എല്ലാ പ്രശ്‌നങ്ങളും കെട്ടിയിടുന്നത് മുസ്‌ലിം സമുദായത്തിനുമേല്‍; ഇത് ഇസ്‌ലാമോഫോബിയ -കെ.എം ഷാജി

കെഎം ഷാജി

നമ്മുടെ നാട്ടില്‍ എല്ലാ പൊതു പ്രശ്‌നങ്ങളും കൊണ്ടു പോയി കെട്ടാനായി ഒരു കുറ്റി തറച്ച് വെച്ചിട്ടുണ്ട്; അഴിമതി,കള്ളക്കടത്ത്,കൊലപാതകം , ആയുധങ്ങള്‍ പിടിക്കുന്നത് തുടങ്ങി എല്ലാ ക്രൈമുകളും എങ്ങനെയെങ്കിലും കൊണ്ടു ചെന്നെത്തിക്കുന്ന ആ കുറ്റി ആണ് മുസ്ലിം കമ്മ്യൂണിറ്റി; ഇത് തികഞ്ഞ ഇസ്ലാമോഫോബിയയും വംശീയതയും ആണ്
പേരും പ്രദേശവുമൊക്കെ ചേര്‍ത്ത് നടത്തുന്ന ചെറിയ ടെക്‌നിക്കിലൂടെ അത് ക്ഷിപ്രസാധ്യമാവുന്നു!
ജനാധിപത്യപരമായ സമരങ്ങളെ പോലും തോല്‍പിക്കാന്‍ എളുപ്പമായ മാര്‍ഗ്ഗം അതില്‍ മതം കുത്തിക്കലക്കലും തീവ്രവാദം ആരോപിക്കലും ആണെന്ന് നാം കാണുന്നതാണല്ലോ
സ്വര്‍ണ്ണക്കടത്തെന്ന് പറഞ്ഞാല്‍ അതില്‍ ഒരു കാക്കാന്റെ പേരു കൂട്ടി മലപ്പുറത്തെത്തിച്ചാല്‍ പിന്നെ പണി എടുക്കാന്‍ ആളു കൂടും.
കടുത്ത ‘ജനാധിപത്യവാദികളായി’ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞാടുന്നവരുടെ ചാക്കില്‍ നിന്ന് പൂച്ച കരയുന്നത് കേള്‍ക്കണമെങ്കില്‍ ഈ ഒരു ഇരയെ പുറത്തെവിടെയെങ്കിലും വെച്ചാല്‍ മതി
‘മതമല്ല മതമല്ല മതമല്ല പ്രശ്‌നം
എരിയുന്ന പൊരിയുന്ന വയറാണു പ്രശ്‌നം’
എന്ന് പകല്‍ മുദ്രാവാക്യം വിളിക്കുന്ന കമ്യൂണിസ്റ്റ് ആണെങ്കിലും മതവും ദേശീയതയും കൊണ്ട് കൊത്തും കല്ല് കളിക്കുന്ന സംഘമിത്രങ്ങളാണെങ്കിലും ഈ കാര്യത്തില്‍ നല്ല ഐക്യമുണ്ട്.
സ്വര്‍ണ്ണക്കടത്തിന്റെ വാര്‍ത്തകള്‍ വന്ന ദേശാഭിമാനിയും ജന്മഭൂമിയും തമ്മിലുള്ള വ്യത്യാസം മനസ്സിലാവാന്‍ വല്യ പാടാ
ടി വി സ്‌ക്രീനില്‍ കൈരളിയും ജനവും
എംബ്ലത്തില്‍ സൂക്ഷിച്ച് നോക്കിയാലേ അറിയൂ
ഇത് തന്നെയാണ് വംശീയ വെറിയില്‍ നിങ്ങള്‍ സഖാക്കളും സംഘാക്കളും കൂടി കേരളത്തിലും വിളയിച്ചെടുക്കുന്ന ഇസ്ലാമോഫോബിയ

SHARE