പിണറായി നവോത്ഥാന നായകനെങ്കില്‍ വീരപ്പനും അതെ; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെ.എം ഷാജി

കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലപാതകത്തില്‍ സി.പി.എമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.എം ഷാജി എം.എല്‍.എ.
രണ്ടു ചെറുപ്പക്കാരെ കൊന്നിട്ട് സി.പി.എം എന്തു നേടി എന്നും, എല്ലായ്‌പ്പോഴും സി.പി.എമ്മിന്റെ കത്തിക്കിരയാവുന്നത് പാവങ്ങളാണെന്നും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി എം.എല്‍.എ. മുസ്ലിം ലീഗിന്റെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊല്ലപ്പെട്ട യുവാക്കളുടെ അമ്മമാരുടെ കണ്ണുനീരില്‍ വെന്ത് പിണറായി സര്‍ക്കാര്‍ ഇല്ലാതാവും. ഒരു പാസ്‌പോര്‍ട്ട് പോലും സൂക്ഷിക്കാനാവാത്ത വിധം ഓല മേഞ്ഞ വീട്ടിലുള്ള കൃപേഷ്, ജീവിക്കാന്‍ വേണ്ടി പത്രം വിറ്റുനടന്ന തലശ്ശേരിക്കാരന്‍ ഫസല്‍, പാവപ്പെട്ട കുടുംബത്തില്‍ പെട്ട ഷുക്കൂര്‍, ഷുഐബ് തുടങ്ങി അങ്ങേയറ്റം പാവപ്പെട്ടവരെയാണ് സിപിഎമ്മുകാര്‍ കൊന്നുകളഞ്ഞതൊക്കെ-കെ.എം ഷാജി പറഞ്ഞു.

ഒരു നിലവാരവുമില്ലാത്ത പിണറായി വിജയനെ നവോത്ഥാന നായകനെന്നു വിളിക്കാമെങ്കില്‍ വീരപ്പനും നവോത്ഥാന നായകനാകുമെന്നും ഷാജി പരിഹസിച്ചു. പര്‍ദ്ദ ധരിച്ച മുസ്ലിം പെണ്‍കുട്ടികളെ നവോത്ഥാന മതിലില്‍ പങ്കെടുപ്പിച്ച് രാഷ്ട്രീയം കളിക്കുന്ന സിപിഎമ്മുകാര്‍ അറിയണം, വിദ്യാഭ്യാസത്തിലൂടെ മുസ്ലിംലീഗ് മുസ്ലിം സമൂഹത്തെ എന്നേ നവോത്ഥാനത്തിന്റെ വഴിയിലൂടെ നയിച്ചുവെന്ന കാര്യം.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍മിച്ചു നല്‍കിയാണ് മുസ്ലിംലീഗ് ഇത്തരത്തിലുള്ള നവോത്ഥാന മുന്നേറ്റം കാഴ്ച വച്ചതെന്നും അദ്ദേഹം പറഞ്ഞു.