കൊറോണ കാലത്ത് രാഷ്ട്രീയം പറയരുതെന്ന ഉത്തരവുണ്ട്.ശരി.പറയുന്നില്ല.അധികാരവും പിആര്‍ വര്‍ക്കുകളുടെ അതിപ്രസരവും യുക്തിയേയും ധാര്മ്മികതയേയുമൊക്കെ കര്‍ട്ടനിട്ട് മറക്കുമ്പോഴും നിശബ്ദരായിരുന്ന് പിആര്‍ ഗ്രൂപ്പുകളുടെ സോഷ്യല്‍ കില്ലിംഗിന് വിധേയരാവാതിരിക്കുന്നതാണ് നല്ലത്.
മുഖ്യമന്ത്രി അദ്ദേഹത്തിന്റെ പത്ര സമ്മേളനം നന്നായിട്ട് മാനേജ് ചെയ്യുന്നുണ്ട്.ഒരു പക്ഷേ ഇന്ത്യയിലെ ഏറ്റവും നല്ല പി ആര് മാനേജ്മെന്റുള്ള മുഖ്യമന്ത്രിയായി അദ്ദേഹം മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.നിരവധി ഉപദേശികളെ ചുറ്റും നിര്‍ത്തി, വന്‍ തുക ചെലവഴിച്ച് പിആര്‍ വര്‍ക്കുകള്‍ ഏകോപിപ്പിച്ച് അദ്ദേഹം നടത്തുന്ന പത്രസമ്മേളനങ്ങള്‍ക്ക് അതിന്റേതായ ക്രമവും ഭംഗിയും ഒക്കെയുണ്ട്. അതിന്റെ ഗുണം അദ്ദേഹത്തിന് ലഭിക്കുന്നുമുണ്ട്. പക്ഷേ ഈ പത്രസമ്മേളനങ്ങളില്‍ അദ്ദേഹം അനാവശ്യമായ ചില ദുര്‍വാശികള്‍ ഒഴിവാക്കേണ്ടതുണ്ട് എന്ന് പറയാതിരിക്കുന്നത് ശരിയല്ല.
വൈകുന്നേരം 6 മണിക്ക് മുഖ്യമന്ത്രി നടത്തുന്ന പത്ര സമ്മേളനത്തിലാണ് കോവിഡ് പോസിറ്റീവായ ആളുകളുടെ കണക്കുകള്‍ പുറത്ത് വിടുന്നത്.7 മണിക്ക് പത്ര സമ്മേളനം അവസാനിക്കുന്നു.പിന്നീടങ്ങോട്ട് പിറ്റേ ദിവസത്തെ പ്രസ്സ് കോണ്‍ഫ്രന്‍സ് സമയം വൈകുന്നേരം 6 മണിവരെയുള്ള സമയത്തിനിടക്ക് പലയാളുകള്‍ക്കും വ്യത്യസ്ത ലാബുകളില്‍ കൊറോണ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.മുഖ്യമന്ത്രി പത്രസമ്മേളനം കഴിഞ്ഞ് എഴുന്നേല്ക്കുന്ന വേളയിലാണ് ഏതെങ്കിലുമൊരു ലാബില്‍ പോസിറ്റീവ് കേസ്സ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെങ്കില്‍, പിറ്റേ ദിവസത്തെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനം വരെ ഇത് ഡിക്ലയര്‍ ചെയ്യാന്‍ കാത്തിരിക്കുകയാണ്. പോസിറ്റീവ് റിപ്പോര്ട്ടോട്കൂടി പേഷ്യന്റ് ഐസോലേറ്റ് ചെയ്യപ്പെടുമായിരിക്കാം. എന്നാല്‍ ഇദ്ദേഹം സാമൂഹിക ഇടപെടല്‍ നടത്തിയിരുന്ന ഒരു വിഭാഗത്തില്‍ നിന്ന് രോഗ വ്യാപനം നടന്നു കൊണ്ടിരിക്കുകയാണ്,പിറ്റേ ദിവസം വൈകുന്നേരം വരെയുള്ള മുഖ്യമന്ത്രിയുടെ പത്രസമ്മേളന സമയം വരെ.
കൊറോണ പോലെ ഓരോ നിമിഷത്തിലും മിറ്റിഗേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഇടപെടല്‍ നടത്തേണ്ട ഒരു സമയത്ത് എന്തിനാണ് ഈ വാശി..? മറ്റാര്‍ക്കും ഈ പ്രഖ്യാപനാധികാരം വിട്ടുകൊടുക്കാത്ത ഈ പിആര്‍ വര്‍ക്കിന്റെ രാഷ്ട്രീയം എന്താണ്?
മറ്റൊന്ന്, കൊറോണ ബാധിതരായ മനുഷ്യര്‍ എന്തോ മഹാ അപരാധികള്‍ ആണെന്ന ദുസൂചന അറിഞ്ഞോ അറിയാതെയോ മുഖ്യമന്ത്രിയുടെ പത്ര സമ്മേളനം പ്രസരിപ്പിക്കുന്നുണ്ട്. കോവിഡ് സ്ഥിരീകരിച്ച ഇടുക്കിയിലെ ഒരു പൊതു പ്രവര്‍ത്തകനെ അങ്ങേയറ്റം വ്യക്തിപരമായി ആക്ഷേപിച്ചു കൊണ്ടുള്ള മുഖ്യമന്ത്രിയുടെ സ്റ്റേറ്റ്മെന്റ് കേരളം കേട്ടു.പത്ര സമ്മേളനം തുടങ്ങിയത് മുതല്‍ ‘ഗള്ഫുകാര്’ എന്ന പ്രവാസികളെ സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ പ്രയോഗ രീതി പോലും അസ്പൃശ്യത കല്പിക്കപ്പെടേണ്ടവര് എന്ന അര്‍ത്ഥ തലങ്ങളിലേക്ക് എത്തിച്ചേരുന്നു.ലോകത്ത് ഉരുത്തിരിയുന്ന എല്ലാ പ്രതിസന്ധികളുടേയും പ്രശ്നങ്ങള്‍ ആരംഭഘട്ടത്തില്‍ തന്നെ ഏറ്റുവാങ്ങേണ്ടി വരുന്നവരാണ് പ്രവാസികള്‍. അപ്പോഴും നാടിനും സര്‍ക്കാരിനും വേണ്ടി അത്യാദ്ധ്വാനം ചെയ്യുന്നവരാണവര്‍.പ്രളയമടക്കമുള്ള പ്രതിസന്ധികളുടെ പേമാരികളില്‍ സംസ്ഥാനത്തെ നില നിര്‍ത്തിയ സമൂഹം.എന്നാല്‍ മുഖ്യമന്ത്രിയുടെ പത്ര സമ്മേളനങ്ങളുടെ അനന്തരഫലമായി സംസ്ഥാനത്തെ പ്രവാസികളെ ഒന്നാകെ ഭീകരരായ ക്രിമിനല്‍ കുറ്റവാളികളെ പോലെ സമൂഹം വീക്ഷിക്കുന്ന ഒരു സാഹചര്യമുണ്ടാവുന്നു. എന്നാല്‍ ഈ പ്രവാസികളാരും ഫ്ളൈറ്റില്‍ നിന്ന് പാരച്യൂട്ട് വഴി ഇവിടെ ലാന്‍ഡ് ചെയ്തവരല്ല. നിയമാനുസൃതമായി കേരളത്തിലെ നാല് എയര്‍പോര്‍ട്ടുകളിലൂടെ ആഗമനം സാധ്യമാക്കിയവരാണ്.
ലോകാരോഗ്യ സംഘടനയുടെ കൊറോണ വൈറസ് മുന്നറിയിപ്പ് നിലവില്‍ വന്നതിന് ശേഷം നമ്മുടെ തൊട്ടടുത്ത തമിഴ്നാട്ടിലെ ചെന്നൈ എയര്‍പോര്‍ട്ടില്‍ മാത്രം രണ്ടര ലക്ഷത്തോളം യാത്രക്കാര്‍ വന്നിറങ്ങി എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നിട്ടും തമിഴ്നാട് പോലുള്ള ഒരു വലിയ സംസ്ഥാനത്തിനകത്ത് കോവിഡ് വ്യാപനം ഇത്രമേല്‍ ഫലപ്രദമായി തടയാനവര്ക്ക് സാധിച്ചത് എങ്ങനെയാണ് എന്ന ചോദ്യത്തിനുള്ള ഉത്തരം കേരളം വളരെ വൈകി മാത്രം ചെയ്ത കാര്യം അവര്‍ കോവിഡ് ഭീഷണിയുടെ തുടക്കത്തില്‍ തന്നെ ചെയ്തുവെന്നതാണ്. എന്നു വെച്ചാല്‍, തമിഴ്നാട്ടിലെ എയര്‍പോര്‍ട്ടുകളില്‍ ഇറങ്ങിയ എല്ലാ പ്രവാസികളെയും സ്റ്റേറ്റ് ഗവണ്മെന്റിന്റെയും ആരോഗ്യ വകുപ്പിന്റെയും കൃത്യമായ നിരീക്ഷണത്തില്‍ ഐസോലേറ്റ് ചെയ്ത് അവരുടെ രോഗാവസ്ഥ സ്ഥിരീകരിച്ചതിന് ശേഷം മാത്രമാണ് റിലീസ് ചെയ്തത്.സെല്‍ഫ് പ്രമോഷന് പത്രസമ്മേളനങ്ങളും പ്രോപഗണ്ട രാഷ്ട്രീയവുമില്ലാതെ, സൂത്രത്തില്‍ പുറത്ത് ചാടുന്നവരെന്ന പ്രവാസി സമൂഹത്തോടുള്ള അധിക്ഷേപ വര്ഷങ്ങളില്ലാതെ എങ്ങനെ ഉയര്‍ന്ന ജനസാന്ദ്രതയുള്ള തമിഴ്നാട് പോലെ ഒരു സംസ്ഥാനം കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവെന്നതിന്റെ ഉദാഹരണമാണിത്. രോഗം വന്നതിന് ശേഷം ടെസ്റ്റ് നടത്തിയതിന്റേയും ചികിത്സിച്ചതിന്റെയും കണക്കാണ് കേരളം പറയുന്നതെങ്കില്‍ വരാതിരിക്കാനുള്ള സൂക്ഷ്മതയാണ് തമിഴ്നാട്ടിലെയും മറ്റും ഗവണ്മെന്റുകള് ആവിഷകരിച്ചത്.ഇത് ചൂണ്ടിക്കാണിച്ച പ്രതിപക്ഷത്തെ അര്‍ത്ഥശൂന്യമായ പദങ്ങളാല്‍ മോബ് ലിഞ്ചിംഗ് നടത്തുന്ന തിരക്കിലായിരുന്നു അന്നുമിന്നും കേരളത്തിലെ ഭരണപക്ഷ കക്ഷിയുടെ പ്രചാരകര്‍.
ദു:ഖ സത്യം എന്താണെന്ന് വെച്ചാല്‍,കേരളം ഒന്നാമതെന്ന സിപിഎം പരസ്യ ഏജന്‍സികളുടേയും സൈബര്‍ കമ്മൂണുകളുടെയും എന്നത്തെയും വാദം ഇപ്പോഴാണ് ശരിയായി തീര്‍ന്നത്.എല്ലാ ജില്ലകളിലും കൊറോണ പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇന്ത്യയിലെ ഏക സംസ്ഥാനമെന്ന പദവി കേരളത്തിനാണ്. വ്യാപന തോതില്‍ മഹാരാഷ്ട്രയോട് നാം മത്സരിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നു.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസംസ്ഥാന ഗവണ്മെന്റുകളുടെ എല്ലാ നിര്‍ദ്ദേശങ്ങള്‍ക്കും പിന്തുണ പ്രഖ്യാപിക്കുന്നു. ഒപ്പം അഭിപ്രായം പറഞ്ഞാലുണ്ടാകുന്ന വെട്ടുകിളി ആക്രമണത്തെ ഭയപ്പെടാന്‍ നിര്‍വ്വാഹമില്ലാത്തത് കൊണ്ട് അതിനിയും ആവര്‍ത്തിക്കുകയും ചെയ്യും.