ജൗഹര്‍ മുനവ്വിറിനെതിരെ ജാമ്യമില്ലാ വകുപ്പ്; പ്രതികരണവുമായി കെ.എം ഷാജി എം.എല്‍.എ

പ്രസംഗത്തിലെ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് ഫാറൂഖ് ട്രെയിനിങ് കോളജ് അധ്യാപകന്‍ ജൗഹര്‍ മുനവ്വിറിനെതിരെ കേരള പോലീസ് ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുത്തതില്‍ പ്രതികരണവുമായി കെ.എം ഷാജി എം.എല്‍.എ. പിണറായി വിജയന്റെ സംഘി പോലീസിനെതിരെ ഫെയ്‌സ്ബുകിലൂടെയാണ് അഴീക്കോട് എംഎല്‍എ രംഗത്തെത്തയത് രംഗത്തെത്തിയത്.

കെ.എം ഷാജി എം.എല്‍.എ ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം

അങ്ങനെ ജൗഹര്‍ മുനവ്വിറിനെതിരെയും ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരിക്കുന്നു. മുന്‍കാല പ്രാബല്യത്തോടെ കേരളത്തിലെ മുഴുവന്‍ ഇസ് ലാം മതവിശ്വാസികളെയും പിണറായി വിജയന്റെ സംഘി പോലീസ് അറസ്റ്റ് ചെയ്യുന്ന, നഷ്ടപ്പെടാന്‍ കൈവിലങ്ങുകളല്ലാതെ മറ്റൊന്നുമില്ലാത്ത ആ സമത്വസുന്ദര കേരളത്തിന് വേണ്ടി നമുക്ക് കാത്തിരിക്കാം.

സത്യത്തില്‍ സംഘ്പരിവാര്‍ പൊതുബോധ്യത്തെ ഉള്‍കൊള്ളുന്ന അനാര്‍ക്കിസ്റ്റ് ചിന്തകളാണ് ഇപ്പോള്‍ കേരളത്തെ ഭരിച്ച് കൊണ്ടിരിക്കുന്നത്. മാന്യമായ വസ്ത്രധാരണം ഉദ്‌ബോധിപ്പിക്കുന്നത് പോലും ഭീകരമായ പാതകമായി മാറുന്നത് അത് കൊണ്ടാണ്. ആരാണ് ഈ കുറ്റവും ശിക്ഷയും വേര്‍തിരിക്കുന്നത്..? നൂറ് കണക്കിന് മനുഷ്യരെ അറുത്ത് മുറിച്ചു കെട്ടിയുണ്ടാക്കിയ,രക്ത സാമ്രാജ്യത്തിന് മുകളിലൂടെ അധികാരത്തിന്റെ സോപാനത്തിലേറിയ പിണറായി വിജയനാണ് ഈ പുതിയ വ്യവസ്ഥിതിയെ നമുക്ക് പരിചയപ്പെടുത്തുന്നത്. അയാളുടെ വ്യവസ്ഥിതിയില്‍ ആശയ സംവേദനങ്ങളത്രയും തെറ്റാകുന്നു. ഉദ്‌ബോധന/ഉപദേശങ്ങള്‍ തെറ്റാകുന്നു.(അക്ബറും ജൗഹറുമൊക്കെയാണ് നിങ്ങളുടെ പേരെങ്കില്‍)

ഇത് ശരിയല്ലെന്ന് പറയുന്നതിന് പകരം സി പി എമ്മിനകത്തെ ന്യൂനപക്ഷ വിരുദ്ധ/സംഘ് ബോധ്യങ്ങള്‍ക്കൊപ്പം ചുവടുകള്‍ വെക്കുകയാണ് പലരും.വിശ്വാസികളെ തള്ളി പറയുന്നതാണ് മതേതരത്വമെന്ന്, വിശ്വാസികളെ പരിഹസിക്കുന്നതാണ് യുക്തിവിചാരമെന്ന്, അതാണ്, അത് മാത്രമാണ് ഫെമിനിസമെന്ന്, സഖാക്കള്‍ സൃഷ്ടിച്ച ഈ ന്യൂനപക്ഷ വിരുദ്ധ പൊതുബോധ്യം നമ്മോട് പറയുന്നു.
തല്‍ക്കാലം ഈ ന്യൂനപക്ഷ വിരുദ്ധത കയ്യടിച്ച് പ്രോത്സാഹിപ്പിക്കാന്‍ മനസ്സില്ല!

രാജ്യത്തിന്റെ പൈതൃകത്തെയും നന്മയെയും സംശുദ്ധിയെയും എല്ലാം നിരാകരിക്കുന്ന അപക്വമതികളായ അരാജകത്വവാദികളുടെ അഭയകേന്ദ്രമായി പിണറായി ഗവണ്‍മെന്റ് മാറിയിരിക്കുന്നു. നാളിതുവരെ നാം കണ്ട എല്ലാ സഭ്യതയുടെ അതിരുകളും അവര്‍ക്കു വേണ്ടി ലംഘിക്കുകയാണ് മാര്‍ക്‌സിസ്റ്റ് ഗവണ്‍മെന്റ്. അനാര്‍ക്കിസ്റ്റ് / സംഘി ബോധ്യം എങ്ങനെയൊക്കെ ന്യൂനപക്ഷ വിരുദ്ധമാകുന്നുവെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് പിണറായി ഭരിക്കുന്ന നവകേരളം!

പക്ഷേ, പിണറായി വിജയന്‍, കേരളത്തിലെ നിങ്ങളുടെ പാര്‍ട്ടി ആപ്പീസുകള്‍ മുഴുവനും ജയിലുകളാക്കിയാല്‍ പോലും ജയിലുകള്‍ തികയാതെ വരും നിങ്ങള്‍ക്ക്.
അവസാനത്തെ വിശ്വാസിയെ അറസ്റ്റ് ചെയ്താലും ഈ നാട്ടില്‍ ഭരണഘടനയുള്ളിടത്തോളം ജനാധിപത്യാവകാശങ്ങള്‍ നിലനില്‍ക്കുവോളം വിശ്വാസി സമൂഹത്തിന് പറയാനുള്ളത് പറഞ്ഞിട്ടേ ഞങ്ങള്‍ പോകൂ…