കേരളത്തിലാണെന്ന് അറിയുമ്പോള്‍ അറിയാതെ ശിരസ് കുനിഞ്ഞു പോകുന്നു: കെ.എം ഷാജി

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മോഷ്ടിച്ചു എന്നാരോപിച്ച് നാട്ടുകാര്‍ തല്ലിക്കൊന്ന സംഭവത്തില്‍ പ്രതികരിച്ച് കെ.എം ഷാജി എം.എല്‍.എ.
മഫെയ്‌സ്ബുക്കിലൂടെയായിരുന്നു എം.എല്‍.എയുടെ രൂക്ഷ പ്രതികരണം. വിശപ്പിന്റെ തീ തുപ്പുന്നതിനിടയില്‍ നടത്തിപ്പോയ മോഷണത്തിന് പകരം ജീവന്‍ നല്‍കേണ്ടി വന്ന യുവാവിന്റെ പ്രാണന്റെ നിലവിളി കേരളത്തിലാണെന്ന് അറിയുമ്പോള്‍ അറിയാതെ ശിരസ് കുനിഞ്ഞു പോകുന്നതായി ഷാജി പറഞ്ഞു.

അതേസമയം സര്‍ക്കാറിന്റെ ഭരണ കെടുകാര്യസ്ഥതക്കെതിരെയും ഷാജി വിമര്‍ശനമുയര്‍ത്തി. വെട്ടും കുത്തുമായി കേരളം കുതിക്കുമ്പോള്‍ വിശപ്പിന്റെ കാര്യം ചര്‍ച്ചയില്‍ പോലും വരുന്നില്ലല്ലോ എന്നായിരുന്നു ഷാജിയുടെ വിമര്‍ശനം.

ഫെയ്‌സ്ബുക് കുറിപ്പിന്റെ പൂര്‍ണ രൂപം

ഇതാണ്…. ലേ… കേരളം.
വരിഞ്ഞൊട്ടിയ
വയറിന് മുമ്പില്‍ നീ നിലവിളിച്ചത് പ്രാണന് വേണ്ടിയായിരുന്നു.
ഒട്ടിയ വയറില്‍ നിന്നും വിശപ്പിന്റെ തീ തുപ്പുന്നതിനിടയില്‍ നിന്റെ മേല്‍ ചാര്‍ത്തിയത് മോഷണകുറ്റമായിരുന്നു.

പതിനായിരം കോടികള്‍ കവര്‍ന്നവര്‍
രാജകീയം നാടുവിടുമ്പോള്‍
പതിനൊന്നണ കൊണ്ട് നിവര്‍ന്ന് നില്‍ക്കാന്‍ ഭക്ഷണം കൊതിച്ചത്
നീ ചെയ്ത മഹാ അപരാധം.
നിന്റെ മുഖത്തെ എല്ലും തോലും ഇക്കാര്യം വിളിച്ചു പറയുന്നുണ്ട് .

നിന്റെ വിശപ്പിനെ കളിയാക്കിയവരും
നിന്റെ മരണത്തെ
സെല്‍ഫിയെടുത്ത് ആഘോഷിച്ചവരും കേരളത്തിലാണെന്ന് അറിയുമ്പോള്‍ അറിയാതെ ശിരസ് കുനിഞ്ഞു പോകുന്നു.

വെട്ടും കുത്തുമായി കേരളം കുതിക്കുമ്പോള്‍ വിശപ്പിന്റെ കാര്യം ചര്‍ച്ചയില്‍ പോലും വരുന്നില്ലല്ലോ .
പതിമൂന്ന് കോടി മുതല്‍ പതിനായിരം കോടി വരെയുള്ള തട്ടിപ്പിന്റെ കണക്കിനിടയില്‍ ജീവഛ വമായ മധുമാരുടെ കണക്കെടുക്കാന്‍ ആര്‍ക്കും താല്‍പര്യം കാണില്ല.
മാപ്പ്…