതായിരുന്നു ഈ പോരാട്ടത്തിന്റെ അടിസ്ഥാനപരമായ ലക്ഷ്യം.ഒരു ഷുക്കൂറിന് വേണ്ടിയല്ല, വരാനിരിക്കുന്ന നമ്മുടെ നൂറ് കണക്കിന് ഷുക്കൂറുമാര്‍ക്ക് വേണ്ടിയുള്ള പോരാട്ടമായിരുന്നു അത്. പല ഘട്ടങ്ങളിലായി കണ്ണൂരിന്റെ മണ്ണില്‍ നടന്ന അറുംകൊലകളില്‍സത്യസന്ധമായ അന്വേഷണം നടന്നിരുന്നുവെങ്കില്‍ അവസാനം ഷുഐബിനെ പോലെയുള്ള ഒരു ചെറുപ്പക്കാരന് അവിടെ ജീവന്‍ നഷ്ടമാകില്ലായിരുന്നു. പക്ഷേ അത് സംഭവിച്ചില്ല. ആ ഒരു പോരാട്ടമാണ് നമ്മളേറ്റെടുത്തത്. ഇത് പ്രിയപ്പെട്ട ഷുക്കൂറിനെ പോലെ, അവന്റെ ഉമ്മയെപോലെ, കണ്ണുനീര്‍ വറ്റിയ അവന്റെ കുടുംബത്തെ പോലെ അനേകം ഉമ്മമാര്‍ക്കും സഹോദരിമാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടം കൂടിയാണ്. അതിതിന്റെ പൂര്‍ണ്ണതയില്‍ പര്യവസാനിക്കുന്ന ഘട്ടത്തില്‍ മാത്രമേ നമുക്ക് പിന്‍ വാങ്ങാന്‍ സാധിക്കുകയുള്ളൂ.

ഈ പോരാട്ടം മുസ്ലിം ലീഗ് പാര്‍ട്ടി ഏല്‍പ്പിച്ചത് ഞാനുള്‍പ്പെടെയുളള, അഡ്വ: ലത്തീഫും പി കെ സുബൈറും ഷുക്കൂറിന്റെ സഹോദരന്‍ ദാവൂദുമടങ്ങുന്ന സംഘത്തെയായിരുന്നു.നിയമത്തിന്റെ വഴിയിലൂടെ അക്ഷീണം നാം നടത്തിയ ആ പോരാട്ടത്തിന്റെ റിസള്‍ട്ട് അനുകൂലമാവുന്നത് ഈ ആയുസ്സിലെ ഏറ്റവും വലിയ സന്തോഷമാണ് നല്‍കുന്നത്. തെരുവുകളില്‍ ബഹളം വെച്ച് ആളുകളെ വൈകാരികമായി ഇളക്കിവിടുകയല്ല. ഈ രാജ്യത്തിന്റെ നിയമ വ്യവസ്ഥയില്‍ വിശ്വാസമര്‍പ്പിച്ചു കൊണ്ട് നേരായ മാര്‍ഗത്തില്‍ നടത്തിയിട്ടുള്ള നിയമ പോരാട്ടമാണിത്.വൈകാരികതയുടെ മാര്‍ഗ്ഗമല്ല ക്ഷമയുടെയും സത്യത്തിന്റെയും വഴികളാണ് പ്രതിസന്ധി ഘട്ടങ്ങളില്‍ നമ്മെ നയിക്കേണ്ടത്. ആ അര്‍ത്ഥത്തില്‍ രാജ്യത്തിന്റെ നിയമ വ്യവസ്ഥയെ സമീപിച്ചുവെന്നതാണ് ഷുക്കൂര്‍ വധക്കേസ്സില്‍ ഇപ്പോള്‍ വന്നിരിക്കുന്ന ഈ വഴിത്തിരിവ്. ഇതിന് വേണ്ടി മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച അഡ്വ: ലത്തീഫ്, പി കെ സുബൈര്‍ ദാവൂദ് എന്നിവരുള്‍പ്പെടെയുള്ളവര്‍ക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു. സര്‍വ്വശക്തനായ അള്ളാഹുവിന്റെ സഹായം എന്നും നമുക്കൊപ്പമുണ്ടാവട്ടെ..