സാലറി ചലഞ്ച്; തോമസ് ഐസക്കിനോട് ചോദ്യങ്ങള്‍ ഉന്നയിച്ച് കെ.എം ഷാജി

പ്രിയപ്പെട്ട തോമസ് ഐസക് സാര്‍,

അതേതായാലും നന്നായി; താങ്കള്‍ എം എല്‍ എ മാരുടെ ‘വിവരക്കേടിന്’ മറുപടി പറഞ്ഞുവല്ലോ; ഒട്ടും കാമ്പില്ലാതെ ആണെങ്കിലും!!

സാര്‍, ഞങ്ങള്‍ ചോദ്യം ചോദിക്കും; അതിനാണ് ജനങ്ങള്‍ ഞങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത്!!

സാമ്പത്തിക ആസൂത്രണ വിദഗ്ദന്‍ എന്ന് അറിയപ്പെടാനാണല്ലോ താങ്കള്‍ക്ക് ആഗ്രഹം; അങ്ങിനെയെങ്കില്‍ ജനങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി പറയണം സാര്‍!!

1 ഒരു സാമ്പത്തികാസൂത്രകന്‍ എന്ന നിലയില്‍ കഴിഞ്ഞ രണ്ടു പ്രളയങ്ങള്‍ക്കു ശേഷം അത്തരം സാഹചര്യങ്ങളെ നേരിടാന്‍ ജോലിക്കാരുടെ ശമ്പളം പിടുങ്ങുക എന്ന പദ്ധതി അല്ലാതെ എന്ത് സാമ്പത്തിക പദ്ധതി ആണ് ഈ സര്‍ക്കാര്‍ ആസൂത്രണം ചെയ്തത്?!

2 കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ എക്കാലത്തെയും നട്ടെല്ല് എന്ന് പറയുന്നത് പ്രവാസികളാണ്. കോവിഡ് 19 പശ്ചാത്തലത്തില്‍ കേരളത്തിലേതിന് സമാനമായതോ അതിലും മോശമായതോ ആയ സാമ്പത്തിക പ്രതിസന്ധി പ്രവാസികള്‍ക്ക് സംഭവിക്കുക വഴി അവരുടെ ‘വാങ്ങല്‍ ശക്തി’ കുറയുന്നതോടെ നടുവൊടിയാന്‍ പോകുന്ന കമ്പോളത്തിന്റെ മുതുക് കൂടി ഒടിയുന്ന നടപടി ആകില്ലേ ഇത്?
ഈ രണ്ടു വിഭാഗത്തിനും ചിലവഴിക്കാന്‍ കഴിയാതെ വന്നാല്‍ പിന്നെ എങ്ങിനെയാണ് അങ്ങ് പറഞ്ഞ ചെറുകിട കച്ചവടക്കാര്‍ / ക്യാഷല്‍ ജോലിക്കാര്‍ എന്നിവര്‍ക്കു വരുമാനത്തിന് ഒരു മാര്‍ഗം ഉണ്ടാവുക?!

3 എന്തായിരുന്നു മുഖ്യമന്ത്രിയുടെ 20000 കോടിയുടെ പാക്കേജ്?!
അതില്‍ ബഡ്ജറ്റഡ് അല്ലാത്ത ഇനങ്ങള്‍ എന്തൊക്കെയാണ്?!
ബഡ്ജറ്റഡ് അല്ലാത്ത ഇനങ്ങള്‍ക്ക് സാലറി ചലഞ്ചു വഴി സ്വരൂപിക്കാനുദ്ദേശിക്കുന്ന പണം എത്ര? അതിനുള്ള വരുമാന മാര്‍ഗം എന്തായിരുന്നു?
എന്തിനു വേണ്ടിയാണ് ആ കോടികള്‍ എന്നതിന്റെ ഇനം തിരിച്ചുള്ള കണക്കെന്താണ്?

4 ഞങ്ങള്‍ ജനപ്രതിനിധികള്‍ ഉന്നയിച്ച പ്രധാന വിഷയമായ ദുര്‍വ്യയവും ധൂര്‍ത്തും സംബന്ധിച്ചു താങ്കളുടെ മറുപടി എന്താണ്?
അത്തരം നടപടികള്‍ ഇനി ഉണ്ടാകില്ല എന്ന് ഉറപ്പ് തരാനും തിരുത്താന്‍ പറ്റുന്നവ തിരുത്താനും ഈ സര്‍ക്കാര്‍ തയ്യാറാകുമോ?

5 രാഷ്ട്രീയ കൊലപാതകത്തിലെ പ്രതികളെ രക്ഷിക്കാന്‍ കോടികള്‍ സുപ്രീം കോടതിയില്‍ മുടക്കുന്ന ഇടപാട് നിങ്ങള്‍ നിര്‍ത്തുമോ?!ഷുക്കൂറും കൃപേശും ശരത് ലാലും ഷുഹൈബും അടക്കമുള്ളവരുടെ കേസുകളെ കുറിച്ചാണ് ചോദ്യം!!

6 ജനങ്ങള്‍ തള്ളിയ ഒരാളെ ഡല്‍ഹിയില്‍ നിയമിച്ചു മാസാമാസം കോടികള്‍ ചിലവഴിക്കുന്നത് നിര്‍ത്തുമോ?! മിനിമം അവര്‍ക്കും ഈ സാലറി ചലഞ്ചു ബാധകം ആണോ എന്നെങ്കിലും ഒന്ന് പറയുമോ?!

7 ഭരണപരിഷ്‌കരണ കമ്മീഷന്‍ എന്ന വെള്ളാനക്ക് ഒരു വര്‍ഷം വരുന്ന ചിലവ് എത്രയാണ് ?
കേരളത്തിലെ നികുതിദായകര്‍ക്കു ആ കമ്മീഷന്റെ റിട്ടേണ്‍ എന്താണ്?
അനാരോഗ്യം കാരണം പാര്‍ട്ടിയില്‍ ഇനിയൊരു ഗ്രൂപ്പിന് അദ്ദേഹം വരില്ല എന്ന് ഉറപ്പുള്ള സ്ഥിതിക്ക് അത് പിരിച്ചു വിട്ട് ആ ദുര്‍വ്യയം നിര്‍ത്തലാക്കാന്‍ ഉള്ള നടപടി എടുക്കുമോ?

8 അകമ്പടി വാഹനങ്ങള്‍ ഇനിയുണ്ടാവില്ല എന്ന് പറഞ്ഞു അധികാരത്തില്‍ വന്ന നിങ്ങളുടെ സര്‍ക്കാര്‍ ഇപ്പോള്‍ ഓരോ മന്ത്രിക്കും എത്ര വണ്ടികളാണ് അകമ്പടി സേവിക്കുന്നത്?

9 മുഖ്യമന്ത്രിയുടെ ജഞ വര്‍ക്കിന് എന്താണ് ചെലവ് എന്ന് ഒന്ന് പറയാമോ?
ആളുകള്‍ പറയുന്നത് കോടികള്‍ മാസത്തില്‍ വരുമെന്നാണ്. ‘ടൈഡ്’ എന്ന് പറയുന്ന കമ്പനിയുമായി കേരള ഗവണ്മെന്റ് കരാര്‍ ഉണ്ടാക്കിയിട്ടുണ്ട് എന്ന് കേള്‍ക്കുന്നത് സത്യമാണോ?
എങ്കില്‍, എത്രയാണ് കരാര്‍ തുക?

10 ഇനിയൊരു ദുരന്തം ഉണ്ടായാലും (അങ്ങിനെ വരാതിരിക്കട്ടെ ) ഇതേ മാര്‍ഗം തന്നെയാവുമോ നാം പിന്തുടരുക?

11 ശശി തരൂരിനെ പോലെയുള്ള എംപി മാര്‍ റാപിഡ് ടെസ്റ്റിനുള്ള കിറ്റുകള്‍ കേരളത്തില്‍ എത്തിച്ചു അവരുടെ ഭാഗം കൃത്യമായി ചെയ്യുന്നു (25000 രൂപ ചിലവെന്നു അങ്ങ് പറഞ്ഞ ടെസ്റ്റിന് ഇതോടെ പത്തായിരം പോലും ഇനി വരില്ല എന്നാണു അറിഞ്ഞത്). അത്തരം എന്തെങ്കിലും ക്രീയേറ്റീവ് ആയ ഒരു നീക്കം കേരള ഗവര്‍മെന്റില്‍ നിന്നും ഉണ്ടായിട്ടുണ്ടോ? അത്തരം വല്ല പ്ലാനുകളും ഉണ്ടോ?

12 യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ് പോലെയുള്ള യുവജന സംഘടനകളെ സാമൂഹ്യ സേവനത്തില്‍ നിന്നും നിങ്ങള്‍ വിലക്കുകയാണ്. അവര്‍ സ്വയം പണം കണ്ടെത്തി സഹായം എത്തിച്ചിരുന്ന വലിയ ഒരു വിഭാഗം കേരളത്തില്‍ ഉണ്ട്. അവരെ മുടക്കുന്നതിലൂടെ ആ അധിക ഭാരം കൂടി സര്‍ക്കാരിന്റെ തലയിലാവുകയാണ്. ആ വിഡ്ഢിത്ത തീരുമാനം പിന്‍വലിച്ചു അവരുടെ കൂടി സഹായം തേടുമോ?

13 രാഷ്ട്രീയ പക പോക്കാന്‍ ഇപ്പോഴും മുഖ്യമന്ത്രി അവസരം കണ്ടെത്തുകയാണ്. പത്തനം തിട്ടയിലെ കോണ്‍ഗ്രസ് നേതാവിന്റെ കേസ്/ കൊയിലാണ്ടിയിലെ ാളെ നേതാവിന്റെ കേസ് ഒക്കെ ഉദാഹരണം. ഇത്തരം പക പോക്കലുകള്‍ സര്‍ക്കാരുമായി സഹകരിക്കുന്നതില്‍ നിന്നും ആളുകളെ തടയുകയാണ്. ഇതൊക്കെ ഒന്ന് നിര്‍ത്താന്‍ പറയുമോ?

14 മന്ത്രിമാരുടെയും അവരുടെ പരിവാരങ്ങളുടെയും സാലറിയും ഈ ചലഞ്ചില്‍ പെടുത്തുന്നുണ്ടോ?

15 ഈ വറുതി കാലത്തു മുഖ്യമന്ത്രിയുടെ ആകാശസഞ്ചാരത്തിനു വേണ്ടി ഉള്ള ഹെലികോപ്ടര്‍ വാടക ഇനത്തില്‍ വരുന്ന അനാവശ്യ അധിക ബാധ്യത ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ തയാറാകുമോ?

ഇത് പോലുള്ള ചോദ്യങ്ങള്‍ക്ക് ജനങ്ങള്‍ക്ക് മനസ്സിലാകുന്നതും ബോധ്യപ്പെടുന്നതുമായ മറുപടികളും അതിനനുസരിച്ചുള്ള പ്രവൃത്തികളും മാത്രമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്!!

കൃത്യമായ പ്ലാനും സുവ്യക്തമായ പരിപാടികളും ദീര്ഘദൃഷ്ടിയോടു കൂടിയ ആസൂത്രണവുമായി ജനങ്ങളോട് സഹകരണം ആവശ്യപ്പെടൂ; അപ്പോള്‍ സാലറി ചലഞ്ചിന്റെ കൂടെയും അതിലും കടുത്ത നടപടികളുടെയും കൂടെ നില്‍ക്കാന്‍ ഞങ്ങള്‍ ജനപ്രതിനിധികള്‍ തയ്യാറാണ്; സാലറി ചലഞ്ചുകളില്‍ അടക്കം ഞങ്ങള്‍ നിന്നിട്ടുമുണ്ട്!!

SHARE