തടങ്കല്‍ പാളയം നിര്‍മിക്കാനുള്ള കേന്ദ്രത്തിന്റെ ആജ്ഞ നിരസിക്കാതെ തെരുവുകളില്‍ ശബ്ദഘോഷണം നടത്തുന്നത് എന്തുതരം ആത്മാര്‍ഥതയാണ്; പിണറായിയോട് കെ.എം ഷാജി.

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമം, എന്‍.ആര്‍.സി നിയമത്തിലെ കേരളസര്‍ക്കാരിന്റെ സമീപനത്തിലെ പൊള്ളത്തരം തുറന്നു കാട്ടി മുസ്ലിംലീഗ് നേതാവും
എം.എല്‍.എയുമായ കെ.എം ഷാജി. പൗരത്വം തെളിയിക്കാന്‍ പറ്റാത്ത മനുഷ്യര്‍ക്ക് വേണ്ടി തടങ്കല്‍ പാളയം നിര്‍മിക്കണമെന്ന കേന്ദ്രത്തിന്റെ ആജ്ഞ മറ്റു സംസ്ഥാനങ്ങളെ പോലെ നിവര്‍ന്നു നിന്ന് നിരസിക്കാന്‍ കേരളം തയ്യാറാകാത്തതെന്തെന്ന് കെ.എം ഷാജി ചോദിച്ചു. ഇക്കാര്യത്തില്‍ കേരള സര്‍ക്കാരിന്റെ നിലപാട് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. തടങ്കല്‍ നിര്‍മിക്കുന്നതിന് തടസ്സം പറയാതെ തെരുവുകളില്‍ ശബ്ദഘോഷണം നടത്തുന്നതിലെ ഇടതു പാര്‍ട്ടികളുടെ ആത്മാര്‍ത്ഥതയെയും അദ്ദേഹം ചോദ്യം ചെയ്തു. ഇതേപ്പറ്റിയുള്ള വിവരങ്ങള്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവര്‍ക്ക് വിവരാവകാശ നിമയപ്രകാരം നോട്ടീസ് അയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കെ.എം ഷാജിയുടെ ഫെയ്‌സ്ബുക് കുറിപ്പ്:

സിഎഎ/എന്‍ആര്‍സി വിഷയത്തില്‍ സംസ്ഥാന ഗവണ്‍മെന്റ് ഭരണപരമായ അവരുടെ ഉത്തരവാദിത്വം നിര്‍വ്വഹിക്കേണ്ടതുണ്ട്. മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ പോലും അസമിലെ പോലെ ഡിറ്റന്‍ഷന്‍ ക്യാമ്പുകള്‍ തന്റെ സംസ്ഥാനത്ത് ഉണ്ടാവില്ലെന്ന് വളരെ സ്പഷ്ടമായി പറഞ്ഞിരിക്കുന്നു.എന്ത് കൊണ്ട് ഇത്തരത്തില്‍ പൗരത്വ രജിസ്റ്റര്‍ നിയമത്തിനെതിരെ ഗവണ്‍മെന്റ് കൈ കൊണ്ട നടപടികളെക്കുറിച്ചുള്ള ഒരു ഔദ്യോഗിക വിശദീകരണം കേരളത്തിലെ ജനങ്ങള്‍ക്ക് നല്‍കാന്‍ പിണറായി വിജയന്‍ ഗവണ്‍മെന്റിന് സാധിക്കുന്നില്ല?

ഒരു സംസ്ഥാനത്ത് ചുരുങ്ങിയത് ഒരു തടങ്കല്‍ പാളയമെങ്കിലും നിര്‍മ്മിക്കണമെന്നാണ് കഴിഞ്ഞ ജനുവരിയില്‍ കേന്ദ്രം ആവശ്യപ്പെട്ടത്. പൗരത്വം തെളിയിക്കാന്‍ പറ്റാത്ത മനുഷ്യര്‍ അവിടേക്ക് വലിച്ചെറിയപ്പെടുമെന്നുറപ്പ്. ഈ ഡിറ്റന്‍ഷന്‍ കേന്ദ്രങ്ങളുടെ പുരോഗതി വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരന്തരം സംസ്ഥാന ഗവണ്‍മെന്റുകളെ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു എന്നാണറിവ്. ഇക്കാര്യത്തില്‍ സംസ്ഥാന ഗവണ്‍മെന്റിന് ലഭിച്ച കത്തില്‍ അവര്‍ കേന്ദ്രത്തിന് എന്ത് മറുപടിയാണ് നല്‍കിയിരിക്കുന്നത്?

തടങ്കല്‍ പാളയം നിര്‍മ്മിക്കാനുള്ള കേന്ദ്രത്തിന്റെ ആജ്ഞ മറ്റ് സംസ്ഥാനങ്ങളെ പോലെ നിവര്‍ന്നു നിന്ന് നിരസിക്കാന്‍ ഏതായാലും കേരളം തയ്യാറായിട്ടില്ല. ഭരണഘടനയോട് കൂറ് പുലര്‍ത്തുന്ന ഗവണ്‍മെന്റ് എന്ന രീതിയില്‍ കേന്ദ്രത്തോട് തങ്ങളുടെ നിലപാട് തുറന്ന് പ്രഖ്യാപിക്കാന്‍ സംസ്ഥാന ഗവണ്‍മെന്റിന് എന്താണ് തടസ്സം ? സഹോദരങ്ങള്‍ക്കുള്ള തടവറ നിര്‍മ്മാണം സാധ്യമല്ലെന്ന് ഈ ഭരണഘടനാ വിരുദ്ധമായ ബില്ലിനെതിരെ നിലപാടെടുക്കാതെ തെരുവുകളില്‍ മാത്രം ശബ്ദഘോഷണം നടത്തുന്നത് എങ്ങനെയാണ് ആത്മാര്‍ത്ഥമായ നിലപാടാവുന്നത്.

ഇക്കാര്യങ്ങള്‍ വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവര്‍ക്ക് വിവരാവകാശ നിയമപ്രകാരം നോട്ടീസ് അയച്ചു.

SHARE