വിജയരാഘവന്‍ വൃത്തികെട്ട സ്ത്രീവിരുദ്ധത പേറുന്ന മനോരോഗി: കെ.എം ഷാജി

കോഴിക്കോട്: വൃത്തികെട്ട സ്ത്രീവിരുദ്ധത പേറി നടക്കുന്ന മനോരോഗിയാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവനെന്ന് കെ.എം ഷാജി എം.എല്‍.എ. അങ്ങേയറ്റം ദുര്‍ബലമായ ഒരു സമൂഹത്തില്‍ നിന്ന് സ്വന്തം കഠിനാദ്ധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രം ഉയര്‍ന്നു വന്ന രമ്യ ഹരിദാസിന്റെ ദളിത് സ്വത്വത്തെ കൂടിയാണ് വിജയരാഘവന്‍ അപമാനിച്ചതെന്നും ഷാജി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

‘എ’ വിജയരാഘവനെ കുറിച്ച് എന്ത് പറയാനാണ്?
മനസ്സിനകത്ത് മുഴുവൻ എന്തോ തരം ഫ്രസ്റ്റ് റേഷൻ കുമിഞ്ഞുകൂടിയ ഈ വഷളനെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത്. ജയരാജനെ പോലെ ആളുകളെ സ്കെച്ച് ചെയ്യുന്ന സൈക്കോ എന്ന് പറയാനാവില്ല. അതിലും വൃത്തികെട്ട സ്ത്രീവിരുദ്ധത പേറി നടക്കുന്ന സൈക്കോ പാത്ത് ( മനോരോഗി )എന്നേ പറയാനൊക്കൂ.

അങ്ങേയറ്റം ദുർബലമായ ഒരു സമൂഹത്തിൽ നിന്ന് കഠിനാദ്ധ്വാനവും അർപ്പണബോധവും കൊണ്ട് മാത്രം ഉയർന്നു വന്ന സ്ത്രീയാണ് രമ്യ ഹരിദാസ്‌.അവരുടെ സ്ത്രീ, ദളിത് സ്വത്വത്തെ കൂടിയാണ് എൽ ഡി എഫ് കൺവീനർ വിജയരാഘവൻ ക്രൂരമായി അപമാനിച്ചിരിക്കുന്നത്.നേരത്തെ ചിത്രലേഖ എന്ന ദളിത് സ്ത്രീയുടെ അതിജീവന ശ്രമങ്ങളോട് സി പി എം കാണിച്ച അസഹിഷ്ണുതയുടെ തുടർച്ച.

കീഴാളൻ ബ്രാഹ്മണ ദാസ്യത്തിനപ്പുറത്തേക്ക് ചുവടുകൾ വെക്കരുതെന്നും മുസ്ലിമെന്നാൽ തീവ്രവാദിയെന്നും നിർവ്വചിക്കുന്ന മാർക്സിസ്റ്റ് പാർട്ടിയിലെ ശക്തനായ മോദി ‘ചിന്ന വീട്’ ആശയക്കാരിൽ പ്രമുഖനാണ് മുമ്പേ ‘എ’വിജയരാഘവൻജി. അതുകൊണ്ടാണ് ഇതേ രമ്യയുടെ ദളിത് ഐഡന്റിറ്റിയിൽ ജനിച്ച ഡോക്ടർ ബി ആർ അംബേദ്ക്കർ വിജയരാഘവന്റെ പാർട്ടിയെ ‘സവർണ്ണ തമാശ’ എന്ന് വിശേഷിപ്പിച്ചത്.നിർഭാഗ്യവശാൽ,പി കെ ബിജുവിനെ പോലുള്ളവർ അത്തരം ഹിപ്പോക്രസിയുടെ ടൂളുകളായി പരിണമിക്കുകയാണ്. മാർക്സിസ്റ്റ് സ്ത്രീപക്ഷ വിമോചക റാണികൾ പിന്നെ പണ്ടേ കീഴാള പാട്ടുകൾക്കും കവിതകൾക്കുമൊക്കെ ഒരു പഞ്ച് ഇല്ലെന്ന പക്ഷക്കാരും പഞ്ച് കിട്ടാൻ വേണ്ടി മാത്രം അവർണ്ണന്റെ അദ്ധ്വാനം കോപ്പിയടിക്കുന്നവരുമാണ്.

സഹോദരി രമ്യ, ആലത്തൂരിലെ പ്രബുദ്ധരായ വോട്ടർമാർക്ക് മുന്നിലെ പ്രബുദ്ധതയാണ്. അവർ വിജയിക്കുക എന്നത് ‘എ ‘ വിജയരാഘവന്റെ പാർട്ടിയും സംഘ് പരിവാറും ഒരുമിച്ച് പ്രതിനിധാനം ചെയ്യുന്ന ദളിത്, ന്യൂനപക്ഷ, മാനുഷിക വിരുദ്ധമായ സാംസ്കാരിക ഫാഷിസത്തിനെതിരെ കൂടിയുള്ള വിജയമാണ്.

SHARE