കെ.എം മാണിയുടെ മൃതശരീരം പാലായിലെ കരിങ്ങോഴയ്ക്കല്‍ വീട്ടില്‍ എത്തിച്ചു

പാലാ: കെ.എം മാണിയുടെ മൃതശരീരം പാലായിലെ കരിങ്ങോഴയ്ക്കല്‍ വീട്ടില്‍ എത്തിയത് രാവിലെ 7.10ന്. ഇപ്പോള്‍ പൊതുദര്‍ശനം നടക്കുന്ന കൊട്ടാരമറ്റം കരിങ്ങോഴയ്ക്കല്‍ വീട്ടിലേക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് എത്തുന്നത്. യുഡിഎഫിന്റെ പ്രമുഖ നേതാക്കളെല്ലാം സ്ഥലത്തുണ്ട്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, നടന്‍ മമ്മൂട്ടി, എം.പി വീരേന്ദ്രകുമാര്‍ അടക്കമുള്ള പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അല്‍പ്പസമയത്തിനകം പാലായിലെത്തും.

ബിഷപ്പ് മാര്‍ മാത്യു മൂലയ്ക്കാട്ടിലിന്റെ നേതൃത്വത്തിലാണ് പ്രാര്‍ത്ഥന ശുശ്രൂഷകള്‍. മാണിയോടുള്ള ആദര സൂചകമായി പാലാ നഗരത്തില്‍ വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. ഇന്ന് ഉച്ചവരെ പാലയില്‍ കരിങ്ങോഴക്കല്‍ വീട്ടില്‍ പൊതുദര്‍ശനം നടക്കും. രണ്ട് മണി മുതല്‍ സംസ്‌കാര ശ്രുശൂഷകള്‍ ആരംഭിക്കും. വൈകിട്ട് മൂന്നിന് പാലാ കത്തീഡ്രല്‍ പള്ളിയിലാണ് സംസ്‌കാരം.

ഇന്നലെ രാത്രി ഏറെ വൈകിയാണ് കെ.എം മാണിയുടെ മൃതദേഹം കോട്ടയം തിരുനക്കര മൈതാനത്ത് എത്തിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെ വിലാപയാത്രയായി എത്തിച്ച മൃതദേഹം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. പ്രിയ നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയ അനിയന്ത്രിതമായ ജനപ്രവാഹം കാരണം നിശ്ചയിച്ചതിലും ഏറെ വൈകിയാണ് വിലാപയാത്ര ഓരോ പോയിന്റും പിന്നിട്ടത്. പതിനായിരങ്ങള്‍ വിലാപയാത്രയില്‍ അണിചേര്‍ന്നു. ഊണും ഉറക്കവും ഒഴിഞ്ഞ് കാത്തിരുന്ന നാനാതുറയില്‍പെട്ട ആളുകള്‍ കെ.എം മാണിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. കേരള കോണ്‍ഗ്രസിന്റെ പിറവിയും പിളര്‍പ്പും അടക്കം കെ.എം മാണിയുടെ രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന തീരുമാനങ്ങള്‍ക്ക് സാക്ഷിയായ കോട്ടയം നഗരവും തിരുനക്കര മൈതാവും അത്രമേല്‍ വൈകാരികമായാണ് മാണിസാറിനെ യാത്രയാക്കിയത്. ഒരു മണിക്കുര്‍ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം കേരള കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തിച്ചു. അവിടെ നിന്ന് മണര്‍കാട്, അയര്‍കുന്നം, കിടങ്ങൂര്‍ വഴി സ്വന്തം തട്ടകമായ പാലായിലേക്ക് അന്ത്യയാത്ര പുറപ്പെട്ടു.

SHARE