എന്തു തീരുമാനങ്ങള്‍ എടുക്കുമ്പോഴും നയപ്രഖ്യാപനങ്ങള്‍ നടത്തുമ്പോഴും തനിക്കു താഴെയുള്ളവരുടെ ജീവിതത്തെ അതെങ്ങനെ ബാധിക്കുമെന്ന് സൂക്ഷ്മവിചിന്തനം നടത്തണമെന്നു പറഞ്ഞ ഒരു രാഷ്ട്രപിതാവിന്റെ രാജ്യമാണു ഇന്ത്യ.
ഈ മാസം 24നു രാജ്യമൊട്ടുക്കും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോഴോ ഏതാനും വര്‍ഷം മുന്‍പു അതീവനാടകീയമായി നോട്ട് നിരോധനം കൊണ്ടു വന്നപ്പോഴോ ‘ശുചിത്വ ഭാരതം’ എന്ന പ്രഹസനത്തിലേക്കു രാഷ്ട്രപിതാവിനെ ഒതുക്കിയ മോദിയും കൂട്ടരും ഗാന്ധിജിയുടെ ഈ മര്‍മ്മപ്രധാനമായ നിരീക്ഷണം ഓര്‍ക്കുക പോലുമുണ്ടായില്ല.കാരണം നോട്ടു നിരോധനം പ്രതിസന്ധിയിലാക്കിയത് അദാനിമാരെയൊ അംബാനിമാരെയൊ ആയിരുന്നില്ലല്ലോ..
കോവിഡിനെ നേരിടാന്‍ ലോക രാജ്യങ്ങള്‍ ഒന്നിനു പിറകെ ഒന്നായി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ ഇന്ത്യ ചെയ്തതും ഉചിതമായ നടപടി തന്നെ. എന്നാല്‍ ബാല്‍ക്കണിയില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കിണ്ണം കൊട്ടി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ആഹ്വാനം ചെയ്ത മോദിയുടെ മൂക്കിനു താഴെയുള്ള AIIMS എന്ന ഇന്ത്യയിലെ ഏറ്റവും മികച്ച ആശുപത്രിയിലെ ഡോക്ടര്‍മ്മാരെയും നഴ്സുമാരെയും വരെ അവരുടെ വാടക വീടുകളിലെ ബാല്‍ക്കണി പോകട്ടെ വീടുകളില്‍ കയറുന്നത് പോലും ഉടമകളും ചില അയല്‍വാസികളും തടയുകയുണ്ടായി
വീടും വീടിന് ബാല്‍ക്കണിയും ഉള്ളവരോടായിരുന്നു മോദിയുടെ ലോക്ക്ഡൗണ്‍ പ്രഖ്യാപനം.ഡല്‍ഹിയിലും മുംബൈയിലും മറ്റ് ഇന്ത്യന്‍ നഗരങ്ങളിലും ദിവസ വേതനത്തിന് ജോലി ചെയ്യുന്ന കുടിയേറ്റ തോഴിലാളികളുടെ കാര്യം,ഇന്ത്യ മുഴുവന്‍ ബാല്‍ക്കണി കൊട്ടാരങ്ങളാണെന്ന മതിഭ്രമത്തില്‍ അഭിരമിക്കുന്ന മോദിയുടെ മനസ്സില്‍ വന്നതേ ഇല്ല.’നിങ്ങള്‍ എവിടെ സ്ഥിതി ചെയ്യുന്നോ അവിടെ തുടരുക’ എന്ന് ആജ്ഞാപിച്ച ‘ഇന്ത്യയുടെ അഭിനവ നീറോ ചക്രവര്‍ത്തി’ അവരെവിടെ താമസിക്കും ,എങ്ങിനെ ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കും എന്ന കാര്യത്തില്‍ ഒരു വ്യാകുലതയും പ്രകടിപ്പിച്ചില്ല . പിന്നീട് നാം കണ്ടത് ഹൃദയം തകരുന്ന കൂട്ട പലായന കാഴ്ചകളാണ്.
വഴിയില്‍ പിടഞ്ഞു വീണ് മരിക്കുന്ന ചെറുപ്പക്കാര്‍, വിശന്ന് പൊരിഞ്ഞു കരഞ്ഞ് കണ്ണീര് വറ്റിയ പൈതങ്ങള്, ഗര്‍ഭിണികള്‍..
അവരുടെ ഗ്രാമങ്ങളിലവര്ക്ക് കൂടിവന്നാലൊരു കൂര കാണും.ബാല്‍ക്കണികളും ഫ്ലാറ്റുകളും സ്വപ്നങ്ങളില്‍ പോലുമില്ലാത്ത മനുഷ്യര്‍.ഇത്തരം പാവപെട്ടവരുടെ ദൈനംദിന ജീവിതപ്രശ്നങ്ങള്‍ക്ക് ചെറിയൊരാശ്വാസം പോലും പ്രഖ്യാപിക്കാതെ നടത്തിയ ലോക്ക്ഡൗണ്‍ രാജ്യത്ത് ഭക്ഷ്യകലാപങ്ങള്ക്കു തിരി കൊളുത്തുമെന്ന് ഭയക്കുന്ന നിലയിലേക്കെത്തിയിരിക്കുന്നു.
ജനതാ കര്‍ഫ്യൂ നടപ്പിലാക്കാന്‍ മൂന്ന് ദിവസത്തെ മുന്നൊരുക്കം നല്കിയ പ്രധാനമന്ത്രി 21 ദിവസത്തെ ലോക്ക് ഡൌണ്‍ 8 മണിക്ക് പ്രഖ്യാപിച്ചു,അര്‍ധരാത്രിയോടെ നടപ്പില്‍ വരുത്തുന്നു.
8 മണിയും മോദിയുമെന്നത് ഏതോ ദുരന്തത്തിന്റെ സൂചനയാണെന്നത് ഇപ്പോള്‍ ഇന്ത്യക്കാര്‍ക്ക് ഉറപ്പായിരിക്കുന്നു.
ലോക്ക് ഡൗണോടെ അന്യസംസ്ഥാന തൊഴിലാളികള്‍ രാജ്യമൊട്ടുക്കും പലായനം തുടങ്ങിയപ്പോഴാണ് ഭരണകൂടം മിഴിച്ചുനോക്കുന്നത്.
എന്നിട്ടോ..
തൊഴിലാളികള്‍ ജോലി സ്ഥലത്തു നിന്ന് 2 മൂന്നും ദിവസം നടന്നു വലഞ്ഞു അവരുടെ സംസ്ഥാന ബോര്‍ഡറുകളില്‍ എത്താറായപ്പോള്‍ അതിര്‍ത്തികള്‍ അടക്കാന്‍ ഉത്തരവിട്ടിരിക്കുന്നു.ആ മഹാപാവങ്ങള്‍ അങ്ങനെ വീണ്ടും പെരുവഴിയില്‍.
കേരളത്തിലേക്ക് വന്നാല്‍ നമുക്ക് വേറൊരു തരം ആഹ്വാനങ്ങളാണു കാണാനാവുക.പിആര്‍ സ്ട്രാറ്റജികള്‍ക്ക് വിരുദ്ധമായി സംഭവിക്കുന്ന തൊഴിലാളി സമൂഹത്തിന്റെ മനുഷ്യാവസ്ഥകളെ പോലും കോണ്‍സ്പിറസി തീയറികളിലേക്ക് വഴി തിരിച്ചു വിടുന്നൊരു സമീപനം.(പായിപ്പാടിയിലെ ‘ഗൂഡാലോചനാ സിദ്ധാന്തം’ ചെമ്പ് തെളിഞ്ഞു വരുന്നത് വരെ നമുക്ക് കാത്തിരിക്കാം )
വിളിപ്പേര് മാറ്റിയത് കൊണ്ട് അഡ്രെസ്സ് ചെയ്യാവുന്ന പ്രശ്നങ്ങളല്ല കേരളത്തിടക്കമുള്ള അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങള്‍.അല്ലെങ്കിലെന്തിനാണ് ഇത്തരം പ്രഹസനങ്ങള്‍.ഇന്ത്യയിലെ ഇതര പൗരന്മാരെ അതിഥിയും ആഥിതേയരും ഇതരരും അന്യരുമാക്കി ചിത്രീകരിക്കുന്ന പദപ്രയോഗങ്ങള്‍ എന്തിനാണ് ?’അന്തര്‍ സംസ്ഥാന തൊഴിലാളി’ എന്ന ഇന്ത്യന്‍ നിയമം സ്വീകരിച്ചിട്ടുള്ള ടെര്മിനോളജി ഫോളോ ചെയ്യുക എന്നതാണ് ഇക്കാര്യത്തില്‍ നന്നാവുകയെന്നു സാമൂഹ്യ നിരീക്ഷകര്‍ പലരും അഭിപ്രായപ്പെട്ടു കഴിഞ്ഞു.ആ അര്‍ത്ഥത്തില്‍ ‘അന്തര്‍ സംസ്ഥാന’ തൊഴിലാളി എന്ന തീര്‍ത്തും generic ആയ പദത്തെ ഉള്‍ക്കൊള്ളുന്നതാണ് ഉചിതമായത് എന്ന് വ്യക്തമാവുന്നു.
കൊറോണക്കാലത്ത് രാഷ്ട്രീയ ചിന്തകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനമാണ് കേരളം.മുന്‍പ്
പ്രളയകാലത്തും അങ്ങനെയൊരു രാഷ്ട്രീയ തിട്ടൂരമുണ്ടായിരുന്നു.പക്ഷേ ലോകം മുഴുവന്‍ കോവിഡ് കാലത്ത് കൃത്യമായ രാഷ്ട്രീയമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ആരോഗ്യരംഗം പൊതു ഉടമസ്ഥതയില്‍ കൊണ്ടു വരേണ്ടതിന്റെ ആവശ്യകത,തിരഞ്ഞെടുപ്പിലെ ജയസാധ്യതയേയും സമ്പദ് രംഗത്തെയും ബാധിക്കുമെന്ന ഭയത്താല്‍ ട്രമ്പ് കാണിച്ച അശാസ്ത്രീയ അലംഭാവത്തിനെതിരെ ഉയരുന്ന വിമര്‍ശ്ശനം ,
ലോക്ക്ഡൗണ്‍ കാലത്ത് ദിവസ കൂലിക്കാരും അസംഘടിത മേഖലയിലെ തൊഴിലാളികളും ,കര്‍ഷകരും എങ്ങനെ ജീവിക്കുമെന്നുള്ള ആധി …..
ഇതെല്ലാം രാഷ്ട്രീയമാണ്.ലോകം പറഞ്ഞു കൊണ്ടിരിക്കുന്ന,ജാഗ്രത പുലര്‍ത്തുന്ന രാഷ്ട്രീയം.
എന്നാല്‍ കേരളത്തിലും കേന്ദ്രത്തിലും ഭരണപക്ഷത്തിന്റെ മാത്രം രാഷ്ട്രീയം അവര്‍ പറഞ്ഞു കൊണ്ടേയിരിക്കുന്നു.പ്രത്യക്ഷമായും പരോക്ഷമായും അതാവര്‍ത്തിക്കുന്നു.
ചാതുര്യമുള്ള പി ആര് വര്‍ക്കിലൂടെ തങ്ങളുടെ രാഷ്ട്രീയം അവര്‍ പൊലിപ്പിച്ചെടുക്കുന്നു.ദുരന്തമുഖത്തെ വ്യാജമായ ഹീറോ രാഷ്ട്രീയ പരിവേഷത്തിന്റെ മുന്നേറ്റങ്ങള്‍ക്ക് വിഘാതമായി തീരുന്ന ക്രിയാത്മക വിമര്‍ശങ്ങള്‍ക്ക് പോലും അവര്‍ മൊറട്ടോറിയം പ്രഖ്യാപിക്കുന്നു.
സത്യത്തില്‍ സക്രിയമായ വിമര്ശ്ശനംങ്ങള് കൊറോണ കാലത്ത് കൂടുതല്‍ ഉണ്ടാവുകയാണ് വേണ്ടത്, ഇല്ലെങ്കിലത് വൈറസ് വ്യാപനത്തെയാണ് സഹായിക്കുക.
ട്രംപ് വരുന്ന 30 ദിവസത്തേക്ക് അമേരിക്ക മുഴുവന്‍ ലോക്ക്ഡൗണിലേക്ക് നീങ്ങുമെന്ന് പറയാന്‍ നിര്‍ബന്ധിതനായത് അദേഹത്തിന്റെ അലംഭാവത്തിനും കോവിഡിനെ നിസ്സാരവത്കരിച്ചതിനുമെതിരെ അമേരിക്കകത്തും പുറത്തും ഉയര്‍ന്ന നിരന്തര രാഷ്ട്രീയ വിമര്‍ശ്ശനത്തിന്റെ ഫലമായിട്ടാണ്.രാഷ്ട്രീയമാണു മറ്റെല്ലാത്തിനെയും നിര്‍ണ്ണയിക്കുന്നതെന്നു കേരളത്തിലെ മുഖ്യഭരണ കക്ഷിക്ക് കഌസ് എടുക്കേണ്ടതുണ്ടോ ..?
അവരുടെ ആചാര്യന്മാര് തന്നെയല്ലേ ഇത് ഏറ്റവും കൂടുതല്‍ പറഞ്ഞത്.അതോ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ സ്വന്തം അധികാര താല്പര്യങ്ങള്ക്ക് വിഘാതമാണെങ്കില്‍ ഏത് ജനകീയ പ്രശ്നങ്ങള്‍ക്ക് നടുവിലും അതിന് മൊറട്ടോറിയം പ്രഖ്യാപ്പിക്കാമെന്നത് ഉള്‍പാര്‍ട്ടി സംവിധാനത്തിനകത്തെ രഹസ്യ നിലപാടാണോ?