കുഞ്ഞനന്തന്റെ മരണത്തില്‍ ആളുകള്‍ക്ക് ആശ്വാസം കിട്ടുന്നുവെങ്കില്‍ അതിന്റെ കാരണം സി.പി.എം തിരിച്ചറിയുക തന്നെ വേണം

കെ.എം ഷാജി

ഒരു മരണവും ആഘോഷിക്കപ്പെടേണ്ടതല്ല

ഒരാള്‍ ഇനിയില്ല എന്ന് ഉറപ്പിക്കുമ്പോള്‍ ആര്‍ക്കെങ്കിലും സങ്കടമുണ്ടാവുന്നതും ആശ്വാസം തോന്നുന്നതും അയാളുടെ ജീവിത കാലത്തെ ചെയ്തികളില്‍ നിന്നാണല്ലോ

ഹിറ്റ്ലറും മുസ്സോളിനിയും ഇല്ലാതായപ്പോള്‍ ലോകം ആശ്വസിച്ചത് നമ്മള്‍ കണ്ടതാണു.

കുഞ്ഞനന്തന്‍ എന്ന വ്യക്തിയുടെ മരണം ആര്‍ക്കെങ്കിലും ആശ്വാസം നല്‍കുന്നുവെങ്കില്‍ അതിന്റെ കാരണം അയാള്‍ ജീവിച്ചിരുന്ന പാര്‍ട്ടി തിരിച്ചറിയുക തന്നെ വേണം.അത് കൊണ്ട് തന്നെ മരണപ്പെട്ടു പോയ കുഞ്ഞനന്തനെ ആദരാജ്ഞലികളര്‍പ്പിച്ച് മാറ്റി നിര്‍ത്താം നമുക്ക്!

കൈരളിയിലെ വിഷ്വല്‍ ഇംപാക്റ്റും ദേശാഭിമാനിയിലെ അക്ഷര ജ്വാലകളും ഒരുമിച്ച് നല്‍കുന്ന ആഖ്യാനങ്ങള്‍ കേട്ടാല്‍ ഉത്കൃഷ്ഠനായ ഏതോ സ്വതന്ത്ര്യ-സമര സേനാനിയുടെ നികത്താനാവാത്ത നഷ്ടത്തെ കുറിച്ചാണതെന്ന് നമുക്ക് തോന്നിപ്പോകും;
ഒരു പക്ഷേ, എന്തെങ്കിലും സാധ്യതകള്‍ ഉണ്ടായിരുന്നുവെങ്കില്‍ മരണാനന്തരം ആചാരവെടികളോടെ അദ്ദേഹത്തിന് യാത്രയയപ്പ് നല്‍കുമായിരുന്നു പിണറായി ഗവണ്‍മെന്റ്

ജീവന്‍ ശരീരത്തില്‍ നിന്നും വേര്‍പ്പെട്ട് പോയിട്ടും വെട്ടി വെട്ടി അന്‍പത്തിയൊന്ന് തികച്ച കേരളം കണ്ട ഏറ്റവും നിഷ്ഠൂരമായ കൊലപാതകത്തിന്റെ അതിഭീകരനായ ആസൂത്രകനാണ് കുഞ്ഞനന്തനെന്ന് കേരളീയ സമൂഹത്തിന് പ്രകാശം കണക്കെ ബോധ്യമുള്ളത് കൊണ്ട് മാത്രമായിരിക്കാം അത്തരമൊരു കാഴ്ച്ച കാണാനുള്ള നിര്‍ഭാഗ്യം നമുക്കില്ലാതെ രക്ഷപ്പെട്ടത്

ആസൂത്രകന്‍ മാത്രമല്ല, നല്ല സൂക്ഷിപ്പുകാരനായ വിശ്വസ്തനും കൂടിയായിരുന്നു കുഞ്ഞനന്തന്‍. തനിക്ക് മുകളിലേക്ക് പോകുമായിരുന്ന ഉന്നതമായ എല്ലാ വാതിലുകളും വിശ്വസ്തനായ ആ ‘രഹസ്യ സൂക്ഷിപ്പുകാരന്‍’ തടഞ്ഞു നിര്‍ത്തി. ആ അര്‍ത്ഥത്തില്‍ പാര്‍ട്ടിയുടെ നീതി ശാസ്ത്ര പ്രകാരം കുഞ്ഞനന്തന്‍ ആദരവിനുടമയാണ്

ടീച്ചറമ്മ എന്ന് പാര്‍ട്ടി ലോകം ആഘോഷ പൂര്‍വ്വം കൊണ്ടാടുന്ന ഒരു മന്ത്രിയുണ്ട് കേരളത്തില്‍. ഈ കോവിഡ് കാലത്ത് വലിയ സഹാനുഭൂതിയുടെയും കരുണയുടെയും കരുതലിന്റെയും ഒക്കെ അമ്മ എന്ന് ആരാധകരാല്‍ വാഴ്ത്തപ്പെട്ടിരുന്ന അവര്‍ മൃഗീയമായ ഒരു കൊലപാതകത്തിന്റെ സൂത്രധാരനെയാണ് വിശുദ്ധ പട്ടം നല്‍കി ആദരിച്ചിരിക്കുന്നത്

സമാനതകളില്ലാത്ത ഒരു കൊലക്കേസ്സ് പ്രതിയെ ‘പാര്‍ട്ടിയെ അകമഴിഞ്ഞ് സ്‌നേഹിച്ച മഹാത്മാവ്’ എന്ന വിശേഷണം പതിച്ചു നല്‍കുന്നത് ഒരു സ്റ്റേറ്റിന്റെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമാണ്. ഇതു വഴി പാര്‍ട്ടിയെ ‘എപ്രകാരം സ്‌നേഹിക്കണമെന്നും ‘അതിന് കിട്ടുന്ന ‘പ്രതിഫലം ‘എന്തെന്നും അണികളെ ഉദ്‌ബോധിപ്പിക്കുകയാണ് പഴയ പാര്‍ട്ടി സെക്രട്ടറി

ചന്ദ്രശേഖരന്റെ കൊലപാതകം പോലെ ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നായി കുഞ്ഞനന്തന്റെ ജീവിതവും മരണവും പാര്‍ട്ടിയാല്‍ വാഴ്ത്തപ്പെടുന്ന അദ്ദേഹത്തിന്റെ ‘വിശ്വസ്തതയും’ മാറുന്നുണ്ട്.

ജീവനുകളെല്ലാം അമൂല്യമാണ്. മഹാമാരി കാരണമോ രോഗം മൂലമോ ഒരാള്‍ മരണപ്പെടുന്നത് സങ്കടകരമായ അനിവാര്യതയായി നമുക്ക് കരുതാമായിരുന്നു. പക്ഷേ അതൊന്നുമില്ലാതെ ടിപി ചന്ദ്രശേഖരന്‍ എന്ന പച്ച മനുഷ്യന്റെ അറുത്തു മാറ്റുന്ന മാംസ ഭാഗങ്ങളുടെ എണ്ണമെടുത്ത് നടത്തിയ കൊലവിളി കാതുകളില്‍ നിന്നും മാഞ്ഞു പോകുന്നതിന് മുമ്പേ, കൊലയാളിയെ മഹത്വവത്കരിച്ച് ആ അട്ടഹാസം പുന:സൃഷ്ടിക്കുന്ന ഈ കമ്മ്യൂണിസ്റ്റ് വക്താക്കള്‍ക്ക് എങ്ങനെയാണ് മനുഷ്യ ജീവനുകളെ കുറിച്ച് ആത്മാര്‍ത്ഥമായി സംസാരിക്കാനാവുക?

കോവിഡ് എന്നല്ല , എല്ലാ വൈറസുകളും തോറ്റു പോകുന്ന ഈ മരണ വ്യാപാരികളെ ആദര്‍ശ ശ്രേഷ്ഠരാക്കുക വഴി വാക്‌സിനേഷനില്ലാത്ത മാരക രോഗമാണു CPM എന്നവര്‍ വീണ്ടും തെളിയിച്ചിരിക്കുന്നു

ബംഗാളിലും ത്രിപുരയിലുമൊക്കെ ഗതികെട്ട് ജനങ്ങള്‍ പ്രയോഗിച്ച ജനാധിപത്യത്തിന്റെ വാക്‌സിന്‍ ഉപയോഗിച്ച് മാത്രമെ ഈ മഹാ വിഷമയമായ വൈറസിനെ തോല്‍പിക്കാന്‍ കഴിയു എന്ന് നാം തിരിച്ചറിയുക;

അല്ലെങ്കില്‍ പാര്‍ട്ടിയുടെ സ്റ്റാലിനിസ്റ്റ് നീതി ശാസ്ത്രവും രീതി ശാസ്ത്രവും അനുസരിച്ചുള്ള ഒരു പാട് വാഴ്ത്തുപാട്ടുകള്‍ നമ്മള്‍ ഇനിയും കേള്‍ക്കേണ്ടി വരും