കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്ന് കെ.എം.മാണി

തിരുവനന്തപുരം: കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളണമെന്ന് കെ.എം.മാണി. കര്‍ഷകര്‍ക്ക് പൂര്‍ണമായ നഷ്ടപരിഹാരം ഉറുപ്പാക്കമെന്നും മാണി നിയമസഭയില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍ നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാര്യക്ഷമമായ ഡാം മാനേജ്‌മെന്റ് ഉണ്ടായില്ല. ഡാമുകള്‍ ഒരുമിച്ച് തുറന്നുവിട്ടത് ദുരന്തത്തിനിടയാക്കി. അര്‍ധരാത്രി എന്തിനാണ് മുല്ലപ്പെരിയാര്‍ തുറന്നതെന്നും മാണി സഭയില്‍ ചോദിച്ചു. സര്‍ക്കാര്‍ ജനങ്ങളോട് മാപ്പ് പറയണമെന്നും കെ.എം മാണി ആവശ്യപ്പെട്ടു.

വലിയ നഷ്ടം വരുത്തിവെച്ച പ്രളയമായിരുന്നു നമ്മുടെ സംസ്ഥാനം അഭിമുഖീകരിച്ചത്. എന്നാല്‍ ആശ്വാസമായത് സേനാവിഭാഗങ്ങളുടെയും മത്സ്യത്തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും ജനകീയരക്ഷാപ്രവര്‍ത്തനമാണ്. കേരളം ഒറ്റക്കെട്ടായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൈക്കോര്‍ത്തു. പ്രളയക്കെടുതിയില്‍ സംസ്ഥാനത്ത് ഭീമമായ നഷ്ടമാണ് കാര്‍ഷിക മേഖലക്കുണ്ടായത്. അതിനാല്‍ കൃഷിനാശം സംഭവിച്ച എല്ലാ കര്‍ഷകര്‍ക്കും പൂര്‍ണമായ നഷ്ടപരിഹാരം കൊടുക്കുവാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും മാണി പറഞ്ഞു.